ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ അപകടത്തിൽപ്പെട്ട കാറിൽ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. അപകടം മന:പൂര്‍വ്വം സൃഷ്ടിച്ചതാണോ എന്ന സംശയത്തിലാണിപ്പോൾ പൊലീസ്. ആലടി സ്വദേശി സുരേഷാണ് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
ശനിയാഴ്ച രാത്രി ഇരുവരും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് കാറില്‍ സ്ത്രീ കുടുങ്ങി കിടക്കുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇവരെ പുറത്തെടുത്ത് നാട്ടുകാർ വേഗം കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.
ഭാര്യയെ ഉപേക്ഷിച്ച് സുരേഷ് പോയെന്നാണ് പോലീസ് പറയുന്നത്. സുരേഷും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഭർത്താവ് സുരേഷിൻ്റെ മൊഴി. എന്നാല്‍ മദ്യ ലഹരിയിലുള്ള ഇയാളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടത്തില്‍പ്പെട്ട സ്ത്രീയുടെ മൊഴി രേഖപ്പെടുത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.