കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ പ്രാതിനിധ്യത്തെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ. സുരേഷ്ഗോപിയേയും ജോർജ് കുര്യനേയും മന്ത്രി സഭയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമെന്നും കേന്ദ്രസർക്കാരിന്റെ ഇപ്രകാരമുള്ള രാഷ്ട്ര നിർമ്മാണയത്നങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
സിറോ മലബാർ സഭക്ക് വേണ്ടി പബ്ലിക് അഫയേഴ്സ് കമ്മിറ്റിയാണ് സുരേഷ്ഗോപിയെയും ജോർജ് കുര്യനെയും മന്ത്രി സഭയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമറിയിച്ചുകൊണ്ട് വാർത്താകുറിപ്പ് ഇറക്കിയിരിക്കുന്നത്.
ഭരണഘടനാ തത്വങ്ങൾ അടിസ്ഥാനമാക്കിയും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും രാഷ്ട്രത്തിന്റെ ബഹുസ്വരതയും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും രാഷ്ട്രത്തെ കൂടുതൽ വികസനത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെയെന്നും സഭ വാർത്താകുറിപ്പിൽ ആശംസിക്കുന്നു.
ഭാരതത്തിന്റെ നവോത്ഥാനത്തിനും സാംസ്കാരിക പുരോഗതിക്കും വിദ്യാഭ്യാസ നേട്ടങ്ങൾക്കും സ്വതന്ത്രപ്രാപ്തിക്കും നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള രാഷ്ട്ര നേതാക്കളുടെ പ്രവർത്തന ശൈലി ഈ സർക്കാരിനും തുടരാൻ സാധിക്കട്ടേയെന്നും സിറോ മലബാർ സഭ വാർത്താ കുറിപ്പ്.