തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു. വിനോദ് കുമാര്‍ നൽകിയ വിആർഎസ് അപേക്ഷ സർക്കാർ അംഗീകരിച്ചു. സർവ്വീസ് കാലാവധി ഇനിയും ബാക്കി നിൽക്കെയാണ് സ്വയം വിരമിച്ചത്.
അമേരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായി നിയമനം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ജോലി ഉപേക്ഷിച്ചത്. ആദ്യം അവധിക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്.
1992 ബാച്ച് ഉദ്യോഗസ്ഥനായ ടി കെ വിനോദ് കുമാർ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായും സംസ്ഥാന ഇൻ്റലിജൻസ് മേധാവിയായും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ബ്ലൂമിംഗ്ടണിലുള്ള ഇൻഡ്യാന യൂണിവേഴ്‌സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്.
“പൊതു സംഭവങ്ങളും പോലീസ് പ്രതികരണവും: ജനാധിപത്യ ഇന്ത്യയിൽ ക്രമസമാധാനപാലനത്തെ മനസ്സിലാക്കുന്നു” എന്ന പേരിൽ ഒരു പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ ക്രിമിനൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റിൽ അസിസ്റ്റൻ്റ് പ്രൊഫസറായും വിനോദ് കുമാർ കുറച്ചുകാലം പ്രവർത്തിച്ചിട്ടുണ്ട്.