ലഹരി പിടിപ്പിക്കുന്ന വർത്തമാനം 

Date:

ലിജീഷ് കുമാർ ( ഫോട്ടോ: കാഞ്ചന. ആർ )

ചുറ്റും പുകയുന്ന വശ്യഗന്ധങ്ങളുടെ പ്രലോഭനങ്ങളെ കുറിച്ചെഴുതിയ ലിജീഷ് കുമാർ എന്ന എഴുത്തുകാരനെ, സംരംഭകനെ അടുത്തറിയാൻ സഹായിക്കും ഈ അഭിമുഖം

 അർജുൻ ജെ. എൽ.,  സനീറ്റ എസ്.

 ”കഞ്ചാവുണ്ടോ ?” ബുക്ക് സ്റ്റാളിൽ നിന്ന  ചെറുപ്പക്കാരന്റെ സംശയം നിറഞ്ഞ നോട്ടത്തിന്റെ മൂർച്ചയറിഞ്ഞ് ഒന്നുകൂടി വ്യക്തമാക്കി . ”ലിജീഷ് കുമാറിന്റെ ‘കഞ്ചാവ്’ എന്ന ബുക്കുണ്ടോ ?”

 ‘കഞ്ചാവ്’ എന്ന് കേൾക്കുമ്പോൾ ആരും ഒന്ന് സംശയിച്ചേക്കാം.  സംശയിക്കാനൊന്നുമില്ല.  ഇതൊരു പുസ്തകമാണ് ; വായനക്കാരെ മുഴുവൻ ലഹരി പിടിപ്പിച്ച, ലിജീഷ് കുമാറിന്റെ പുസ്തകം.  

പുസ്തകം പോലെതന്നെ  മനോഹരമാണ് ലിജീഷ് കുമാറുമായുള്ള സംഭാഷണവും. 

ലിജീഷ് കുമാർ തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെ വിദ്യാര്ർത്ഥികളോടൊപ്പം ( ഫോട്ടോ അർജുൻ സായി പി.അശോക് )

സൈലം ഗ്രൂപ്പിന്റെ ഡയറക്ടറായും എഴുത്തുകാരനായും  കേരളത്തിന്‌ പരിചിതനാണ് ലിജീഷ് കുമാർ.  ബിസിനസിലും എഴുത്തിലും ഒരേപോലെ സജീവവും ജനകീയവുമായി നിൽക്കുന്നവർ അധികമുണ്ടാകില്ല.  സ്വയം എങ്ങനെ വിശേഷിപ്പിക്കുന്നു ?

ബിസിനസ്‌ സ്ഥാപനമെന്ന രൂപത്തിൽ,  വ്യക്തിപരമായി ഞാൻ സൈലത്തെ  കാണുന്നില്ല.   വിദ്യാഭ്യാസ സ്ഥാപനം എന്ന അർത്ഥത്തിൽ മാത്രമാണ് ഞങ്ങൾ എല്ലാവരും സൈലത്തെ കാണുന്നത്.  കുഞ്ഞുങ്ങളെല്ലാം  ഇങ്ങനെ പിന്നാലെ വരുന്ന സമയത്ത് അതിന്റെ ബിസിനസ്‌ മൂല്യവും കൂടുന്നു എന്നു മാത്രമേ പറയാനാകൂ .  മാനസികമായി,   നമ്മൾ ചെയ്യുന്നത് ഒരു ബിസിനെസ്സ് ആണ് എന്ന തോന്നലുണ്ടാകുമ്പോൾ മാത്രമാണ് ഒരു ക്രിയേറ്റീവ് പേർസണിൽ നിന്ന് കച്ചവടക്കാരനിലേക്ക് ഷിഫ്റ്റ്‌ ചെയ്യപ്പെടുക എന്ന് ഞാൻ വിചാരിക്കുന്നു.

മാനസികമായി ആ തോന്നലെനിക്കില്ലാത്തതുകൊണ്ട് ഞാൻ എന്നെ സ്വയം ക്രീയേറ്റീവ് ആയിരിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ എന്ന് മാത്രമാണ് ഇപ്പോഴും വിശേഷിപ്പിക്കുക.മാത്രമല്ല, സൈലം കേരളത്തിൽ ആരംഭിച്ചിട്ട് ഇത് നാലാമത്തെ വർഷമാണ്.

