മികച്ച നടൻ മമ്മൂട്ടിയോ പൃഥിരാജോ ?
തിരുവനന്തപുരം : കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഓഗസ്റ്റ് 16ന് സാംസ്കാരിക മന്ത്രി പ്രഖ്യാപിക്കുംമെന്ന് സൂചന. അവാർഡിന് മത്സരിക്കുന്ന ചിത്രങ്ങളുടെ സ്‌ക്രീനിംഗ് പൂർത്തിയായി. അവാർഡ് നിർണയം അന്തിമ ഘട്ടത്തിൽ ആണ്.
ബ്ലെസിയുടെ ‘ആട് ജീവിതം’, ജിയോ ബേബിയുടെ ‘കാതൽ’, ജൂഡ് ആന്തണി ജോസഫിന്റെ ‘2018’, ക്രിസ്റ്റോ ടോമിയുടെ ‘ഉള്ളൊഴുക്ക്’ എന്നീ സിനിമകളിൽ ഏതെങ്കിലും ഇത്തവണ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടുമോ?അതോ റിലീസ് ചെയ്യാത്ത മറ്റേതെങ്കിലും മികച്ച ചിത്രത്തിന് ആയിരിക്കുമോ പുരസ്കാര ഭാഗ്യം. വൈകാതെ നമുക്ക് അറിയാം. ആദ്യ റൗണ്ടിൽ പ്രാഥമിക ജൂറികൾ തഴഞ്ഞ ചിത്രങ്ങളിൽ ചിലത് അന്തിമ ജൂറി വീണ്ടും കണ്ടു എന്നാണ് സൂചന. അന്തിമ ജൂറി മികച്ചതെന്നു കണ്ടെത്തുന്ന പത്തോളം സിനിമകൾക്കാണ് സാധാരണ പ്രധാന അവാർഡുകൾ എല്ലാം ലഭിക്കുക. ‘ആട് ജീവിതം’, ‘കാതൽ’,’ 2018′, ‘ഉള്ളൊഴുക്ക്’ എന്നിവ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ ആണ്.
ആട് ജീവിതത്തിൽ നജീബിന്റെ വേഷമിട്ട പൃഥ്വിരാജും കാതലിൽ മാത്യുവും കണ്ണൂർ സ്‌ക്വാഡിൽ പോലിസ് ഓഫിസർ ജോർജും ആയി വേഷമിട്ട മമ്മൂട്ടിയും മികച്ച നടനുള്ള പുരസ്കാരം നേടുമോ എന്ന് ആരാധകർ ഉറ്റു നോക്കുന്നു. കഴിഞ്ഞ വർഷം മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിക്ക് ആയിരുന്നു. ചിത്രം ‘നൻപകൽ നേരത്ത് മയക്കം’.തുടർച്ചയായി രണ്ടാം വർഷവും ഈ പുരസ്കാരം അദ്ദേഹത്തെ തേടി എത്തുമോ എന്ന് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഉള്ളൊഴുക്കിൽ പാർവതി, ഉർവശി എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. കല്യാണി പ്രിയദർശന്റെയും ജ്യോതികയുടെയും ശ്രദ്ധേയ സിനിമകളും മത്സരിക്കുന്നുണ്ട്.
മത്സരത്തിനുള്ള 160 ചിത്രങ്ങളിൽ ഭൂരിപക്ഷവും റിലീസ് ചെയ്തിട്ടില്ല. മികച്ച ചില ചിത്രങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ട്. മികച്ച ചില അഭിനയ മുഹൂർത്തങ്ങളും പ്രകടനങ്ങളും കലാ,സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളും ഇത്തരം ചിത്രങ്ങളിൽ ഉണ്ട്. ഇവയ്ക്ക് അവാർഡുകൾ ലഭിക്കാം. അപ്രതീക്ഷിത പുരസ്കാരങ്ങൾ എല്ലാ വർഷവും സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേകത ആണ്. ഇത്തവണയും അത് ഉണ്ടാകാം. ചുരുക്കത്തിൽ സംവിധായകൻ സുധീർ മിശ്ര ചെയർമാൻ ആയ ജൂറിക്ക് അവാർഡ് പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ അല്പം ബുദ്ധിമുട്ടേണ്ടി വരും. ഏതെങ്കിലും ചിത്രത്തെ തഴഞ്ഞു മറ്റൊരു ചിത്രത്തിന് നൽകിയാൽ എന്തു കൊണ്ട് അവാർഡ് കൊടുത്തു എന്നും ന്യായീകരിക്കേണ്ടി വരും. അതിനാൽ ചില അവാർഡുകൾ തുല്യമായി വീതിച്ചു നൽകാനും സാധ്യത ഉണ്ട്.
പലപ്പോഴും മാധ്യമങ്ങൾ പ്രവചിക്കുന്ന പോലെ ആയിരിക്കില്ല ജൂറിയിലെ ചർച്ചകൾ നടക്കുക. മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്ന ചില സിനിമകൾ അവസാന പത്തിൽ പോലും വരാറില്ല. ഇത് എല്ലാ വർഷവും അവാർഡ് പ്രഖ്യാപനം കഴിയുമ്പോൾ ജൂറി അംഗങ്ങൾ ചൂണ്ടിക്കാട്ടാറുണ്ട്. ഈ അനിശ്ചിതത്വം ആണ് സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേകത. മോഹൻലാലിന്റെ ‘നേര്’, സുരേഷ് ഗോപിയുടെ ‘ ഗരുഡൻ’ എന്നീ ഹിറ്റ് ചിത്രങ്ങൾ ഇത്തവണ മത്സര രംഗത്ത് ഉണ്ട്. ഫാലിമി, പൂക്കാലം, ശേഷം മൈക്കിൽ ഫാത്തിമ, ഗഗനചാരി, പ്രണയ വിലാസം, കഠിന കഠാരം ഈ അണ്ഡ കടാഹം, നെയ്മർ, ഒറ്റ്, 18 പ്ലസ് തുടങ്ങി 160 ചിത്രങ്ങൾ മത്സരിക്കുന്നു. ഇതിൽ 84 എണ്ണവും സംവിധാനം ചെയ്തത് നവാഗതർ ആണ്. മലയാള സിനിമയിൽ ഇപ്പോൾ നവാഗതരുടെ വസന്ത കാലം ആണ്. ഇത് അവാർഡിലും പ്രതിഫലിക്കാം.