ന്യൂഡൽഹി : അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ദിവസക്കൂലി കേരളത്തില്‍ ദേശീയ ശരാശരിയുടെ ഇരട്ടിയിലും മീതെ. കേരളത്തിന് പുറമെ ഇക്കാര്യത്തിൽ മുന്നിട്ടു നിൽക്കുന്നത് ജമ്മു-കശ്മീരും തമിഴ്നാടുമാണ്, യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കൂലി കൊടുക്കുന്നതിൽ ഏറ്റവും പിന്നിൽ ഇടം നേടിയ സംസ്ഥാനങ്ങൾ മധ്യപ്രദേശും ത്രിപുരയും ഗുജറാത്തും ഉത്തര്‍പ്രദേശുമാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം പുറത്തുവിട്ട ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓണ്‍ ഇന്ത്യന്‍ സ്റ്റേറ്റ്സ് ഫോര്‍ 2023-24 റിപ്പോർട്ടിലാണ് കൂലി കൊടുക്കുന്ന കാര്യത്തില്‍ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വെളിപ്പെടുത്തിയത്. ഗ്രാമീണമേഖലയിലെ പുരുഷ കര്‍ഷകത്തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി കേരളത്തില്‍ 807.2 രൂപയാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതായത് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം. 372.7 രൂപയാണ് ദേശീയ ശരാശരി.
പരണ്ടാംസ്ഥാനത്തുള്ള ജമ്മു-കശ്മീരിലെ ദിവസക്കൂലി 566.1 രൂപയും മൂന്നാമതുള്ള തമിഴ്നാട്ടില്‍ 540.6 രൂപയുമാണ്. അതേസമയം മധ്യപ്രദേശിൽ ശരാശരി ദിവസക്കൂലി 242.2 രൂപ മാത്രമാണ്, ഏറ്റവുംപിന്നില്‍. ഗുജറാത്തിലും സ്ഥിതി ദയനീയമാണ്. 256.1 രൂപയാണ് അവിടത്തെ ദിവസക്കൂലി. പിന്നിൽ നിൽക്കുന്ന ഉത്തര്‍പ്രദേശ് (334.4) ത്രിപുര (337.2) എന്നീ സംസ്ഥാനങ്ങളിലും ദേശീയ ശരാശരിക്കും താഴെ മാത്രമാണ് ദിവസക്കൂലി.
റിപ്പോർട്ട് അടിസ്ഥാനമാക്കി ഗ്രാമീണ നിര്‍മ്മാണമേഖലയില്‍ ജോലിചെയ്യുന്ന പുരുഷന്മാരുടെ ശരാശരി ദിവസവേതനം കേരളത്തില്‍ 893.6 രൂപയാണ്. ജമ്മു-കശ്മീര്‍ (552.2), തമിഴ്നാട് (539.7) സംസ്ഥാനങ്ങൾ തന്നെയാണ് തൊട്ടടുത്ത്. 471.3 രൂപയാണ് ദേശീയ ശരാശരി. മധ്യപ്രദേശ് (292.4), ത്രിപുര (322.2), ഗുജറാത്ത് (344.4) സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിൽ. 2014 -15 വര്‍ഷം കേരളത്തിലെ നിര്‍മ്മാണത്തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി 787.9 രൂപയായിരുന്നു എന്ന് ആര്‍.ബി.ഐ.യുടെ കണക്കില്‍ പറയുന്നു. കേരളത്തിലേക്കും തമിഴ്നാടിലേക്കും അഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികള്‍ ചേക്കേറുന്നതിൻ്റെ രഹസ്യവും മറ്റൊന്നല്ല.