എന്റെ കഴിഞ്ഞ പത്ത്  – പതിനഞ്ച് വർഷത്തെ ജീവിതത്തിനിടയിൽ നാല് വർഷം മാത്രമാണ് ബിസിനസ്സുമായി ഏറിയും കുറഞ്ഞും ഒരു ബന്ധം ഞാൻ സൂക്ഷിക്കുന്നത്.  അതിന് മുൻപുള്ള ഞാനോ, ഒരുപക്ഷെ, അതിന് ശേഷമുള്ള ഞാനോ അങ്ങനെയൊരു വിലാസത്തിൽ അറിയപ്പെടുന്ന ആളായിരിക്കില്ല.  അതുകൊണ്ട് പൂർണമായും സാഹിത്യത്തിൽ തന്നെ ജീവിച്ചുപോകാൻ കഴിയുന്നുണ്ട്.

ലിജീഷ് കുമാർ

‘കഞ്ചാവ് ‘ ഉൾപ്പെടെ എഴുതിയിട്ടുള്ള പുസ്തകങ്ങളിൽ പലതിലും മലയാളി അധികം കേട്ടിട്ടില്ലാത്ത വിവിധ പുസ്തകങ്ങളെ കുറച്ചും എഴുത്തുകാരെ കുറിച്ചുമൊക്കെ പറയുന്നുണ്ട്.  വായന എങ്ങനെയാണെന്ന് വിശദീകരിക്കാമോ?

കുട്ടിക്കാലം മുതലേ വായിച്ചിരുന്നു.   പഠിച്ചിരുന്നത് ഒരു സർക്കാർ സ്കൂളിലായിരുന്നു.   അക്കാലത്ത് കുറച്ചുകൂടി വായിക്കാനുള്ള സൗകര്യങ്ങളൊക്കെയുണ്ടായിരുന്നു.  ഇന്നെങ്കിൽ, സോഷ്യൽ മീഡിയയും, മൊബൈൽ ഫോണുകളും, വ്യാപകമായ ടി വി കാഴ്ച്ചകളും എല്ലാം വീതിച്ചെടുക്കുന്ന നമ്മളുടെ കുറേ സമയവും സാധ്യതയുമുണ്ട്.

അന്ന്, വലിയ തോതിൽ ടി വി പ്രചാരത്തിലില്ല, സി ക്ലാസ്സ്‌ തിയേറ്ററുകൾ മാത്രമേയുള്ളൂ,    സിനിമ കാണാവുന്നതോ, അല്ലെങ്കിൽ കുറച്ചുകൂടി എന്റർടൈൻമെന്റ് സാധ്യതയുള്ള മൊബൈൽ ഫോണോ പോലുമില്ല., നമ്മളുടെ സമയം കൊണ്ടുപോകാൻ മറ്റൊന്നുമില്ലാതിരുന്ന കാലത്ത്,  ആകെ വിഷ്വലൈസ് ചെയ്യാൻ സാധ്യതയുള്ള കുറെ കഥകളും, പുസ്തകങ്ങളുമൊക്കെ മാത്രമാണ് ജീവിതത്തിൽ ഉണ്ടായിരുന്നത്.  അതുകൊണ്ട് തന്നെ   വായന അനിവാര്യമായിരുന്ന കാലമായിരുന്നു അത്.

