കല്പറ്റ : മുണ്ടക്കൈ അമ്പേ തകർന്നു എന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ വിലയിരുത്തൽ. മണ്ണിന് അടിയിൽ ഉള്ളവരെ കണ്ടത്തെണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണം. രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി.
മുണ്ടക്കൈയില്‍ ആകെ ഉണ്ടായിരുന്നത് 504 കെട്ടിടങ്ങള്‍. ഇതിൽ 370 വീടുകളും ബാക്കി ഹോം സ്റ്റേകളും എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സുകളും. ഇപ്പോൾ 30 വീടുകൾ മാത്രമാണ് ബാക്കി.
മുണ്ടക്കൈ ഭാഗത്ത് എൻഡിആർഎഫ് രാവിലെ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്ന് മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല വാർഡംഗം (അഞ്ചാം വാർഡ്) രാജു ഹെജമാടി പറഞ്ഞു. പ്രദേശത്തെ മദ്രസ ഹാളിലും റിസോർട്ടിലുമായി 150 ആളുകൾ കുടുങ്ങിക്കിടപ്പുണ്ട്. അവരെ രക്ഷപ്പെടുത്താൻ എയർലിഫ്റ്റ് അല്ലാതെ മറ്റൊരു മാർഗവുമില്ലെന്നാണ് മനസ്സിലാക്കുന്നത്. പുഴയിൽ ജലനിരപ്പ് കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു
വെള്ളവും ഭക്ഷണവും കൂടുതലായി സ്ഥലത്ത് എത്തിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മുണ്ടക്കൈയ്യിൽ റോഡ് സംവിധാനം താറുമാറായതിനാൽ യന്ത്രസാമഗ്രികൾ എത്തിക്കാനാകുന്നില്ല. താൽക്കാലിക പാലത്തിന് വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണ്. റോഡ് ഗതാഗതം പുനഃസ്ഥാപിച്ചതിന് ശേഷം ഹിറ്റാച്ചി പോലുള്ള വാഹനങ്ങൾ എത്തിക്കുമെന്നും യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിന്നീട് മാധ്യമങ്ങളെ കാണും.