കൊച്ചി: മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘ദേവദുതന്‍’ വീണ്ടും റിലീസിനൊരുങ്ങുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജൂലായ് 26 ന് ചിത്രം പുറത്തിറങ്ങും. റിലീസിന് മുന്നോടിയായുള്ള 4 കെ. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
അത്യപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ് സിനിമയുടെ റീ റിലീസ് എന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു ‘ഫിലിമില്‍ ചിത്രീകരിച്ച സിനിമയാണിത്. 24 വര്‍ഷം കഴിയുമ്പോള്‍ സിനിമ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. മദ്രാസിലെ പല ലാബുകളും ഇന്നില്ല.
എന്നാല്‍, ഇതിന്റെ പ്രിന്റ് ഇപ്പോഴുമുണ്ടെന്നതില്‍ ഒരു ഭാഗ്യത്തിന്റെ അംശമുണ്ട്. ആര്‍ക്കോ ആരോടോ എന്തോ പറയാനുണ്ടെന്നാണ് സിനിമയില്‍ പറയുന്നത് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളോട് ഈ സിനിമയ്ക്ക് എന്തോ പറയാനുണ്ട്’- ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ മോഹന്‍ലാല്‍ പറഞ്ഞു .
സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം മികച്ച 4 കെ ദൃശ്യ മികവിലും ശബ്ദ നിലവാരത്തിലും പുനരവതരിപ്പിക്കുകയാണ്. ചിത്രം പുതിയൊരു സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യുമെന്ന് സംവിധായകന്‍ സിബി മലയിലും പറയുന്നു. റീ മാസ്റ്റേര്‍ഡ്- റീ എഡിറ്റഡ് പതിപ്പാകും തിയേറ്ററുകളില്‍ എത്തുക. പ്രമുഖ കഥാകൃത്ത് രഘുനാഥ് പലേരിയാണ്് സിനിമയുടെ തിരക്കഥാകൃത്ത്.
മോഹന്‍ ലാല്‍ അവതരിപ്പിച്ച വിശാല്‍ കൃഷ്ണമൂര്‍ത്തി, ജയപ്രദയുടെ അലീന, വിനീത് കുമാറിന്റെ മഹോശ്വര്‍ എന്നീ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മനസ്സില്‍ സൂക്ഷിക്കുന്നു. മികച്ച ചിത്രം, മികച്ച കോസ്റ്റിയൂം, മികച്ച സംഗീതം എന്നീ മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയെങ്കിലും ചിത്രം അന്ന് തിയേറ്ററുകളില്‍ വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ല. അടുത്തിടെ ചിത്രം കണ്ട പുതു തലമുറയിലെ പ്രേക്ഷകര്‍ പോലും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പ്രകിടപ്പിച്ചിരുന്നു. കാലം തെറ്റിയിറങ്ങിയ സിനിമ എന്നാണ് ചിത്രത്തെ ചിലരെങ്കിലും വിശേഷിപ്പിച്ചത്.