പുതിയ തലമുറയെ സംബന്ധിച്ചടുത്തോളം വായന അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല.   എന്നിട്ടും ആളുകൾ പുസ്തകം വായിക്കുന്നു എന്നത് സത്യത്തിൽ കൗതുകമാണ്.   പുസ്തകം വായിക്കുന്നത് നമ്മുടെ വിനോദത്തിനു വേണ്ടിയോ,  അല്ലെങ്കിൽ അറിവ് വർധിപ്പിക്കുന്നതിനു വേണ്ടിയോ, അങ്ങനെ ഏത് ആങ്കിളിൽ നമ്മളൊരു പുസ്തകത്തിന്റെ മൂല്യത്തെ എടുത്താലും  അതിനെ റീപ്ലേസ് ചെയ്യാൻ അതിനേക്കാൾ ശേഷിയുള്ള പലതുമുള്ള കാലത്താണ് നമ്മൾ ഉള്ളത്.  വിഷ്വലിന്റെ പ്രാധാന്യം അത്രയധികം കൂടിയൊരു കാലമാണ്.  എന്നിട്ടും ആളുകൾ ഇപ്പോഴും പുസ്തകം വായിക്കുമെന്നത് സത്യത്തിൽ അത്ഭുതമാണ്.  ഞങ്ങളൊന്നും പുസ്തകം വായിക്കുന്നതിൽ അത്ഭുതമില്ല.  പുസ്തകം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് പുസ്തകം വായിച്ചു.

ലിജീഷ് കുമാർ

 സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം, യുവ തലമുറയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു.  വായനയിൽ അത് പ്രതിഫലിക്കുന്നതായി തോന്നുന്നുണ്ടോ?

പല രൂപത്തിലുള്ള പുസ്തകങ്ങൾ എല്ലാ കാലത്തും ആളുകൾ വായിച്ചിരുന്നു.     തകഴിയേയോ, ബഷീറിനെയോ, കേശവദേവിനെയോ ഒക്കെ മലയാളി വായിച്ച കാലത്തുതന്നെ മുട്ടത്തു വർക്കിയെയും, പമ്മനെയും  മലയാളി വായിച്ചിട്ടുണ്ട്.

‘പോപ്പുലർ ഫിക്ഷൻ’ എന്ന പേരിൽ നാം ഇന്ന് കൊണ്ടാടുന്ന പുസ്തകങ്ങളെല്ലാം,  എല്ലാ കാലത്തും മലയാളത്തിൽ സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 

 പമ്മൻ മലയാളത്തിൽ വിറ്റഴിക്കപ്പെട്ട അത്രയും തകഴി വിറ്റഴിഞ്ഞിട്ടുണ്ടാകില്ല.  പമ്മന്റെ പുസ്തകങ്ങളെ പമ്മന്റെ പുസ്തകങ്ങളായും, തോപ്പിൽ ഭാസിയുടെ പുസ്തകങ്ങളെ തോപ്പിൽഭാസിയുടെ പുസ്തകങ്ങളായും ബഷീറിനെ ബഷീറായും കാണാൻ കഴിയുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നതുകൊണ്ട്, ഇത് തമ്മിലുള്ള ഒരു വിടവ് ലിറ്ററേച്ചറിൽ എക്കാലത്തും കിടന്നിരുന്നു. 

ആ വിടവ് താരതമ്യേന ദുർബലമായി എന്നത് മാത്രമാണ് പുതിയ കാലത്ത് എനിക്ക് തോന്നിയ ഒരത്ഭുതം .

തീർച്ചയായും പൈങ്കിളി എന്നൊക്കെ പറഞ്ഞ്  മാറ്റിനിർത്തിയ സുധാകർ മംഗളോദയത്തിന്റെയടക്കം പുസ്തകങ്ങൾക്കൊക്കെയുണ്ടായത് വലിയ പ്രചാരമാണ്.

മാതൃഭൂമി വാരികയല്ല,  മലയാള മനോരമ വീക്കിലി തന്നെയാണ് കേരളത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്നത്.

