കൊച്ചി∙ സാമ്പത്തിക തട്ടിപ്പുകേസിൽ പാലാ എംഎൽഎ മാണി സി.കാപ്പന് തിരിച്ചടി. വഞ്ചനാ കേസിൽ കുറ്റം ചുമത്തുന്നതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ ഈ കേസിൽ വിചാരണ നടപടികൾ ആരംഭിക്കും.
ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. 2010 ൽ മുംബൈ സ്വദേശിയായ ദിനേശ് മേനോനില്‍ നിന്ന് 2 കോടി രൂപ വാങ്ങിയ ശേഷം തിരിച്ചു കൊടുക്കാതെ വഞ്ചിച്ചെന്നാണ് കേസ്.
കേസിൽ കുറ്റം ചുമത്തിയ വിചാരണ കോടതിയുടെ നടപടി വസ്തുതകൾ പരിഗണിക്കാതെയാണ് എന്നായിരുന്നു മാണി സി.കാപ്പൻ്റെ വാദം. ഈ വാദത്തിൽ യാതൊരു കഴമ്പുമില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറും ദിനേശ് മേനോനും നിലപാടെടുത്തത്. 2 കോടി രൂപ കടം വാങ്ങിയശേഷം 25 ലക്ഷം മാത്രം മടക്കി നൽകി മാണി സി.കാപ്പൻ വഞ്ചിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ദിനേശ് മേനോൻ പരാതി നൽകിയത്. ഈ കേസ് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും പിന്നീട് എംപി/എംഎൽഎ പ്രത്യേക കോടതിയിലേക്കും മാറ്റി.
ഈടായി നൽകിയ ചെക്ക് ബാങ്കിൽ സമർപ്പിച്ചെങ്കിലും അസാധുവായി. തുടർന്ന് പലിശ സഹിതം 3.25 കോടി രൂപ നൽകാമെന്ന് 2013 ൽ മാണി സി കാപ്പനുമായി കരാർ ഉണ്ടാക്കി. ശേഷവും ഈടായി നൽകിയ ചെക്കുകൾ മടങ്ങിയെന്നും ഈടായി നൽകിയ വസ്തു ബാങ്കിൽ നേരത്തേ പണയം വച്ചിരുന്നതായിരുന്നെന്നും ദിനേശ് മേനോൻ പരാതിയിൽ ബോധിപ്പിച്ചു. കോട്ടയം ജില്ലയിലെ അയ്മനത്ത് കാപ്പൻ്റെ പേരിലുള്ള 98 സെന്റ് സ്ഥലമാണ് ഈടായി നൽകിയിരുന്നത്. ഇത് കോട്ടയം കാർഷിക സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ ഭൂമിയാണെന്ന് വ്യക്തമായത് പിന്നീടാണ്. ഈ സാഹചര്യത്തിലാണ് താൻ പരാതി നൽകുന്നതെന്ന് ദിനേശ് പറയുന്നു.