”എന്തൊരു ദുരന്തമാണ് രാജീവ് ചന്ദ്രശേഖർ, വിഷലിപ്തമായ മനസ്സ്”: രൂക്ഷ വിമർശനവുമായി തോമസ് ഐസക്

Date:

തിരുവനന്തപുരം: കുവൈത്ത് തീപ്പിടുത്ത ദുരന്തവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിനെ സംസ്ഥാന സർക്കാർ കുവൈറ്റിലേക്ക് അയയ്ക്കാൻ തീരുമാനിച്ച വിവാദത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്ക്. കുവൈറ്റിലെ ദുരന്തസ്ഥലത്ത് കേരളത്തിലെ ഒരു മന്ത്രി പോകുന്നത് കാഴ്ച കാണാനാണെന്നു പറയുന്ന എത്ര വിഷലിപ്തമായ മനസ്സാണ് രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ളവർക്ക് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു

ആറുലക്ഷം മലയാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് കുവൈറ്റെന്ന് ഓർക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് വേണ്ടത്. സംസ്ഥാനം വേണ്ട കേന്ദ്രം മതിയെന്ന ചിന്താഗതിക്കാരാണ് ബിജെപിക്കാരെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

എന്തൊരു ദുരന്തമാണ് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ? കുവൈറ്റ് ദുരന്തത്തിനുശേഷം അവിടേക്ക് പോകുന്നതിന് കേരളത്തിലെ ആരോഗ്യമന്ത്രിക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ X-ലെ ട്വീറ്റ് ഇതാ- “കുവൈറ്റിലെ പോലുള്ള ദുരന്തങ്ങൾ സിപിഎമ്മിന് കാഴ്ച കാണാനുള്ള അവസരങ്ങളല്ല. മോദി സർക്കാർ ഈ ദുരന്തത്തോട് വേഗത്തിൽ പ്രതികരിച്ചു കഴിഞ്ഞു.”

കുവൈറ്റിലെ ദുരന്തസ്ഥലത്ത് കേരളത്തിലെ ഒരു മന്ത്രി പോകുന്നത് കാഴ്ചകാണാനാണെന്നു പറയുന്ന എത്ര വിഷലിപ്തമായ മനസ്സാണ് രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ളവർക്ക് ഉള്ളത്? അദ്ദേഹം പറയുന്നതുപോലെ മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനുള്ള ഏർപ്പാട് കേന്ദ്ര സർക്കാർ ചെയ്തു. പക്ഷേ, ആ ദുരന്തത്തിൽ തീപ്പൊള്ളലേറ്റും മറ്റും പരിക്കേറ്റ നൂറുകണക്കിന് മലയാളികളുണ്ട്. അവർക്ക് സാന്ത്വനം നൽകുന്നതിനും ദുരന്തനിവാരണ സഹായത്തിനു കുവൈറ്റിലെ മലയാളി സംഘടനകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും കേരളത്തിലെ മന്ത്രിക്ക് ഒരു പങ്കും വഹിക്കാൻ ഇല്ലെന്നാണോ രാജീവ് ചന്ദ്രശേഖർ ചിന്തിക്കുന്നത്?

ആറുലക്ഷം മലയാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് കുവൈറ്റെന്ന് ഓർക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് വേണ്ടത്. സംസ്ഥാനം വേണ്ട കേന്ദ്രം മതിയെന്ന ചിന്താഗതിക്കാരാണ് ബിജെപിക്കാർ. ദീർഘനാൾ കർണ്ണാടകയിൽ ആയിരുന്നതുകൊണ്ടാകാം മലയാളി എന്നൊരു ബോധമില്ലാത്തത്. നമ്മൾ ഇന്ത്യക്കാർ എന്നതുപോലെ തന്നെ മലയാളികളുമാണ്.

ദുരന്തം ഉണ്ടാകുമ്പോൾ കേന്ദ്രസർക്കാർ ആളുകളെ ഒഴിപ്പിക്കാനും മൃതദേഹങ്ങൾ കൊണ്ടുവരാനും ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്ന അവകാശവാദം നിൽക്കട്ടെ. പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും എന്താണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്?

പഴയ ബ്രട്ടീഷ് കുടിയേറ്റ നിയമമാണ് ചേറിയ ഭേദഗതികളോടെ ഇന്നും തുടരുന്നത്. ഇതിനു പകരം കുടിയേറ്റക്കാർക്ക് ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്ന സമഗ്ര കുടിയേറ്റ നിയമത്തിനു രൂപം നൽകാൻ എന്തുകൊണ്ട് പത്ത് വർഷത്തിനിടയിൽ കഴിഞ്ഞില്ല?

എന്തുകൊണ്ട് കേരളത്തിലേക്കുള്ള പ്രവാസികളുടെ വിമാന നിരക്കിലുള്ള വിവേചനം അവസാനിപ്പിക്കുന്നതിന് കഴിയുന്നില്ല?

എമിഗ്രേഷൻ ഫീസ് ഇനത്തിൽ നാളിതുവരെ ശേഖരിച്ചിട്ടുള്ള തുക പ്രവാസിക്ഷേമത്തിന് ഉപയോഗപ്പെടുത്തണമെന്ന ആവശ്യത്തോട് എന്തുകൊണ്ട് മുഖംതിരിഞ്ഞിരിക്കുന്നു?

കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭാ ഉടമ്പടിയിൽ എന്തുകൊണ്ട് ഇന്ത്യാ സർക്കാർ ഒപ്പ് വയ്ക്കുന്നില്ല?

വിദേശനാണയം നേടുന്ന കയറ്റുമതിക്കാർക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് കേന്ദ്ര സർക്കാരുകൾ നൽകുന്നത്. എന്നാൽ അതുപോലെ രാജ്യത്തിന്റെ വിദേശനാണയ വരുമാനത്തിൽ പങ്കുവഹിക്കുന്ന പ്രവാസികൾക്ക് എന്ത് ആനുകൂല്യങ്ങളാണ് കേന്ദ്ര സർക്കാർ നൽകുന്നത്?

ഇതൊന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയങ്ങളല്ല. ബൈബിളിൽ പറയുന്നതുപോലെ എല്ലാത്തിനും ഒരു സമയമുണ്ട് – ചിരിക്കുന്നതിനും കരയുന്നതിനും. ഇപ്പോൾ ദു:ഖത്തിന്റെ നാളുകളാണ്. ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സമാശ്വസിപ്പിക്കുകയും അവർക്ക് കഴിയുന്നത്ര വലിയ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിക്കുകയുമാണ് ഇപ്പോൾ വേണ്ടത്.

സംസ്ഥാന സർക്കാരുകൾക്ക് ദുരന്തനിവാരണത്തിൽ ഒരു റോളുമില്ലെന്ന് പ്രഖ്യാപിക്കുന്ന ബിജെപിക്കാർ നാളെ മുകളിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞേ തീരൂ.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...