മലയാളഭാഷയ്ക്ക് , എന്തുകൊണ്ടും, വേണ്ടപ്പെട്ടവന്‍

Date:

അന്തരിച്ച കെ.കെ.ഹിരണ്യനെ കുറിച്ച് എഴുത്തുകാരിയും മാധ്യമ പ്രവർർത്തകയുമായ സരിത മോഹനൻ ഭാമ ഫേസ്ബുക്കിൽ പങ്കു വെച്ച അനുസ്മരണ കുറിപ്പ്

നിയനേട്ടന്‍ എന്ന വൈരുദ്ധ്യാത്മകമായ വിളിപ്പേരുള്ള കെ കെ ഹിരണ്യൻ എന്നേയ്ക്കുമായി ഉറക്കമായി. ” ഉറങ്ങാന്‍ കഴിയുന്നില്ല, മനസ്സ്‌ സ്വസ്ഥമാവുന്നില്ല,” എന്നൊക്കെയാണല്ലോ ഏറ്റവും ഒടുക്കം സംസാരിക്കുമ്പോള്‍ പറഞ്ഞത്‌.

കവിയായിരുന്നു . നിരൂപകന്‍ ആയിരുന്നു . കോളജ് അധ്യാപകന്‍ ആയിരുന്നു. മലയാളഭാഷയ്ക്ക് , എന്തുകൊണ്ടും, വേണ്ടപ്പെട്ടവന്‍ ആയിരുന്നു.

അന്തരിച്ച കഥാകൃത്ത് ഗീതഹിരണ്യൻ ആയിരുന്നു ജീവിതസഖി. (എനിക്ക് രക്തവശാല്‍ ചിറ്റയും , സ്നേഹവശാല്‍ ചേച്ചിയും ആയിരുന്നു ഗീതചേച്ചി.)

മാതൃഭൂമിയില്‍ കവിത വന്ന ഹിരണ്യനും കഥ വന്ന ഗീതയും തമ്മില്‍ ആദ്യം തപാല്‍ സുഹൃത്തുക്കള്‍ ആയി. പിന്നീട് നേരില്‍ കണ്ടു. അങ്ങിനെ അദ്ദേഹം ഞങ്ങളുടെ ഗീതചേച്ചിയുടെ ചെറുകഥയിലെ ഒരേയൊരു
“ദീര്‍ഘോപാ0ഗ”നായി.

ഗീതച്ചേച്ചിയെ കാന്‍സര്‍ കവര്‍ന്നു കൊണ്ടു പോയശേഷം , ഹിരണ്യന്‍ചേട്ടൻ , ഒ എന്‍ വി യുടെ വാക്കുകളില്‍ പറഞ്ഞാൽ “തുഴക്കോല്‍ പോയ തോണി ” പോലെയായിരുന്നു. എഴുത്തും പ്രഭാഷണവും കുറഞ്ഞു.

പിന്നീട്, എഴുത്തുകാരും വായനപ്രിയരു മടങ്ങുന്ന വലിയ സമൂഹമായി കുടുംബം. ആ കുടുംബത്തിന്റെ എല്ലാ കൈവഴികളിലും അദ്ദേഹം സഞ്ചരിച്ചു വര്‍ത്തമാനങ്ങള് കൈമാറിക്കൊണ്ടിരുന്നു.
തൃശൂര്‍ സാഹിത്യ അക്കാദമി ഹിരണ്യന്‍ ചേട്ടന്റെ പരദേവതയെന്നപോലെ ആയി.

മലയാളഭാഷയിലെ എഴുത്തുകാര്‍ , പ്രഭാഷണങ്ങള്‍, രചനകൾ, കഥാപാത്രങ്ങള്‍, സൂചകങ്ങള്‍ എന്നിവയെ ക്കുറിച്ച് ഒരു റെഡിറെക്ക്ര്‍ ആയിരുന്നു അദ്ദേഹം. തീയതികളും സംഭവങ്ങളും മന:പാഠമായിരുന്നു.

അദ്ദേഹത്തിന്റെ മാറ്റം പ്രകടമായിരുന്നു. അന്തര്‍മുഖനും ഗൗരവക്കാരനും രചനാബദ്ധനുമായ ഹിരണ്യന്‍ പൊടുന്നനെ ധാരാളം വര്‍ത്തമാനം പറയുന്ന, ഉറക്കെ ചിരിക്കുന്ന ഒരാളായി മാറി.
പണ്ട്‌ ഗീതചേച്ചി ആയിരുന്നു നിറയെ ചിരി തമാശകളുള്ളയാള്‍ . എല്ലാ അനിയത്തി മാരോടും അടുപ്പമുള്ള ആള്‍ .
ഹിരണ്യന്‍ചേട്ടന്‍ എന്ത് മാത്രം ആ സാന്നിദ്ധ്യം മിസ് ചെയ്തിരിക്കണം , പൊയ്പോയ കൂട്ടുകാരിയുടെ വ്യക്തിത്വം തന്നെ എടുത്തണിയാന്‍ !

അതിനിടയിലും മോളെയും മോനെയും തനിയെ വളര്‍ത്തി പഠിപ്പിച്ചു മിടുക്കരാക്കി. ഡോ ഉമ dentist ആണ്. ആനന്ദകൃഷ്ണൻ എഞ്ചിനീയരും .ഡിപ്രഷന്‍ വിഴുങ്ങാനെത്തുമ്പോൾ
കൈപിടിച്ച് അചഞ്ചലമായി ഒപ്പം നില്‍ക്കുന്ന ഏതാനും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഗുരുവായൂരില്‍ വച്ച് മകള്‍ മണിക്കുട്ടിയുടെ (ഉമ) വിവാഹം നടത്തുമ്പോള്‍, രണ്ടു ദിവസം കൂടെ നിന്ന് കാരണവരെ പ്പോലെ എല്ലാം മംഗളകരമാക്കാന്‍ , എല്ലാ തിരക്കുകളും ഉപേക്ഷിച്ച്, ബാലചന്ദ്രന്‍ ചുള്ളിക്കാട് കൂടെത്തന്നെ നിന്നു.

22 വര്‍ഷങ്ങളായി കൂട്ടുകാരി പോയിട്ട്. എന്നാലും, രോഗശയ്യയിലും ,
അദ്ദേഹത്തിന്റെ മനസ്സ് വായനയുടെയും എഴുത്തിന്റെയും സ്നേഹത്തിന്റെയും
ആ വസന്തശാഖികളില്‍ തന്നെ ആയിരുന്നു എന്ന് വേണം അനുമാനിക്കാന്‍ . ആ സ്മൃതിപടലത്തില്‍ നിന്ന് വര്‍ത്തമാനകാലം പാടെ കൊഴിഞ്ഞു പോയിരുന്നു.

എന്റെ മുമ്പില്‍ കഥാകൃത്ത് ടി ആര്‍ നെ ക്കുറിച്ച് ഹിരണ്യന്‍ ചേട്ടൻ മാധ്യമം വീക്കിലി യില്‍ എഴുതിയ ലേഖനം തുറന്നിരിക്കുന്നു. അതിൽ, കര്‍ക്കിടകത്തിലെ കാളമേഘങ്ങള് പ്രിയപ്പെട്ടവരെ കവര്‍ന്നു കൊണ്ട് പോകുന്നതിനെപ്പറ്റി പരാതി പറയുന്നുണ്ട് അദ്ദേഹം.
അതേ കര്‍ക്കിടകത്തിന്റെ കാര്‍മേഘത്തിലാണല്ലോ , അവനവനു പോവാനുള്ള തീയതിയും ഹിരണ്യന്‍ചേട്ടൻ കുറിച്ചത്.

“ഇനിയും തുടരൂ, സഞ്ജയാ , കഥകളുടെ
സഞ്ചിയഴിയ്ക്കൂ, തുടരൂ” ഹിരണ്യന്‍ ചേട്ടന്റെ ഒരു കവിത ഉദ്ധരിച്ച് കൊണ്ട്‌, ഗീതച്ചേച്ചിഅദ്ദേഹത്തോട്, ചിരിയോടെ, പറയുന്നത് കേട്ടിട്ടുണ്ട് പണ്ട്‌.
കഥാകൃത്ത് കൂടിയായിരുന്ന ആ കൂട്ടുകാരി ഇപ്പോഴും അത് പറഞ്ഞിരിക്കുമോ! വിളിച്ചിരിക്കുമോ?

ആദരം, വിട, നമസ്ക്കാരം, അനിയേട്ടന്‍ എന്ന ജ്യേഷ്ഠന്.

സരിത മോഹനന്‍ ഭാമ
17 ജുലൈ, 2024.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...