തിരുവനന്തപുരം: അനധികൃതമായി ജോലിക്കു ഹാജരാകാത്ത 56 ഡോക്ടർമാർക്കതിരേ നടപടിയുമായി ആരോഗ്യവകുപ്പ്. തിരിച്ചു ജോലിക്കു കയറാൻ പലതവണ അവസരം നൽകിയെങ്കിലും അനധികൃത അവധിയിൽ തുടരുകയാണ് ഇവർ.
15 ദിവസത്തിനകം ഹാജരാകാൻ അന്തിമനോട്ടീസ് നൽകും. അതും പാലിച്ചില്ലെങ്കിൽ ഇനിയൊരു അറിയിപ്പില്ലാതെതന്നെ പിരിച്ചുവിടാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
56 പേരും സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരാണ്. 2008 മുതൽ 15 വർഷത്തിലേറെയായി ജോലിക്കെത്താത്ത നിരവധി ഡോക്ടർമാർ ഇക്കൂട്ടത്തിലുണ്ട്. മറ്റുസർക്കാർ ആശുപത്രികളിൽ ജോലിക്ക് എത്താത്തവരുടെ കണക്കും ആരോഗ്യവകുപ്പ് തയ്യാറാക്കി കഴിഞ്ഞു. ഇവർക്കും ഉടൻ നോട്ടീസ് നൽകി ഹാജരായില്ലെങ്കിൽ പിരിച്ചുവിടാനാണ് തീരുമാനം.
ഉന്നതപഠനം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി പലകാരണങ്ങൾ പറഞ്ഞാണ് സർക്കാർ ഡോക്ടർമാർ ഏതാനും വർഷത്തേക്ക് അവധിയെടുക്കുന്നത്. നിശ്ചിതസമയത്തിനുള്ളിൽ ജോലിക്കെത്തിയില്ലെങ്കിൽ നോട്ടീസ് നൽകാറുണ്ട്. ചിലർ ജോലിക്കു കയറും. എന്നാൽ, വീണ്ടും അവധിയെടുക്കും. പലരും നാട്ടിലും വിദേശത്തും ജോലിചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് പിരിച്ചുവിടാൻ നടപടിയാരംഭിച്ചത്.
കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കൊല്ലം, ഇടുക്കി, വയനാട് മെഡിക്കൽ കോളേജുകളിൽനിന്നാണ് 56 ഡോക്ടർമാർ മാറിനിൽക്കുന്നത്. ലക്ചറർ, അസിസ്റ്റന്റ് പ്രൊഫസർമാർ തുടങ്ങിയ തസ്തികകളിൽ ഉള്ളവരാണിവർ.
അനധികൃത അവധിയിൽ കോഴിക്കോട് മെഡിക്കൽ കോളേജാണ് മുന്നിൽ. 13 പേരാണ് ഇവിടെ അവധിയിലുള്ളത്. 56 പേരുടെയും വിശദാംശങ്ങൾ ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തി. അഡീഷണൽ ചീഫ് സെക്രട്ടറിക്കുമുമ്പാകെ എത്താനാണ് ഇവർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഡോക്ടർമാരുൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരാണ് ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറയുന്നു. സർക്കാരാശുപത്രികളിൽ അവധിയെടുത്തുമുങ്ങുന്ന ഡോക്ടർമാർ നൽകിയ അപേക്ഷകൾ പരിശോധിക്കും. പ്രസവാവധിയെടുത്തുവരെ മുങ്ങിയ ഡോക്ടർമാരുണ്ടെന്നാണ് പ്രാഥമിക വിവരം.ഓരോ ആശുപത്രിയിലും ദീർഘകാല അവധിയിലുള്ളവരുടെ വിവരം ശേഖരിച്ച് പ്രസിദ്ധപ്പെടുത്തും. അവധിയിൽപ്പോയ 119 ഡോക്ടർമാരെ നേരത്തേ പിരിച്ചുവിട്ടിരുന്നു.