കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വിവിധ ഭാഗങ്ങളിൽ ആവർത്തിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. റായ്പൂർ, മധ്യപ്രദേശ്, യുപി, അലിഗഡ്, ലക്നൗ, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ന്യൂനപക്ഷ വിഭാഗങ്ങൾ ആക്രമിക്കപ്പെട്ടു. ക്രിക്കറ്റ് കളി കാണാൻ പോയ മുസ്ലിം യുവാവിനെ പോലും അടിച്ച് കൊല്ലുന്ന സാഹചര്യമുണ്ടായി. അക്രമാസക്തമായ ആൾക്കൂട്ടം കൊന്നുകളഞ്ഞ യുപിയിലെ അലിഗഡിലുള്ള ഫരീദ് ഔറംഗസേബ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായിരുന്നു. യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് ആൾക്കൂട്ടം വടിവാളുകൾ ഉപയോഗിച്ച് ഫരീദിനെ ക്രൂരമായി കൊല ചെയ്തത്. പശ്ചിമ ബംഗാളിൽ മാത്രം രണ്ടാഴ്ചക്കിടെ 12 ആൾക്കൂട്ട ആക്രമണങ്ങളുണ്ടായി. മുസ്‌ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം അക്രമങ്ങളെ സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന് വനിതാ ലീഗ് യോഗം ആവശ്യപ്പെട്ടു.
ഭാവി പ്രവർത്തന പദ്ധതികൾക്ക് യോഗം രൂപം നൽകി. റൈസ് ആന്റ് ത്രൈവ് സംഘടനാ സജ്ജീകരണ ക്യാമ്പയിന്റെ ഭാഗമായി വാർഡ് തലങ്ങളിൽ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുകയും ശേഷം ജില്ലാ സംഗമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബർ ആദ്യ വാരം ബൂത്ത് കമ്മിറ്റികൾ സജ്ജമാക്കും. ബൂത്ത് കമ്മിറ്റികൾക്ക് കീഴിൽ 50 വീടുകൾ ഉൾക്കൊള്ളുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തും. തെക്കൻ ജില്ലകളിൽ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് പ്രത്യേക പാക്കേജ് തയ്യാറാക്കും. ഇതുസംബന്ധമായ യോഗം ജൂലൈ 30ന് ചേരും. ലഹരി ഉപയോഗം, സ്‌ക്രീൻ അഡിക്ഷൻ തുടങ്ങിയ വിപത്തുകൾക്കെതിരെ ഒക്‌ടോബർ 2 മുതൽ ഡിസംബർ 31 വരെ മൂന്ന് മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന യോഗം മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്‌മത്തുള്ള പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു.