(പ്രതീകാത്മക ചിത്രം)
എടക്കാട്: മദ്യലഹരിയിൽ നടാലിൽ അടച്ച റെയിൽവേ ഗേറ്റ് തുറക്കാനാകാതെ ഗേറ്റ് മാൻ. സിഗ്നൽ ലഭ്യമാകാതെ തീവണ്ടികൾ. അടഞ്ഞ ഗേറ്റിന് അപ്പുറവും ഇപ്പുറവും വാഹനങ്ങളുടെ നിര. വെള്ളിയാഴ്ച രാത്രി 8.30-ഓടെയായിരുന്നു നടാൽ റെയിൽവെ ഗേറ്റ് പുതിയ സംഭവവികാസങ്ങൾക്ക് സാക്ഷിയായത്. കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് 20 മിനിട്ടോളം സിഗ്നൽ കിട്ടാതെ പിടിച്ചിട്ടു. മംഗളുരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിൻ്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.
മദ്യപിച്ച ഗേറ്റ്മാൻ സുധീഷിനെ പോലീസ് പരിശോധനയ്ക്കായി കൊണ്ടുപോയി. പകരം ആളെ വച്ചാണ് തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചത്. ഒരു ‘ഭാഗത്തേക്കുള്ള തീവണ്ടി കടന്നുപോയ ശേഷം താക്കോൽ ഉപയോഗിച്ച് ഗേറ്റ് തുറക്കാനാവാത്ത ഗേറ്റ് മാന്റെ അസ്വാഭാവിക പ്രവൃത്തി കണ്ട് ഗേറ്റിൽ വാഹനവുമായി കാത്തു നിന്നവർ ബഹളംവെച്ചു. ഈ സമയം സിഗ്നൽ കിട്ടാതെ മറ്റൊരു വണ്ടി ഗേറ്റിന് സമീപം നീർത്തിയിട്ടു. നാട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് എടക്കാട് പോലീസ് സ്ഥലത്തെത്തി.
പിന്നീട് റെയിൽവേ സ്റ്റേഷനിൽനിന്ന് മറ്റൊരു ജോലിക്കാരനെ എത്തിച്ചാണ് ഗേറ്റ് സംവിധാനം നിയന്ത്രിച്ചത്. സംഭവത്തിൻ്റെ യഥാർത്ഥ ചിത്രം കണ്ണൂർ റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതരെ അറിയിച്ചിട്ടുണ്ട്. റെയിൽവേ ഗേറ്റുകളിൽ ഇപ്പോൾ വിമുക്തഭടൻമാർ ഉൾപ്പെടെയുള്ളവരെയാണ് കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്.