ഒരു രാത്രി ഇരുണ്ടു വെളുക്കവെ സൂര്യതാപമേറ്റ് വെന്തുരുകിയ കേരളം മേഘവിസ്ഫോടനത്തിന് കൂടി സാക്ഷ്യമാവുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 9.10 മുതല്‍ 10.10 വരെയുള്ള സമയത്ത് കൊച്ചി സര്‍വ്വകലാശാല മഴമാപിനിയില്‍ 100 മില്ലിമീറ്റര്‍ മഴയാണത്രെ രേഖപ്പെടുത്തിയത്. അടുത്തകാലത്തൊന്നും കാണാത്ത പ്രതിഭാസമാണിത്. കുറഞ്ഞ സമയത്ത് ഇത്രയുമധികം മഴ ലഭിച്ചിരിക്കുന്നത് മേഘവിസ്‌ഫോടനത്തിന്റെ ഫലമാകാമെന്നാണ് അസോ. പ്രഫ. ഡോ എസ്. അഭിലാഷ് അഭിപ്രായപ്പെടുന്നത്
തുടരുന്ന മഴ പെയ്ത്തിൽ കൊച്ചി ഉൾപ്പെടെയുള്ള പല പ്രദേശങ്ങളും ഇപ്പോഴെ വെള്ളക്കെട്ടിലാണ്.
കൂമ്പാര മേഘങ്ങളുടെ സാന്നിധ്യമാണ് ശക്തമായ മഴക്ക് വഴിവെച്ചതെന്ന് പറയുന്നു.14 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മേഘങ്ങളാണിവ.
കാലവർഷത്തിൽ മഴ കുറയാൻ കാരണമാകുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ദുർബലമായതായും എന്നാൽ വൈകാതെ സാധാരണ സ്ഥിതിയിലേക്ക് എത്തുകയും പിന്നീട് നേർവിപരീത പ്രതിഭാസമായ ലാനിനോയിലേക്ക് മാറുകയും ചെയ്യുമെന്നറിയുന്നു. ഇത് കാലവർഷത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.
ലാനിനോയ്ക്കൊപ്പം ഇന്ത്യൻ ഓഷ്യൻ ഡയപോൾ (ഐഒഡി) പ്രതിഭാസം പോസിറ്റീവ് ആകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിന് ചൂടുകൂടുകയും ബംഗാൾ ഉൾക്കടലിന് ചൂട് കുറയുകയും ചെയ്യുന്നതാണ് ഐഒഡി. ഇതും കാലവർഷത്തെ ശക്തമാക്കും.
മണിക്കൂറിൽ പത്തു സെന്റിമീറ്റർ (100 മില്ലിമീറ്റർ) മഴ പെയ്യുന്നതിനെയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ്
മേഘവിസ്ഫോടനമെന്നു പറയുന്നത്. രണ്ടു മണിക്കൂർകൊണ്ട് അഞ്ചു സെന്റിമീറ്റർ (50 മില്ലിമീറ്റർ) മഴയാണെങ്കിൽപോലും കേരളം പോലെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ വലിയ നാശനഷ്ടമുണ്ടാവും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്കു കാരണമാകാം. പശ്ചിമഘട്ടത്തിൽ ഇതു പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും വഴിവെച്ചേക്കും.
മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ ഇനമായ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനമുണ്ടാക്കുന്നത്.
മേഘവിസ്ഫോടനത്തിനു കാരണമാകുന്ന മേഘങ്ങൾക്കു ചില പ്രത്യേകതകളുണ്ട്. ഈർപ്പം നിറഞ്ഞ വായുപ്രവാഹം
ഭൗമോപരിതലത്തിൽനിന്ന് അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും
ചെയ്യുമ്പോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോ നിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ അന്തരീക്ഷത്തിന്റെ അടിത്തട്ടിൽ നിന്നാരംഭിച്ച്15 കിലോമീറ്റർ ഉയരത്തിൽ വരെയെത്താം. കാലാവർഷത്തിൽ വലിയ കാറ്റോടുകൂടി മഴയുണ്ടാകുമ്പോൾ
ഇത്തരം മേഘങ്ങൾ രംഗപ്രവേശം ചെയ്യും.