തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കപ്പിലിന്റെ ഔദ്യോഗിക സ്വീകരണവും നടക്കും. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫെർണാണ്ടോ കപ്പലിനെ സ്വീകരിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. തുറമുഖമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.
സംസ്ഥാന മന്ത്രിമാർ, അദാനി പോർട്‌സ് സിഇഒ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചടങ്ങിലേക്ക് ക്ഷണമില്ല. ശശി തൂർ എംപി ചടങ്ങിൽ നിന്നും വിട്ടു നിൽക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്നറുകൾ ഇറക്കി സാൻ ഫെർണാണ്ടോ വൈകീട്ടോടെ വിഴിഞ്ഞം തീരം വിടും.
ഇന്നലെ രാവിലെയാണ് സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തിയത്. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. മെർസ്‌കിന്റെ 300 മീറ്റർ നീളമുള്ള സാൻ ഫെർണാണ്ടോ ചരക്കുകപ്പലിന്റെ ബെർത്തിങ് മധുരം വിതരണം ചെയ്‌താണ് ആഘോഷിച്ചത്. ശനിയാഴ്ച മുതൽ കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക് കണ്ടെയ്‌നർ കൊണ്ടുപോകാൻ ഫീഡർ വെസലുകൾ വന്നു തുടങ്ങും. ഇവ കൂടി എത്തുന്നതോടെ ട്രാൻസ്‌ഷിപ്പ്‌മെൻ്റും പൂർത്തിയാകും.