കോട്ടയം: കേരളത്തിൽ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
എംജി സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. അതിശക്ത മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർകോട്, ജില്ലകളിലും നാളെ വയനാട്, കണ്ണൂർ ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദേവികുളം താലൂക്കിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂർണമായും നിരോധിച്ചു. മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു തുടങ്ങി. നീരൊഴുക്ക് വർദ്ധിച്ചു. ഇപ്പോൾ സംഭരണശേഷിയുടെ 29.80 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്.
പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. മലങ്കര ഡാം തുറന്നു. മൂവാറ്റുപ്പുഴ,തൊടുപുഴ ആറുകളുടെ തീരത്ത് ജാഗ്രതാ നിർദ്ദേശമുണ്ട്. ഇടുക്കി പാംബ്ല ഡാം തുറന്നതിനാൽ പെരിയാറിന്റെ തീരത്തുള്ളവരും ജാഗ്രത നിർദ്ദേശം പാലിക്കണം.