ഡല്‍ഹി : പാര്‍ലമെന്റംഗമായി പൊന്നാനി എം.പി. അബ്ദു സമദ് സമദാനി ഒപ്പിട്ടത് സാഹിത്യകാരനായ സി.രാധാകൃഷണന്‍ നല്‍കിയ പേന കൊണ്ട്. തിരഞ്ഞെടുപ്പ് പര്യടന വേളയിലാണ് ചമ്രവട്ടത്തെ വീട്ടിലെത്തിയപ്പോള്‍ സി.രാധാകൃഷണന്‍ പേന സമ്മാനിച്ചത്. ഇതു കൊണ്ട് ആദ്യ ഒപ്പിടമെന്ന് സി.രാധാകൃഷണ്ന്‍ ആവശ്യപ്പെട്ടിരുന്നതായും സമദാനി സമൂഹമാധ്യമ പോസ്റ്റില്‍ കുറിച്ചു. ചിത്രങ്ങളും സമദാനി എഫ്.ബി. പോസ്റ്റില്‍ പങ്കു വെച്ചിട്ടുണ്ട്.
അബ്ദു സമദ് സമദാനിയുടെ ഫേസ് ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം.
പാര്‍ലിമെന്റ് ഓഫീസിലെത്തി അംഗത്വത്തിന്റെ രജിസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചു. രജിസ്‌ട്രേഷന്‍ രേഖയില്‍ മലയാളത്തിന്റെ മഹാനായ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ നല്‍കിയ പേന കൊണ്ട് ഒപ്പ് വച്ചു.
തിരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥിപര്യടനത്തിനിടെ, അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ചമ്രവട്ടത്തെ വീട്ടില്‍ പോയപ്പോള്‍ ഏറെ സ്‌നേഹത്തോടെ ഈ പേന പോക്കറ്റില്‍ തിരുകിത്തന്ന്, ഡല്‍ഹിയിലെത്തുമ്പോള്‍ ഇതുകൊണ്ട് ആദ്യത്തെ ഒപ്പ് വെക്കണമെന്ന് പറയുകയുണ്ടായത് ആ സമയം കൂടെയുണ്ടായിരുന്നവര്‍ക്കെല്ലാം ഹൃദയസ്പര്‍ശിയും അഭിമാനകരവുമായ അനുഭവമായിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെ ഇതേക്കുറിച്ചറിഞ്ഞ സഹോദരങ്ങളില്‍ പലരും സന്തോഷം അറിയിച്ചതും ഓര്‍ക്കുന്നു. മലയാളത്തോടൊപ്പം ഇംഗ്ലീഷിലും സാഹിത്യവും ശാസ്ത്രവും ദര്‍ശനവും സമന്വയിപ്പിച്ചുകൊണ്ടുള്ള രചനകള്‍ നിര്‍വ്വഹിച്ച കേരളീയനായ ഒരേയൊരു എഴുത്തുകാരനാണ് സമാദരണീയനായ സി. രാധാകൃഷ്ണന്‍. ആ വലിയ മനസ്സിനും അഗാധ ഹൃദയത്തിനും നമോവാകം!
കേരളത്തിന്റെയും മലയാളത്തിന്റെയും വികാസപരിണാമത്തിന്റെ ചരിത്രത്തില്‍ ശക്തമായ വ്യക്തിമുദ്രകള്‍ പതിപ്പിച്ച തുഞ്ചത്തെഴുത്തച്ഛന്‍, മേല്പത്തൂര്‍, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം, പി.എസ് വാരിയര്‍, വള്ളത്തോള്‍, ഇടശ്ശേരി, ഉറൂബ്, കുട്ടികൃഷ്ണ മാരാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍, അക്കിത്തം, ആനക്കര കോയക്കുട്ടി മുസ്ലിയാര്‍, വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി, പൂമുള്ളി മന ആറാം തമ്പുരാന്‍, വി.ടി ഭട്ടതിരിപ്പാട്, എം.ഗോവിന്ദന്‍ എന്നീ യശശ്ശരീരരായ മഹാ പ്രതിഭകള്‍ മുതല്‍ നമ്മുടെ കാലത്തിന്റെ മഹാ മനീഷികളായ എം.ടി വാസുദേവന്‍ നായരും സി.രാധാകൃഷ്ണനും വരെയുള്ള ധന്യവ്യക്തിത്വങ്ങളുടെയെല്ലാം ജന്മസ്ഥലങ്ങള്‍ പൊന്നാനി മണ്ഡലത്തിലാണെന്ന മണ്ണിന്റെ മഹത്വം മനസ്സില്‍ വഹിച്ചുകൊണ്ട് അക്ഷരപ്പൊന്ന് വിളയിച്ച ഈ ദേശത്തെയും അവിടത്തെ ജനങ്ങളായ നാട്ടുകാരെയും വീണ്ടും വീണ്ടും ആദരപുരസ്സരം അഭിവാദ്യം ചെയ്തുകൊള്ളട്ടെ.
ReplyForward |