ജ്ഞാനപീഠ ജേതാവും പ്രിയ സാഹിത്യകാരനും തിരക്കഥാകൃത്തുമായ എംടിക്ക് പിറന്നാൾ സമ്മാനമായി തിങ്കളാഴ്ച കൊച്ചിയിൽ ഒരുക്കിയയ ‘മനോരഥ’ങ്ങളുടെ ട്രെയ്ലർ ലോഞ്ച് മലയാളത്തിൻ്റെ രണ്ട് മഹാപ്രതിഭകളുടെ മനസ്സറിഞ്ഞുളള സ്നേഹ വായ്പുകളുടെ കൂടി സംഗമ വേദിയായി.
ജന്മദിനാശംസകൾ നേർന്ന്, കേക്ക് മുറിച്ചതിന് ശേഷം എം ടി, മമ്മൂട്ടിയുടെ മാറിലേക്ക് സ്നേഹപുരസ്സരം തല ചായ്ചതും ഗുരുതുല്യമായ ആദരവോടെ മമ്മൂട്ടി തിരിച്ച് ആലിംഗനം ചെയ്തതും പരിപാടിയിൽ പങ്കെടുത്ത ഏവരുടെയും ഹൃദയത്തേക്കൂടി സ്പർശിച്ചു. ഒരു നിമിഷത്തേയ്ക്കെങ്കിലും, വർഷങ്ങൾ നീണ്ട അവരുടെതായ മനോരഥങ്ങൾ ആ മഹാപ്രതിഭകൾ പരസ്പരം പങ്കുവെച്ചതിൻ്റെ അസുലഭക്കാഴ്ചകൾ ക്യാമറയിൽ പകർത്തിയവരെല്ലാം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചത് വൈറലായിരിക്കുകയാണ്.

പൊതുചടങ്ങിന് മുമ്പ് തന്നെ മമ്മൂട്ടി ഭാര്യാസമേതം ജന്മദിന ആശംസകൾ അറിയിക്കാൻ എം ടിയുടെ കുടുംബത്തോടൊപ്പം ഒത്തുചേർന്നിരുന്നു. ദുൽഖർ സൽമാൻ, ഭാര്യ അമാൽ സൂഫിയ എന്നിവരും ചേർന്നുള്ള ആ ഊഷ്മള വേളയിൽ നിന്നുള്ള ഒന്നുരണ്ട് ഫോട്ടോകൾ പങ്കിട്ടുകൊണ്ട് മമ്മൂട്ടി തൻ്റെ ഫേയ്സ്ബുക്ക് പേജിൽ കുറിപ്പുമിട്ടിരുന്നു.

എംടിയോടൊത്തുള്ള ഈ നിമിഷങ്ങളിൽ, വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിൻ്റെ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാനായതിൻ്റെ ഓർമ്മകൾ മമ്മൂട്ടി എന്ന നടൻ്റെ മനോമുകുരങ്ങളിലൂടെ കടന്നുപോയിണ്ടാവണം. പിന്നീടിങ്ങോട്ട് മഹാനടനേക്കുള്ള യാത്രയിൽ എം ടിയുടെ എത്രയെത്ര കഥാപാത്രങ്ങളാണ് മമ്മൂട്ടിക്ക് കൂട്ടായിട്ടെത്തിയത്. എം ടി യുടെ വിവിധ കഥകളെ പുനരവതരിപ്പിക്കുന്ന ‘മനോരഥങ്ങൾ’ എന്ന ചിത്രസഞ്ചയത്തിന്റെയും ഭാഗമാണ് മമ്മൂട്ടി. ആന്തോളജിയിലെ മമ്മൂട്ടി ചിത്രമാണ് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്. എം.ടിയുടെ ആത്മകഥാംശമുള്ള പി കെ വേണുഗോപാല്‍ എന്ന കഥാപാത്രമായി രഞ്ജിത് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നു.
എം.ടിയുടെ തിരക്കഥയിലുള്ള 9 സിനിമകൾ ചേർന്ന ചിത്രസഞ്ചയമാണ് മനോരഥങ്ങള്‍. പ്രിയ എഴുത്തുകാരൻ്റെ 91-ാം പിറന്നാൾ ദിനത്തിൽ നടന്ന താരനിബിഡമായ ചടങ്ങിൽ മലയാള സിനിമാലോകത്തെ പ്രമുഖർ പങ്കെടുത്തു.