കൊച്ചി: കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡ് മുഖം മിനുക്കാനൊരുങ്ങുകയാണ്. ടൂറിസം ലക്ഷ്യം വെച്ച് 500 കോടിയുടെ വികസന പദ്ധതികളാണ് തയ്യാറാവുന്നത്. ടൗൺഷിപ്പ്, ഷോപ്പിങ്മാൾ, മൾട്ടിപ്ലക്സ് തുടങ്ങി വിവിധ വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്നതാണ് പദ്ധതി.
കൊച്ചി തുറമുഖ അതോറിറ്റിക്ക് ബി.ഒ.ടി. പാലത്തിനടുത്തായുള്ള (അലക്സാണ്ടർ പറമ്പിത്തറ പാലം മുതൽ പഴയ ബ്രിഡ്ജ് വരെ)
150 ഏക്കർ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ദേശീയപാത 966 ബി.യുടെ അടുത്തായി വരുന്ന ഈ സ്ഥലത്ത് ആദ്യഘട്ടമെന്ന നിലയിൽ 15 ഏക്കറിലാണ് നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമിട്ടത്. ഹൈലൈറ്റ് ഗ്രൂപ്പ് ഷോപ്പിങ് മാൾ നിർമ്മിക്കാനുള്ള പദ്ധതികൾ ആരംഭിച്ചു.
കൊച്ചി തുറമുഖ അതോറിറ്റിയുടെ സ്ഥലം വിവിധ ഗ്രൂപ്പുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പാട്ടത്തിന് നൽകിയാണ് വികസന പദ്ധതികൾ ഒരുക്കുന്നത്. 30 വർഷത്തെ കരാറിലാണ് മിക്ക പദ്ധതികളും നടപ്പാക്കുന്നത്.
നിലവിൽ കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ വസ്ത്ര ബ്രാൻഡുകൾ, കഫെ, റസ്റ്ററന്റ് തുടങ്ങിയവ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിൽ അന്താരാഷ്ട്ര ബ്രാൻഡായ സ്റ്റാർബക്സും ഉൾപ്പെടും. മറ്റ് വിവിധ പദ്ധതികളുടെ പ്രവൃത്തികൾ
പുരോഗമിക്കുന്നു. ആദ്യഘട്ടം യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ നിക്ഷേപ സാദ്ധ്യതകളും വില്ലിങ്ടൺ ഐലൻഡിലെ ബിസിനസ് ഡിസ്ട്രിക്ടിനെ തേടിയെത്തുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ നിർമ്മാണം പൂർണ്ണതോതിലെത്തുന്നതോടെ വില്ലിങ്ടൺ ഐലൻഡ് മാത്രമല്ല, ഇതിനോട് ചേർന്ന് കിടക്കുന്ന സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും വികസനത്തിൻ്റെ ഗുണഭോക്താക്കളാവും. നിലവിൽ ആഭ്യന്തര-അന്താരാഷ്ട്ര സഞ്ചാരികൾ ഏറ്റവും കൂടുതൽഎത്തുന്നതും എറണാകുളം ജില്ലയിലായതുകൊണ്ട് തന്നെ പുതിയ സൗകര്യങ്ങൾ ഒരുങ്ങുന്നത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സഹായകമാകും.