ബെസ്റ്റ് സെല്ലറുകൾ,  ക്വാളിറ്റി ലിറ്ററേച്ചറുകൾ എന്നിങ്ങനെ രണ്ടായി നിന്നിരുന്ന ഒരു ശാഖ മെർജ് ചെയ്യപ്പെടുകയും,  എല്ലാ പുസ്തകങ്ങളും ബെസ്റ്റ് സെല്ലറുകൾ ആകുമ്പോൾ അതിൻറെ മൂല്യം കൂടുകയും  ചെയ്യുന്ന പുതിയ രീതികൾ നിലവിൽ വന്നിട്ടുണ്ട്.    വായനയെ കുറിച്ച് ചോദിച്ച ഒരു അഭിമുഖത്തിൽ ലോക പ്രശസ്ത എഴുത്തുകാരൻ ആന്ദ്രെ ഷീദ് പറയുന്നുണ്ട്, എന്നെ രസിപ്പിക്കുന്നത് എന്തും ഞാൻ വായിക്കുമെന്ന്.  എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ,  എന്നെ രസിപ്പിക്കുന്നതെന്തും വായിക്കുന്ന ഒരാളാണ് ഞാൻ.  എല്ലാ കാലത്തും.  അപ്പോഴും നാം കയ്യിലെടുക്കുന്നത് ഏത് ജോണറിലുള്ള പുസ്തകമാണെന്ന പൂർണ്ണ ബോധ്യത്തോടെയാണ് ആ പുസ്തകത്തെ സമീപിക്കുന്നത്.

മുട്ടത്ത് വർക്കിയെ കയ്യിലെടുക്കുമ്പോൾ മാർകെസിനെ കയ്യിലെടുത്ത  ഫീൽ നമുക്കില്ല .

രണ്ടും രണ്ടാണെന്ന ബോധ്യത്തോടെ വായിക്കാൻ  ആഗ്രഹിക്കും. പക്ഷേ കാലം ഇങ്ങനെ സഞ്ചരിച്ച് ഒരു  പുതിയ കാലത്തിൽ വന്നു നിൽക്കുമ്പോൾ, ഇത് രണ്ടും രണ്ടാണെന്ന തോന്നലോടുകൂടിയാണോ നാമൊരു പുസ്തകം തൊടുന്നത് എന്ന ആശങ്ക എന്നെ സംബന്ധിച്ചിടത്തോളമുണ്ട്.   അല്ലാതെ പുതിയ ജനറേഷൻ പുസ്തകം വായിക്കുന്നില്ല എന്ന് ഞാൻ വിചാരിക്കുന്നില്ല. 

 സോഷ്യൽ മീഡിയയുടെ   കാലത്ത്  പുസ്തകവുമായി ബന്ധപ്പെട്ട് റീലുകളൊക്കെ കാണുന്നുണ്ട്.  എന്നെ സംബന്ധിച്ചിടത്തോളം  ‘കഞ്ചാവ്’ അതിന്റെ പത്താം പതിപ്പിലേക്ക് എത്തി നിൽക്കുന്നു.  ഓരോ പതിപ്പിലും മൂവായിരത്തോളം പുസ്തകങ്ങളൊക്കെയായി ഇരുപത്തി അയ്യായിരത്തോളം പുസ്തകങ്ങളൊക്കെ ഡിസി ബുക്സ് വിറ്റു.

‘കഞ്ചാവു’മായി ബന്ധപ്പെട്ട എല്ലാ ദിവസവും ഓരോ റീലുകൾ ഇൻസ്റ്റഗ്രാം തുറക്കുമ്പോൾ കാണാറുണ്ട്. എനിക്ക് ഒട്ടും പരിചിതമല്ലാത്ത മനുഷ്യരുടെ റീലുകളാണ്.  ഇതിൽ മുക്കാൽ ഭാഗത്തോളം റീലുകളുടെ കണ്ടന്റും ‘കഞ്ചാവ്’ എന്ന പുസ്തകത്തിൻറെ കവർ പേജിന്റെ പിന്നിൽ എഴുതിയ ബ്ലർബ്ബ്  മാത്രമാണ്. 

 മറിച്ച് ആ പുസ്തകത്തിൻറെ പത്തിരുനൂറ്റമ്പത് പേജുകളിൽ നിന്ന് ഒരാൾ,  അയാൾക്ക് ഇഷ്ടമുള്ള വരികളെ തിരഞ്ഞെടുക്കുകയോ,  അയാൾക്ക് ഇഷ്ടമുള്ള ഒന്ന് പറയുകയോ അല്ല ചെയ്യുന്നത്. എല്ലാത്തിന്റെയും കണ്ടന്റ് ഒന്നാണ് .

