ടി.എൽ.എ കേസ്: നഞ്ചിയമ്മ പുതിയ ഇര! ഒപ്പം നിൽക്കാൻ ഇന്നലെ ഒരു കലക്ടർ മൃൺമയി, ഇന്ന് ഡോ.എസ്. ചിത്ര – എന്നിട്ടുമെന്തേ മണ്ണിൻ്റെ മക്കൾക്ക് നീതി നിഷേധം?!

Date:

സതീഷ് മേനോൻ

കോഴിക്കോട്: ഇല്ല, ടി.എൽ.എ കേസിന് നമ്മുടെ നാട്ടിൽ അവസാനമുണ്ടാവില്ല. അത് തുടർന്നുകൊണ്ടേയിരിക്കും – നൽകുന്ന ഭൂമി ആദിവാസികളുടെ കൈവശമിരിക്കണമെന്ന് ഉറപ്പുവരുത്താൻ ത്രാണിയില്ലാത്ത സർക്കാരുകളും തട്ടിയെടുക്കാൻ ഭൂപ്രമാണിമാരും ഒത്താശ ചെയ്യാൻ ഉദ്യോഗസ്ഥവൃന്ദവുമുണ്ടെങ്കിൽ ‘ടി.എൽ.എ ‘ഒരു തുടർക്കഥ തന്നെയാവും.

ടി.എൽ.എ കേസിൽ ഏറ്റവും ഒടുവിലായി ഉയർന്നു കേൾക്കുന്ന പേര്
നഞ്ചിയമ്മയുടെതാണ്. പത്രഭാഷയിൽ പറഞ്ഞാൽ ടി.എൽ.എ കേസിലെ പുതിയ ഇര. എന്നാൽ, നഞ്ചിയമ്മ വെറുമൊരു ആദിവാസി മാത്രമല്ലിന്ന്. നാടറിയുന്ന, ദേശീയ അവാർഡ് നേടിയ മലയാളത്തിൻ്റെ ഗായിക കൂടിയാണ്. നഞ്ചിയമ്മയുടെ ഈ ഔന്നിത്യം ടി.എൽ.എ കേസിന് പുതിയൊരു മാനം നൽകുമെങ്കിൽ അത് ചരിത്രമാകും. സമൂഹവും സർക്കാരും കൂടെ നിന്നാൽ അത് നവീനകാല ഭൂസമരവും!

ഭൂമി അന്യാധീനപ്പെട്ട ടി.എൽ.എ കേസിൽ നഞ്ചിയമ്മക്ക് അനുകൂലമായി തീരുമാനമെടുത്തുവെന്ന് പാലക്കാട് കലക്ടർ ഡോ.എസ്. ചിത്ര പറയുമ്പോഴും അവർക്കുമറിയാം നീതി അകലെയാണെന്ന്. നിയമങ്ങളിലെ പഴുതുകൾ കണ്ടെത്തി വിക്രിയ നടത്താൻ കെൽപ്പുളളവരെ കലക്ടർക്കും നിയമം കൊണ്ടേ നേരിടാനാവുള്ളൂ. ഇതാണ് ഇത്തരക്കാരുടെ അനുഗ്രഹവും.

പാലക്കാട് കലക്ടർ ഡോ. എസ്. ചിത്ര

നഞ്ചിയമ്മയുടെ കേസിൽ കലക്ടറുടെ ഉത്തരവിൻമേൽ, വ്യാജരേഖയുണ്ടാക്കി ഭൂമി കൈയേറിയ കെ.വി മാത്യുവും നിരപ്പത്ത് ജോസഫ് കുര്യനും ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. തുടർ നടപടി സ്വീകരിക്കാൻ കഴിയാതെ കലക്ടർ കുഴങ്ങി.

അട്ടപ്പാടിയിലെ ആദിവാസി മക്കളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കിട്ടണമെന്ന ആവശ്യമാണ് നഞ്ചിയമ്മ കലക്ടർ മുൻപാകെ ഉന്നയിച്ചത്. ഭൂമിക്ക് കള്ള രേഖയുണ്ടാക്കിയവർക്ക് അത് വിട്ടുകൊടുക്കാനാവില്ല. ഏതു സർക്കാർ വന്നാലും ആദിവാസികളുടെ ഭൂമി കൈയേറാൻ ഇനി അനുവദിക്കില്ല. ഭൂമി വിട്ടുകൊടിക്കില്ലെന്നത് തന്റെ ഉത്തരവാദിത്തമാണെന്നും തഹസിൽദാരോട് നഞ്ചിയമ്മ ഉറച്ച ശബ്ദത്തിൽ വ്യക്തമാക്കി. നഞ്ചിയമ്മയുടെ ഭൂമിക്ക് വ്യജരേഖയുണ്ടാക്കിയവർക്ക് നികുതി അടച്ചു നൽകാൻ അഗളി വില്ലേജ് ഓഫിസർക്ക് നിർദ്ദേശം നൽകിയത് അട്ടപ്പാടി ട്രൈബൽ തഹസിൽദാരാണെന്ന കാര്യം കൂടി അറിയുമ്പോൾ ഈ കൂട്ടുകെട്ടിലെ ഉദ്യോഗസ്ഥവൃന്ദത്തിൻ്റെ പങ്കും വെളിവാകും.

