കണ്ണൂർ : പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ബി ജെ പിക്ക് വോട്ട് ലഭിച്ചെന്ന് സമ്മതിച്ച് സി പി എം . പാർട്ടി കോട്ടകളിലെ തിരിച്ചടിയിൽ ആഴത്തിലുള്ള പരിശോധന നടത്താനൊരുങ്ങുകയാണ് പാർട്ടി.
എത്ര വലിയ ഇടതു വിരുദ്ധ കൊടുങ്കാറ്റിലും ഇളകാത്ത അടിയുറച്ച കോട്ടകളിലാണ് തിരിച്ചടിയേറ്റത്. സി പി എമ്മിന് രാജ്യത്ത് ഏറ്റവും ശക്തമായ സംഘടന സംവിധാനമുള്ള കണ്ണൂരിൽ പോലും നേരിട്ടത് കനത്ത പരാജയം. തളിപ്പറമ്പിലും ധർമ്മടത്തും ബി ജെ പി വോട്ട് ഇരട്ടിയാക്കിയത് പാർട്ടിയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുക. കല്യാശ്ശേരിയിലും മട്ടന്നൂരും അണികൾ പോലും കൈയ്യൊഴിഞ്ഞു. ഒടുവിൽ ഇടത് കേന്ദ്രങ്ങളിലെ ബി ജെ പി വളർച്ച സി പി എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പോലും സമ്മതിച്ചു.
തോൽവി ഇഴകീറി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കി. ഇടത് കേന്ദ്രങ്ങളിലേയ്ക്കുള്ള കടന്നുകയറ്റം ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു.
പതിനാറാം തീയതി മുതൽ ചേരുന്ന നേതൃ യോഗങ്ങളിൽ വോട്ട് ചോർച്ചയിൽ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് സിപിഎം .
ഭരണവിരുദ്ധ വികാരത്തിന് അപ്പുറം പാർട്ടി നയസമീപനങ്ങൾ കൂടി തിരിച്ചടിക്ക് കാരണമായോ എന്നും പാർട്ടി പരിശോധിക്കും.