കൊച്ചി: സംസ്ഥാനത്തെ കായലിന് കുറുകേയുള്ള എറ്റവും വലിയ പാലത്തിലൂടെ ഈ വർഷാവസാനം യാത്ര പോകാനാകും. യാഥാര്‍ത്ഥ്യമാകുന്നത് ആലപ്പുഴ പെരുമ്പളം ദ്വീപിലേക്കുള്ള പാലം. ദ്വീപ് നിവാസികളുടെ വർഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് ഇതോടെ പരിഹാരമാകുക. വെള്ളത്തിലൂടെ വള്ളങ്ങളിലും ജങ്കാറിലും ബോട്ടിലും മാത്രമായി സഞ്ചരിച്ചിരുന്നവർക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യാം.
നാലുവശവും വേമ്പനാട് കായലിനോട് ചുറ്റപ്പെട്ടു കിടക്കുന്ന പെരുമ്പളം ദ്വീപ് ആലപ്പുഴ ജില്ലയിലാണെങ്കിലും എറണാകുളം ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ഇടമാണ്. ദേശീയ ജലപാതയ്ക്ക് കുറുകയാണ് പെരുമ്പളം – പാണാവള്ളി പാലത്തിൻ്റെ സ്ഥാനം. മറുകരയായ വടുതലയുമായി ബന്ധിപ്പിക്കുന്നു.1150 മീറ്റര്‍ നീളം. വേമ്പനാട്ട് കായലിന് കുറുകേയുള്ള ഏറ്റവും വലിയ പാലം കിഫ്ബി അനുവദിച്ച 100 കോടി രൂപ ചെലവിൽ നിര്‍മ്മാണം പൂർത്തിയാക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ്. ദേശീയ ജലപാത പ്രദേശമായതിനാൽ കപ്പലുകൾ കടന്നു പോകേണ്ടതിനാൽ കായലിന്റെ മധ്യഭാഗത്ത് പാലത്തിൽ നിർമ്മിച്ചിട്ടുള്ള ആർച്ച് പ്രത്യേക ആകർഷണമാണ്. മധ്യഭാഗത്തായി മൂന്നു ആർച്ച് ബീമുകളാണു വരുന്നത്. എഴുപതുശതമാനത്തിലധികം പണികളും പൂര്‍ത്തിയായ പാലം ഈ വര്‍ഷം അവസാനം തുറന്നുകൊടുക്കും.
പാലം തുടങ്ങുന്ന അരൂക്കുറ്റി വില്ലേജിലെ വടുതല ജെട്ടി ഭാഗത്ത് 79 സെന്റ് സ്ഥലവും അവസാനിക്കുന്ന പെരുമ്പളം ഭാഗത്ത് 189 സെന്റ് സ്ഥലവുമാണ് ഏറ്റെടുത്ത് വികസിപ്പിക്കുന്നത്.
പാലം തുറക്കപ്പെടുന്നത് ഈ ചെറുദ്വീപിൻ്റെയും സമീപപ്രദേശങ്ങളുടേയും വലിയ ടൂറിസം സാദ്ധ്യതകളിലേക്കു കൂടിയാണ്. വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായി മാറാൻ ദ്വീപല്ലാതായി മാറുന്ന പെരുമ്പളത്തിന് അധികനാള്‍ വേണ്ടിവരില്ല.