ലിജീഷ് കുമാർ

എം മോഹനൻ എഴുതിയ ‘ഒരിക്കൽ’  എന്ന   നോവൽ ഇപ്പോൾ ആഘോഷിക്കപ്പെടുന്നു .കഴിഞ്ഞ കുറച്ച് വർഷക്കാലങ്ങളിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. ‘ഒരിക്കലു’മായി ബന്ധപ്പെട്ട എല്ലാ റീലുകളും ഒരിക്കൽ അതിനുണ്ടായ റീലുകളുടെ തുടർച്ചയാണ് .’എൻറെ പ്രിയപ്പെട്ട പെൺകുട്ടി..’എന്ന് പറയുന്ന കണ്ടന്റ് മാത്രമാണ് ഒരിക്കലുമായി ബന്ധപ്പെട്ട് സ്റ്റോറികളിൽ വരുന്നത് .

ടി ഡി രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’ എന്ന പുസ്തകം,  അതിഗംഭീരമായി മലയാളത്തിൽ എഴുതപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ്. ഫ്രാൻസിസ് ഇട്ടിക്കോരയുമായി ബന്ധപ്പെട്ട റീലുകളൊന്നും വ്യത്യസ്തമല്ല. ഇപ്പോൾ അഖിൽ പി ധർമ്മജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ എന്ന നോവൽ മലയാളത്തിൽ ആഘോഷിക്കപ്പെട്ട കഴിഞ്ഞ ഒരു വർഷം,  

അതുമായി ബന്ധപ്പെട്ട എല്ലാ റീലുകളുടെയും കണ്ടെന്റ് മാത്രമല്ല,  അതിൽ ഉപയോഗിക്കുന്ന ബാക്ക് ഗ്രൌണ്ട് മ്യൂസിക് പോലും പലപ്പോഴും ഒരു റെയിൽവേ സ്റ്റേഷന്റെ പിന്നിലടിയുന്ന  സ്റ്റേഷൻ അനൗൺസ്മെന്റ് പോലെയൊരു താളത്തിലാണ്. നാം റീലുകളുടെ പകർപ്പുകൾ നിർമ്മിക്കുകയാണോ അതോ, പുസ്തകം ആസ്വദിച്ച് വായിച്ചതിനെ ആഘോഷിക്കുകയാണോ എന്ന കൺഫ്യൂഷൻ പലപ്പോഴും അത് കാണുമ്പോൾ തോന്നുന്നുണ്ട്. ഒരു എഴുത്തുകാരൻ അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നൊരാശങ്കയും എനിക്കുണ്ട്. 

വ്യക്തിപരമായി എന്നെ അതൊട്ടും സന്തോഷിപ്പിക്കില്ല. കാരണം,  ഞാൻ മാത്രം നോക്കുന്ന ഒരു നോട്ടം, ഞാൻ മാത്രം കാണുന്ന കാഴ്ച , എനിക്ക് മാത്രം കണ്ടെടുക്കാൻ കഴിയുന്ന ഒരു വരി തുടങ്ങി അപാരമായ ഒരു പാഷനോട് കൂടി ഒരു പുസ്തകത്തെ സമീപിക്കുകയാണ് ഞാൻ ചെയ്യുന്നത്. 

മറ്റാരും പറഞ്ഞത് പറയരുത്,  മറ്റാരും ചെയ്തത് ചെയ്യരുത് എന്ന ധാരണയോടെയാണ് ലിറ്ററേച്ചറിനെ സമീപിക്കുന്നത്.എഴുത്തുകാരൻ മാത്രമല്ല വായനക്കാരനും കൂടിച്ചേരുന്നതാണ്  പുസ്തകം . അയാളും മറ്റാരും നോക്കാത്ത  നോട്ടം ഒരു പുസ്തകത്തിൽ നോക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത്.

