ന്യൂഡൽഹി : തർക്കത്തിലുള്ള 6 പള്ളികൾ യാക്കോബായ വിഭാഗം ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്ന് സുപ്രീം കോടതി. ഭരണച്ചുമതല സംബന്ധിച്ച 2017ലെ വിധി നടപ്പാക്കാതെ യാക്കോബായ വിഭാഗത്തിന്റെ മറ്റു വാദങ്ങൾ കേൾക്കില്ലെന്നും കോടതി.
എറണാകുളം ജില്ലയിൽ മഴുവന്നൂർ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ്, പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ, പാലക്കാട് ജില്ലയിൽ ചെറുകുന്നം സെന്റ് തോമസ്, മംഗലം ഡാം സെന്റ് മേരീസ്, എരിക്കുംചിറ സെന്റ് മേരീസ് തുടങ്ങിയ പള്ളികളാണ് കൈമാറേണ്ടത്. ഇവ കൈമാറിയെന്നു വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്നും വീഴ്ച വരുത്തിയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
1934ലെ ഭരണഘടനയ്ക്ക് അനുസൃതമായി ഈ പള്ളി സെമിത്തേരികളിലും വിവിധ സ്ഥാപനങ്ങളിലും ഒരു വിഭാഗത്തിൽപെട്ടവരെയും വിലക്കില്ലെന്ന് ഓർത്തഡോക്സ് വിഭാഗവും രേഖാമൂലം അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. കോടതിയുടെ അനുമതിയോടെ മാത്രമെ നിയന്ത്രണങ്ങൾ പാടുള്ളൂ.
കേസ് 17 ന് വീണ്ടും പരിഗണിക്കും. ക്രിസ്മസിനു ശേഷം പരിഗണിക്കണമെന്നു യാക്കോബായ വിഭാഗം ആവശ്യപ്പെട്ടപ്പോൾ ഇരുകൂട്ടരും സമാധാനത്തിലും സാഹോദര്യത്തിലും ക്രിസ്മസ് ആഘോഷിക്കുമെന്നു കരുതുന്നതായി കോടതി പറഞ്ഞു. കോടതിയലക്ഷ്യ നടപടികളിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് അനുവദിച്ച ഇളവു തുടരും.