18-ാം ലോക്‌സഭയിലെ പ്രോ ടെം സ്പീക്കര്‍ നിയമനത്തില്‍ കോണ്‍ഗ്രസ് എം.പി. കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് പ്രോടെം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സംഘപരിവാർ പിന്തുടരുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കുന്നവര്‍ക്ക് എന്താണ് ബി.ജെ.പിയുടെ മറുപടിയെന്ന് അദ്ദേഹം ചോദിച്ചു.
സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിട്ടും മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. പാര്‍ലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ്‌വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാര്‍ഷ്ട്യമാണ് ബി.ജെ.പിക്ക്. ഇക്കഴിഞ്ഞ ലോകസഭയില്‍ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വര്‍ഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷകക്ഷിയില്‍പ്പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നിൽ. ബി.ജെ.പി. നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാന്‍ കഴിയൂയെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
എട്ടുതവണ എം.പിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഏഴുതവണ എം.പിയായ ബി.ജെ.പിയുടെ ഭര്‍തൃഹരി മഹ്താബിനെ പ്രോ ടെം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചുവെന്ന് കഴിഞ്ഞദിവസമാണ് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചത്. ആറുതവണ ബി.ജെ.ഡി. ടിക്കറ്റില്‍ കട്ടക്കില്‍ ജയിച്ച ഭര്‍തൃഹരി, ഇത്തവണ ബി.ജെ.പി.യിലേക്ക് കൂറുമാറിയാണ് സ്ഥാനാർത്ഥിയായതും ലോകസഭയിൽ എത്തിയതും.