ഗൃഹലക്ഷ്മി വാരികയുടെ എഡിറ്റർ വിശ്വനാഥൻ,   ന്യൂ ഇയറിൽ മനുഷ്യർക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു നല്ല കാര്യങ്ങൾ  ഉൾപ്പെടുത്തി കവർസ്റ്റോറി ചെയ്യണമെന്ന് പറഞ്ഞു.    ഞാനത് കേൾക്കുന്ന സമയത്ത് ചിന്തിച്ചത് കഴിഞ്ഞ  അഞ്ചുവർഷം ന്യൂ ഇയറിന് ഇറങ്ങിയ മലയാള മാധ്യമങ്ങൾ നോക്കിയാൽ  അതിലൊക്കെ കുറെ പ്രതിജ്ഞകളും ന്യൂ ഇയറിൽ നമ്മൾ പാലിക്കാനുള്ള കുറേ കാര്യങ്ങളും കാണാൻ കഴിയും.  പക്ഷേ, ന്യൂ ഇയറിൽ നമുക്ക് വായിക്കാവുന്ന 10 പുസ്തകങ്ങൾ ഏതൊക്കെയാണ് എന്നൊരു ഇഷ്ടം നമ്മൾ ഒരിക്കലും  കാണാറില്ല.  ന്യൂയറിൽ നമുക്ക് കാണാവുന്ന 10 സിനിമകൾ ഏതൊക്കെയാണ് എന്നും എവിടെയും പറഞ്ഞു കണ്ടിട്ടില്ല.   ന്യൂ ഇയറിൽ നമ്മൾ പരിചയപ്പെട്ടിരിക്കേണ്ട ലോകത്തെ പത്തു മനുഷ്യർ ആരൊക്കെയാണ് എന്ന് കണ്ടിട്ടില്ല.    അപ്പോൾ ന്യൂ ഇയറിൽ എന്തെഴുതാം എന്ന് ചിന്തിക്കുമ്പോൾ നാം എന്തുകൊണ്ട് ഈ നോട്ടം നോക്കുന്നു എന്ന് പറഞ്ഞാൽ;  മറ്റാരും എഴുതാത്തത് നാം എഴുതണമെന്ന തികച്ചും കൃത്രിമമായ ഒരു പ്രോസസ് തന്നെയാണ്. ഓർഗാനിക് ആയി നമ്മൾ എഴുതുന്നു എന്ന് പറയുമ്പോഴും,  ലിറ്ററേച്ചർ അങ്ങനെ ക്രിയേറ്റ് ചെയ്യപ്പെടുന്ന ഒന്നാണ് എന്ന് ഞാൻ വിചാരിക്കുന്നില്ല.  വളരെ ബോധപൂർവ്വം വളരെ സെൻസിബിൾ ആയ  നമ്മുടെ സമീപനം തന്നെയാണ് ഏത് ലിറ്ററേച്ചറിനെയും കുറേക്കൂടി സൃഷ്ടിപരമായി മൂല്യമുള്ളതാക്കുന്നത്.   അതുകൊണ്ടുതന്നെ ആ ഒരു നോട്ടം വായനക്കാരന് നോക്കാൻ കഴിയുമ്പോഴാണ് വായന സെലിബ്രേറ്റ് ചെയ്യപ്പെടുന്നതെന്ന് നമുക്ക് പറയാനാകും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന സെലിബ്രേഷനുകൾ പൂർണ്ണമായും വായനയുടേതാണെന്ന് അഭിപ്രായപ്പെടാനാകില്ല.

 സാഹിത്യോത്സവം ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികളിൽ അതിഥികളെക്കാൾ നന്നായി സംസാരിക്കുന്ന ഒരു ചോദ്യകർത്താവായി ലിജീഷ് കുമാർ പ്രത്യക്ഷപ്പെടാറുണ്ട്.   പക്ഷേ, സംഭാഷണങ്ങൾ അധികവും പ്രസിദ്ധീകരിക്കുന്നതായി കണ്ടിട്ടില്ല?

ഞാൻ, മലയാളത്തിൽ വളരെ കുറച്ച് ഇന്റർവ്യൂകൾ മാത്രമേ ചെയ്തിട്ടുള്ളൂ.  ഏകദേശം പത്തോ പന്ത്രണ്ടോ ഇന്റർവ്യൂകൾ മാത്രമാണ് ചെയ്തിട്ടുള്ളത്.   അത് എന്നെ വല്ലാതെ ആകർഷിച്ച മനുഷ്യരുമായി മാത്രം ബന്ധപ്പെട്ട് നടത്തിയ സംസാരങ്ങളാണ്.  കേരളത്തിൽ അത്ര പോപ്പുലറായ മനുഷ്യർ പോലുമല്ല.  

