തിരുവനന്തപുരം: ഞായറാഴ്ച അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ അരോമ മണിക്ക വിട നൽകി സിനിമാ ലോകം. 77 വയസ്സിലായിരുന്നു അന്ത്യം.
സുനിത പ്രൊഡക്ഷൻസ്, അരോമ മൂവി ഇൻ്റർനാഷണൽ എന്നീ ബാനറുകളിൽ അറുപതോളം ചിത്രങ്ങൾ മണി നിർമ്മിക്കുകയും പത്തിലധികം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഓഗസ്റ്റ് ഒന്ന്, ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, സൂര്യ ഗായത്രി, ധ്രുവം, കമ്മിഷണര്‍, ജനാധിപത്യം, പല്ലാവൂര്‍ ദേവനാരായണന്‍, പ്രേം പൂജാരി, എഫ് ഐ.ആര്‍, മിസ്റ്റര്‍ ബ്രഹ്മചാരി, ബാലേട്ടന്‍, ദ്രോണ, ആഗസ്റ്റ് 15, തുടങ്ങി മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുടെ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായ മണി ആ ദിവസം, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, എന്റെ കളിത്തോഴന്‍ , ആനയ്ക്കൊരുമ്മ, പച്ചവെളിച്ചം എന്നീ ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ ദേശീയ അവാര്‍ഡും നേടി. മണിയുടെ നിർമ്മാണത്തിൽ 1986 – ൽ പുറത്തുവന്ന മോഹൻലാൽ അഭിനയിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടം’ എന്ന ചിത്രം സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡാണ് കരസ്ഥമാക്കിയത്.
‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന ചിത്രത്തിൽ നിന്ന്
1977- ൽ പുറത്തിറങ്ങിയ, മധു അഭിനയിച്ച ‘ധീര സമീരേ യമുനാ തീരേ’യാണ് മണിയുടെ ആദ്യ നിർമ്മാണ സംരംഭം. 2013- ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ‘ആർട്ടിസ്റ്റ്’ ആയിരുന്നു അദ്ദേഹം അവസാനമായി നിർമ്മിച്ചത്.