ന്യൂഡല്‍ഹി: വയനാട്ടിൽ ഉരുൾപൊട്ടലിൽ വേദനയനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാൻ പ്രശസ്ത സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,20,000 രൂപ സംഭാവന ചെയ്താണ് അദ്ദേഹം ദൗത്യം നിറവേറ്റിയത്. പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി – ഹ്രസ്വചിത്ര മേളയിലെ(IDSFFK) മികച്ച ഡോക്യുമെന്ററിയായി ആനന്ദ് പട്‌വര്‍ധന്റെ ‘വസുധൈവ കുടുംബകം’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് രണ്ടു ലക്ഷം രൂപയാണ് പുരസ്‌കാരം ലഭിച്ചത്. കൂടാതെ, ചിത്രത്തിന് മികച്ച എഡിറ്റിങ്ങിന് 20,000 രൂപയും ലഭിച്ചിരുന്നു. പുരസ്‌കാരമായി ലഭിച്ച ഈ തുകയാണ് ദുരിതമനുഭവിക്കുന്ന വയനാടിനുള്ള കൈത്താങ്ങായി അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
വയനാട്ടിന് കൈത്താങ്ങാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നും സുമനസുകളുടെ സഹായ പ്രഹാഹം തുടരുന്നു. സമാനതകളില്ലാത്ത ദുരന്തത്തിലൂടെയാണ് വയനാട്ടിലെ ജനങ്ങളും ഒപ്പം കേരളവും കടന്നുപോകുന്നത്. രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ പരിശ്രമങ്ങളും ഊർജ്ജിതമായി നടന്നുവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തെ ചേർത്ത് നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നത് ആശ്വാസവും അഭിനന്ദനീയവുമാകുന്നു.