കൊച്ചി : കേരളത്തിലെ വിവാഹ സത്കാരങ്ങളിൽ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി. പാരിസ്ഥിതിക ആശങ്കകൾ പങ്കുവെച്ചുകൊണ്ടായിരുന്നു കോടതി നിർദ്ദേശം.
ചെറിയ പ്ലാസ്റ്റിക് കുപ്പികൾ ദോഷം വരുത്തുന്നുണ്ടെന്ന് പറഞ്ഞ കോടതി, ഔദ്യോഗിക പരിപാടികളിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുതെന്നും കൂട്ടിച്ചേർത്തു. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഇല്ലാതാക്കാൻ കർശന നടപടികൾ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
“പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളുടെ നിരോധനം പ്രായോഗികമായി എങ്ങനെ നടപ്പാക്കാൻ കഴിയും?” കോടതി ചോദിച്ചു. 2016 ലെ ഖരമാലിന്യ സംസ്കരണ നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു
മലയോര മേഖലകളിൽ പ്ലാസ്റ്റിക് നിരോധിക്കാനുള്ള നിർദ്ദേശം പരിഗണനയിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 100 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് ലൈസൻസ് ആവശ്യമാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഈ ലൈസൻസുകൾ നൽകാൻ അധികാരമുള്ളത്. “വിവാഹ സത്കാരങ്ങളിൽ അര ലിറ്റർ വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്,” തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പറഞ്ഞു.
റെയിൽവേ ട്രാക്കുകൾ മാലിന്യമുക്തമാക്കാൻ റെയിൽവേ ബാദ്ധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി കോടതി റെയിൽവേയെയും വിമർശിച്ചു. “പൊതുജനങ്ങളോടും നിയമവ്യവസ്ഥയോടുമുള്ള കടമ അത് നിറവേറ്റണം,” കോടതി പറഞ്ഞു. “പാളങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ റെയിൽവേ അനുമതി നൽകരുത്.” തുടർന്ന് മാലിന്യം പൂർണ്ണമായും നീക്കം ചെയ്യാൻ ഹൈക്കോടതി റെയിൽവേയോട് നിർദ്ദേശിച്ചു.