നിയമപ്രകാരം ഒറ്റപ്പാലം സബ് കലക്ടറും പാലക്കാട് കലക്ടറും ടി.എൽ.എ കേസിൽ ആദിവാസിക്ക് അനുകൂലമായി ഒരു ഉത്തരവിട്ടാൽ മതി, അവിടം കൊണ്ടെല്ലാം അവസാനിക്കേണ്ടതാണ്. എന്നാൽ ഇവിടെ നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ കൈയേറ്റക്കാർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീലുമായി പോകും. കോടതികളിൽ കയറിയിറങ്ങാനും കേസ് വാദിക്കാനുമായി ആദിവാസികൾക്ക് സ്വന്തമായി വക്കീലിനെ വെക്കാനുള്ള സാമ്പത്തികശേഷിയുണ്ടാവില്ല. സർക്കാർ വെച്ചു കൊടുക്കുന്ന വക്കീലന്മാരാകട്ടെ കോടതികളിൽ വായ തുറന്നില്ലെങ്കിൽ കേസിൽ കൈയേറ്റക്കാർക്ക് അനുകൂലമായി ഉത്തരവ് ലഭിക്കും.

ഇങ്ങനെ കോടതി കയറിയ ടി.എൽ.എ കേസുകൾ ഒട്ടനവധിയാണ് അട്ടപ്പാടിയിലുള്ളത്. രണ്ട് പെൺകുട്ടികൾ മാത്രമുള്ള അഗളിയിലെ ആദിവാസി കുടുംബത്തിന് 10 ഏക്കറിലധികം ഭൂമി കലക്ടർ ഉത്തരവായിട്ടും തിരിച്ചു ലഭ്യമായിട്ടില്ല. ഈ കേസിന്റെ വിചാരണയിൽ മുൻ കലക്ടർ മൃൺമയി ജോഷിയോട് ഭൂമി വേണ്ടെന്നാണ് പെൺകുട്ടികൾ മൊഴി നൽകിയത്. അവരെ ഭയപ്പെടുത്തി കൈയേറ്റക്കാർ ഭൂമി തട്ടിയെടുക്കുകയാണെന്ന് കലക്ടർക്ക് ബോദ്ധ്യമായതോടെ ഉത്തരവ് വന്നത് ആദിവാസി കുടുംബത്തിന് അനുകൂലമായിട്ടായിരുന്നു. എന്നിട്ടും…..

പാലക്കാട് മുൻ കലക്ടർ മൃൺമയി ജോഷി

കേസുകളുടെ വിചാരണ വേളയിൽ തന്നെ ആദിവാസി കുടുബങ്ങളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ ഭൂമി കൈവശമാക്കുന്നതും സർവ്വസാധാരണമാണ്.നിയമസഭയിൽ റവന്യൂ മന്ത്രി കെ.രാജൻ നൽകിയ ഒരു മറുപടി ഇപ്രകാരമായിരുന്നു – 36 ടി.എൽ.എ കേസുകളിൽ അഞ്ച് ഏക്കറിലധികം ഭൂമി അന്യാധീനപ്പെട്ട ആദിവാസികൾക്ക് ഭൂമി തിരിച്ച് പിടിച്ചു നൽകാൻ കലക്ടർ ഉത്തരവായിട്ടുണ്ട്. ശരിയാണ് മന്ത്രീ, ഉത്തരവുകളെയുള്ളൂ. അത് നടപ്പായിയോ എന്ന് താങ്കൾ അന്വേഷിച്ചിരുന്നെങ്കിൽ ഇന്ന് നഞ്ചിയമ്മക്ക് ഈ ഗതി വരില്ലായിരുന്നു
.
അട്ടപ്പാടി തഹസിൽദാർ നടപടി സ്വീകരിക്കില്ലെന്നാണ് നഞ്ചിയമ്മയുടെയും മറ്റ് ആദിവാസികളുടേയും ആരോപണം. വ്യാജരേഖകൾ ചമച്ച് നികുതി അടച്ചു നൽകുന്നതിന് വില്ലേജ് ഓഫിസർമാർക്ക് നിർദ്ദേശം നൽകുന്നത് തഹസിൽദാരാണെന്നും ആക്ഷേപമുണ്ട്. എന്നിട്ടും ഇവർ ആ കസേരയിൽ തുടരുന്നു എങ്കിൽ മന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്നതല്ലേ വാസ്തവം. ഉത്തരവുകൾ ഇറക്കുന്നതില്ല മിടുക്ക്. പ്രാബല്യത്തിൽ വന്ന ഉത്തരവുകൾ കോടതി കയറാതെ നോക്കുന്നതിലാണ് സത്യസന്ധമായ ജനസേവനം. അപ്പോൾ ആദ്യം ഉത്തരവുകൾക്ക് മുൻപെ നിയമനിർമ്മാണം വേണം. കാടിൻ്റെ മക്കളുടെ ഭൂമി നാട്ടിലെ പ്രമാണിമാർ തട്ടിയെടുക്കാതിരിക്കാനുള്ള നിയമം. അതുവരെ വാചകമടിച്ചും വാർത്ത നൽകിയും നമുക്ക് ഈ കള്ളനും പോലീസും കളി തുടരാം.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...