ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ പ്രാദേശിക രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് അനധികൃത കയ്യേറ്റത്തിനും താമസത്തിനും പ്രാദേശിക രാഷ്ട്രീയക്കാർ സംരക്ഷണം ഒരുക്കി. ടൂറിസത്തിന്റെ പേരിൽ കൃത്യമായി സോണുകൾ തിരിക്കാൻ തയ്യാറായില്ലെന്ന് മന്ത്രി പറഞ്ഞു.
അനധികൃത ഖനനവും പ്രാദേശിക ഭരണകൂടങ്ങളുടെ സംരക്ഷണയിലാണ് നടക്കുന്നത്. പരിസ്ഥിതി ലോലപ്രദേശങ്ങളെ കണ്ടെത്താൻ കേന്ദ്രസർക്കാർ ഒരു സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ, സമിതിയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. പരിസ്ഥിതി ലോല പ്രദേശത്തിന് ആ പ്രാധാന്യം നൽകിയില്ല. അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
നേരത്തെ, വയനാട് ദുരന്തത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേരളത്തെ കുറ്റപ്പെടുത്തിയിരുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് രാജ്യസഭയിലാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. കനത്ത മഴകാരണമുള്ള പ്രകൃതിക്ഷോഭ സാധ്യത സംബന്ധിച്ച് കേരളത്തിന് ഏഴുദിവസം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളം മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നാണ് അമിത് ഷാ പറഞ്ഞത്.
അമിത് ഷായുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. കേന്ദ്രകാലവാസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത് അപകടം നടന്ന ദിവസമായ ജൂലൈ 30 ന് രാവിലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുന്നറിയിപ്പ് നൽകിയത് ജൂലൈ 30 ന് അതിരാവിലെയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മേധാവി മൃത്യുഞ്ജയ് മൊഹാപത്രയും സ്ഥിരീകരിച്ചിരുന്നു.