ചിത്രം – കടപ്പാട് / ടൈംസ് ഓഫ് ഇന്ത്യ
കൊച്ചി: പ്രിയദർശൻ – മോഹൻലാൽ ചിത്രം ഓളവും തീരവും കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്ന് സീ 5 സിഇഒ പുനീത് ഗോയങ്ക. മനോരഥങ്ങൾ ആന്തോളജി ഏറ്റെടുക്കാനുണ്ടായ കാരണം വ്യക്തമാക്കുന്നതിനിടെയാണ് ചിത്രത്തെക്കുറിച്ചുള്ള പുനീതിൻ്റെ പരാമർശം. കേരളത്തിന്റെ സംസ്‌കാരം ലോകത്തിന് മുന്നില്‍ കാണിക്കാന്‍ എം.ടി സാറിന്റെ കഥകളല്ലാതെ മറ്റൊരു ഓപ്ഷന്‍ നമുക്കില്ലെന്നും പുനീത് വ്യക്തമാക്കി.
മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ റിലീസിനു മുൻപുള്ള ട്രെയിലർ കഴിഞ്ഞ ദിവസം എം.ടിയുടെ പിറന്നാൾ ദിനത്തിലായിരുന്നു. എംടിയുടെ ഒൻപത് ചെറുകഥകളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.
“മലയാളികള്‍ക്ക് സീ5ന്റെ വക ഇത്തവണ നേരത്തെയാണ് ഓണസമ്മാനം. മലയാളത്തിന്റെ സ്വന്തം എം.ടിയുടെ ഒമ്പത് കഥകള്‍ ചേര്‍ന്ന മനോരഥങ്ങള്‍ എന്ന ആന്തോളജി സീരീസിന്റെ രൂപത്തിലാണ് ആ സമ്മാനം. ഈ സീരീസിന്റെ റൈറ്റ്‌സ് ഞങ്ങള്‍ വാങ്ങുന്നതിന് മുമ്പ് പ്രിയദര്‍ശന്‍ സാര്‍ സംവിധാനം ചെയ്ത ഓളവും തീരവും ഞങ്ങള്‍ കണ്ടിരുന്നു. മോഹന്‍ലാല്‍ സാറാണ് അതിലെ നായക കഥാപാത്രം ചെയ്തത്. അത്ഭുതപ്പെട്ടുപോയി. അതാത് നാടുകളിലെ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകള്‍ ലോകത്തിന് മുന്നിലേക്ക് അവതരിപ്പിക്കുക എന്നതാണ് സീ5ന്റെ ലക്ഷ്യം. അത്തരത്തില്‍ കേരളത്തിന്റെ സംസ്‌കാരം ലോകത്തിന് മുന്നില്‍ കാണിക്കാന്‍ എം.ടി സാറിന്റെ കഥകളല്ലാതെ മറ്റൊരു ഓപ്ഷന്‍ നമുക്കില്ല. അതുകൊണ്ടാണ് മനോരഥങ്ങള്‍ ഞങ്ങള്‍ ഏറ്റെടുത്തത്.” ഇന്നലെ നടന്ന ട്രെയ്ലർ ലോഞ്ചിൽ പുനീത് ഗോയങ്ക പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’ എന്ന ചിത്രത്തിന് പുറമെ ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിത’വും സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. എംടിയുടെ ആത്മകഥാംശമുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന ചെറുകഥയെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്നത്.
സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘അഭയം തേടി’ എന്ന ചിത്രത്തിൽ സിദ്ദിഖ് പ്രധാന കഥാപാത്രമായെത്തുന്നു. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ‘ഷെർലക്ക്’ ഒരുക്കുന്നത് മഹേഷ് നാരായണനാണ്. നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സ്വർഗം തുറക്കുന്ന സമയം’ ജയരാജ് സംവിധാനം ചെയ്യുന്നു.
എം ടിയുടെ മകൾ അശ്വതിയും മനോരഥങ്ങളിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’യാണ് അശ്വതി സംവിധാനം ചെയ്യുന്ന ചിത്രം. പാർവ്വതി തിരുവോത്ത് നായികയായെത്തുന്ന ‘കാഴ്ച’ സംവിധാനം ചെയ്യുന്നത് ശ്യാമ പ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കടൽക്കാറ്റി’ൽ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.