മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം ഈ മാസം 25 ന് പുറത്തുവിടും. സംസ്ഥാനത്തെ വിവരാവകാശ നിയമ ചരിത്രത്തിൽ നിർണ്ണായകമായ ഉത്തരവാണ് കമ്മിഷന്റേത്. സ്വകാര്യത ലംഘിക്കാതെ വിവരങ്ങൾ നൽകാനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീമിന്റെ ഉത്തരവ്.
2017ൽ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിൻ്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ രൂപീകരിച്ചത്. 2019 ഡിസംബറിൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിനിമാ മേഖലയിലെ വനിതാ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ്, റിപ്പോർട്ട് പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് വെളിപ്പെടുത്തുന്നതിനുപകരം കമ്മിഷൻ്റെ ശുപാർശകൾ പഠിക്കാൻ സർക്കാർ മറ്റൊരു കമ്മിറ്റി രൂപീകരിക്കാൻ ശ്രമിക്കുകയാണുണ്ടായത്.
അതേസമയം, 2019 ഡിസംബർ 31നു സർക്കാരിനു റിപ്പോർട്ട് കൈമാറിയതിന് പിന്നാലെ തന്നെ ഇതേ ആവശ്യം ഉന്നയിച്ച് വിവരാവകാശ കമ്മിഷൻ മുൻപാകെ അന്ന് അപ്പീൽ എത്തിയിരുന്നു. എന്നാൽ 2020 ഫെബ്രുവരിയിൽ കമ്മിഷൻ തന്നെ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം തള്ളുകയും ചെയ്തു. സ്വകാര്യതയും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നവരുടെ
തൊഴിൽനഷ്ടവും സുരക്ഷയും ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ ഉത്തരവ്. അന്നത്തെ സാഹചര്യമാണ് ആ വിധിക്കു കാരണമെന്നും കാലത്തിനു പാകമാകുന്നതിനനുസരിച്ച് കമ്മീഷൻ
ഉത്തരവുകളിൽ മാറ്റം വരുമെന്നും ഇപ്പോഴത്തെ ഉത്തരവിൽ പരാമർശിക്കുന്നുമുണ്ട്.
സ്വകാര്യത ലംഘിക്കാതെ വിവരങ്ങൾ നൽകാനാണ് വിവരാവകാശ കമ്മീഷൻ ഉത്തരവ് എന്നതുകൊണ്ട് തന്നെ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമ്പോൾ നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികൾ പൂർണ്ണമായും ഒഴിവാക്കാനാണ് സാദ്ധ്യത. വനിതാ സിനിമാ പ്രവർത്തകർക്ക സെറ്റുകളിലും മറ്റു സ്ഥലങ്ങളിലുമുണ്ടായ ദുരനുഭവങ്ങളാണ് മൊഴികളിൽ ഭൂരിഭാഗവും. ഇവ അനുബന്ധമായാണു റിപ്പോർട്ടിലുള്ളത്. ഫോട്ടോകളും മറ്റും ഉൾപ്പെടെ ഒട്ടേറെ തെളിവുകളും രേഖകളും ഇതിന്റെ ഭാഗമായി ഉണ്ടെന്നും അറിയുന്നു. ചില പേജുകളും ഖണ്ഡികകളും നീക്കാൻ കമ്മിഷൻ തന്നെ ഉത്തരവിൽ നിർദ്ദേശിച്ചത് ഈ സാഹചര്യത്തിലാണ്.
സാംസ്കാരിക വകുപ്പ് നീക്കുന്ന ഭാഗങ്ങൾ ഏതൊക്കെയാണെന്ന് അപ്പീലും പരാതിയും നൽകിയ 5 പേരെയും നോട്ടിസ് മുഖേന അറിയിക്കണമെന്ന് ഉത്തരവിലുള്ളതാണ് റിപ്പോർട്ട് പുറത്തുവരുന്നത് അറിയാൻ കാത്തിരിക്കുന്നവരുടെ ഏക ആശ്വാസവും സിനിമാ മേഖലയുടെ അങ്കലാപ്പും.