കോഴിക്കോട്: മകനെ ഇനിയും കണ്ടെത്താനാകാത്തതിൽ ഉള്ളുനീറി കഴിയുകയാണ് ആ അച്ഛനും അമ്മയും. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിൽ ക്ഷമയോടെയും പ്രാർത്ഥനയോടെയും അഞ്ചുദിവസം കാത്തിരുന്നു ആ കുടുംബം, അർജുൻ്റെ ഭാര്യയും സഹോദരിയുമെല്ലാം. ഈ അഞ്ച് രാവും പകലും കടന്നുപോയിട്ടും ഇതുവരെ മണ്ണ് നീക്കാൻ പോലും കഴിയാത്ത രക്ഷാദൗത്യത്തിനെതിരെ അവർ പ്രതികരിച്ചാൽ കുറ്റം പറയുന്നതെങ്ങിനെ!
മകന്റെ തിരിച്ചുവരവിന്കാത്ത് കഴിയുന്ന അർജുന്റെ മാതാപിതാക്കളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന മനോഭാവവുമായി ഇഴഞ്ഞു നീങ്ങുന്ന കർണാടകയിലെ രക്ഷാസംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു പോയാൽ അവരെന്തു ചെയ്യണം?
എല്ലാ മാതാപിതാക്കളും കൊതിക്കുന്നതേ ഇവരും ആഗ്രഹിച്ചുള്ളൂ – ഇന്ന് വൈകീട്ട് കണ്ണാടിക്കലിലെ വീട്ടിലിരുന്ന് ക്ഷമനശിച്ച മനസ്സുമായി അർജുന്റെ പിതാവ് മുലാടിക്കുഴിയിൽ പ്രേമനും മാതാവ് ഷീലയും ഭാര്യ കൃഷ്ണപ്രിയയും സഹോദരി അഞ്ജുവും മാധ്യമങ്ങൾക്ക് മുൻപിൽ വാവിട്ട് കരഞ്ഞതും മറ്റൊരു ദൗത്യസംഘത്തിന്റെ സഹായത്തിന് വേണ്ടിയാണ്. ‘‘ മകൻ ജീവനോടെ ഉണ്ടോയെന്നുപോലും അറിയില്ല. എല്ലാവരും പറയുന്നു സേഫായ വണ്ടിയിലാണുള്ളതെന്ന്. എന്റെ മനസ്സിലെ അവസ്ഥ എന്താണെന്നുപോലും എനിക്കറിയില്ല’’ – അർജുൻ്റെ അമ്മയുടെ വാക്കുകളിൽ പെറ്റ വയറിൻ്റെ വേദനയുണ്ടായിരുന്നു.
പ്രതീക്ഷ മങ്ങാത്ത കണ്ണുമായ് – മകൻ്റെ കുഞ്ഞുമായി അർജുൻ്റെ പിതാവ്
“കർണാടകയിലെ രക്ഷാസംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. മകൻ എവിടെയോ കുടുങ്ങിക്കിടക്കുകയാണെന്ന അവസ്ഥ ഓർക്കുമ്പോൾ പെട്ടെന്ന് ഭയം ഇരട്ടിച്ച് വരും. വിളിച്ചുകൂവുകയോ ആർക്കുകയോ എന്തൊക്കെയോ ചെയ്യുന്നുണ്ടാവും അവൻ. ആരും അറിയുന്നുണ്ടാവില്ല. ആരെങ്കിലും വരുമെന്ന് ബോധം പോകുംവരെ ചിന്തിക്കുന്നുണ്ടാകും. ഉടൻ അവനെ കണ്ടെത്തണം. എല്ലാം ചെയ്യാമെന്നല്ലാതെ ഒന്നും അവിടെ നടക്കുന്നില്ല’’ – ഷീല പറഞ്ഞു. പരാതി നൽകിയിട്ടും മനുഷ്യജീവന് വിലയില്ല. മകനുവേണ്ടിയാണ് അവിടെ മണ്ണെടുക്കാൻ തുടങ്ങിയത്. അതിനുശേഷം മൃതശരീരങ്ങൾ കിട്ടുന്നുണ്ട്. ഒന്നും പുറംലോകം അറിയുന്നില്ല. മകന്റെ വണ്ടി കിട്ടുമ്പോഴേക്കും എത്രപേരെ കിട്ടിയെന്നും പറയണം. എല്ലാവർക്കും നീതികിട്ടണം.
ഞങ്ങൾക്ക് ഭയമുണ്ട്. അവനെ തേടിപ്പോയ മക്കൾക്ക് ഹാനിവരുമോയെന്ന ഭയപ്പാടിലാണ്. വണ്ടിയുടെ ഉടമസ്ഥരെ എസ്.പി വേദനയാക്കിയിരിക്കുകയാണ്. മനസ്സ് കടലായിരിക്കുമ്പോൾ ഭീകരാന്തരീക്ഷമാണ് അവർ സൃഷ്ടിക്കുന്നതെന്നും ഷീല തേങ്ങലോടെ പറഞ്ഞു. ‘‘ഞങ്ങൾക്ക് ഒറ്റ ആവശ്യമേയുള്ളൂ, ഒന്നുകിൽ പട്ടാളത്തെ വിടണം, അല്ലെങ്കിൽ അവിടേക്ക് പോകാൻ ഏറെപേർ സന്നദ്ധരായിട്ടുണ്ട്. അവർക്കുവേണ്ട എല്ലാ ഉപകരണങ്ങളും നൽകാൻ ആളുണ്ട്. അവരെ പോകാൻ അനുവദിക്കണം’’ – രക്ഷാദൗത്യത്തിന്റെ പ്രവർത്തനങ്ങളിൽ നിരാശപൂണ്ട അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് വിലപിച്ചു.