തിരുവനന്തപുരം: ഒടുവിൽ ജോയിയുടെ മൃതദേഹം കണ്ടെത്തി. ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിക്കായുള്ള തിരച്ചിൽ കഴിഞ്ഞ രണ്ട് ദിവസത്തിലധികമായി തുടരുന്നതിനിടയിലാണ്
മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. പൈപ്പിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടെ തന്നെയെന്ന് സ്ഥിരീകരിച്ചു. മൃതശരീരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ഒഴുകിപോകുന്നത് രാവിലെ കണ്ടത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം അടക്കം തിരുവനന്തപുരത്തെത്തി ജോയിക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്നലെ എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.
ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് തിരുവനന്തപുരം നഗരമധ്യത്തിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി മാരായമുട്ടം സ്വദേശി ജോയിയെ (47) കാണാതായത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത തോട്ടിൽ കെട്ടിക്കിടന്ന മാലിന്യം വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു.
മഴയിൽ തോട്ടിലെ ജലനിരപ്പുയരുകയും അടിയൊഴുക്കിനെ തുടർന്ന് കരയ്ക്കുകയറാൻ ശ്രമിക്കുന്നതിനിടയിൽ ജോയി ഒഴുകിപ്പോകുകയായിരുന്നെന്നുമാണ് സുഹൃത്തുകൾ പറഞ്ഞത്. റെയിൽവേ കരാർ നൽകിയതുപ്രകാരമാണ് ജോയി ഉൾപ്പെടെ നാലുപേർ ശുചീകരണത്തിനിറങ്ങിയത്. മാലിന്യം അടിഞ്ഞുകൂടിയ തോട്ടിൽനിന്ന് ടൺ കണക്കിന് മാലിന്യം ഇവർ പുറത്തെത്തിച്ചിരുന്നു.
അതേസമയം, തകരപ്പറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ജോയിയുടേതാണോ എന്ന കാര്യം കുടുംബം എത്തി പരിശോധിച്ചശേഷം മാത്രമെ സ്ഥിരീകരിക്കുമെന്നായിരുന്നു മേയർ ആര്യാ രാജേന്ദ്രന്‍റെ പ്രതികരണം. നഗരസഭയുടെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയതെന്നും കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹമെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു
“തുടർച്ചയായി 48 മണിക്കൂറിലധികമായി പരിശോധന നടന്നു വരികയായിരുന്നു. ജോയിയെ കണ്ടെത്താനാകണം എന്നായിരുന്നു നമ്മുടെ എല്ലാവരുടേയും പ്രതീക്ഷ. തുടർനടപടികൾക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണം നൽകാനാകൂ. നഗരസഭയുടെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. മഴ ശക്തമായ സമയത്ത് പ്രദേശത്ത് നിരീക്ഷണത്തിന് ഒരു ടീമിനെ നിയോഗിച്ചിരുന്നു. നഗരസഭാപരിധിയോട് ചേർന്നൊഴുകുന്ന എല്ലാ വർഡുകളിലും നഗരസഭാ ജീവക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വരുമ്പോഴാണ് മൃതദ്ദേഹം കണ്ടത്. അപ്പോൾ തന്നെ കളക്ടറെ അടക്കമുള്ളവരെ കാര്യം അറിയിച്ചു.” മേയർ പറഞ്ഞു.