ഒന്ന്, ജുമാന ഹദാദ് എന്ന് പറയുന്ന അറേബ്യൻ എഴുത്തുകാരിയുമായി നടത്തിയ ആഭിമുഖമാണ്.  ജുമാന ഹദാദ്, സത്യത്തിൽ അറേബ്യയിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു പോൺ മാഗസിന്റെ എഡിറ്ററാണ്.   ജസാദ് എന്ന് പറയുന്ന ഒരു മാസികയുടെ എഡിറ്ററാണ്.

ഒരു പോൺ മാസികയുടെ എഡിറ്ററായ ഒരു സ്ത്രീ, അതെന്നെ അത്ഭുതപ്പെടുത്തി.  ജീഫെക്, പ്ലേ ബോയ് തുടങ്ങിയ മാസികയുടെ എഡിറ്ററൊക്കെ ലോകത്തുണ്ട്.  വളരെ ഫേമസാണ് അദ്ദേഹം.

അദ്ദേഹം ഒരുപക്ഷെ, എന്റെ മുൻപിലിരുന്നാൽ ഞാൻ അദ്ദേഹവുമായി സംസാരിക്കുമെന്ന് വിചാരിക്കുന്നില്ല.  പക്ഷെ, ഒരു പോൺ മാഗസിന്റെ എഡിറ്ററായി ഒരു വനിത വരുന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.  രണ്ട്, അവർ അങ്ങനെയൊരു മാസിക എഡിറ്റ്‌ ചെയ്ത് പുറത്തിറക്കിയത് എന്നതും എന്നെ അത്ഭുതപ്പെടുത്തി. കാരണം, നോർമൽ ലിറ്ററേച്ചറിന് പോലും ഒരുപാട് തടസങ്ങളുള്ള അറബ് ലോകത്തുനിന്ന് ഒരു വനിത അത്തരമൊരു മാഗസിൻ പുറത്തിറങ്ങുന്നു എന്നു പറയുമ്പോൾ അവർക്കെന്ത് പറയാനുണ്ടാകും എന്ന തോന്നലാണ് സത്യത്തിൽ ജുമാന ഹദാദിനെ കേൾക്കാൻ എന്നെ പ്രേരിപ്പിച്ചത്.  മാത്രമല്ല.  ‘I killed Shahrasadh’ എന്ന പേരിൽ ജുമാന എഴുതിയ ഒരു പുസ്തകമുണ്ട്.  ഷാഹ്‌റാസാദിനെ നമ്മൾ എപ്പോഴും വായിച്ചിട്ടുള്ളത്, ആയിരത്തിയൊന്ന് രാവുകൾ വായിക്കുന്ന സമയത്ത്, വലിയ സ്ത്രീ സമരത്തിന്റെയൊക്കെ മാതൃകയായാണ്.  ഒരു രാജാവ് കീഴടക്കാൻ നോക്കുന്നു, കൊല്ലാൻ നോക്കുന്നു, കോംപ്രമൈസ് ഇല്ലാതെ കഥ പറഞ്ഞ് കഥ പറഞ്ഞ് അദ്ദേഹത്തെ തോൽപ്പിച്ച് പോകുന്ന ഒരു സ്ത്രീ സമരത്തിന്റെയൊക്കെ പ്രതീകമായാണ് കുട്ടിക്കാലത്ത് ഷെഹറസാദിനെ നമ്മൾ വായിച്ചത്.  പക്ഷെ, ജുമാന ഹദാദ് എഴുതുന്നത്, അങ്ങനെ ബുദ്ധി വൈഭവം കാണിച്ച് രാജാവിനോട് സന്ധി ചെയ്ത് മുന്നോട്ടു പോകുന്ന ഒരു സ്ത്രീയല്ല ലോകത്തെ ഫെമിനിസ്റ്റ് മാതൃക.  ഷെഹ്‌റാസാദ് കോംപ്രമൈസിന്റെ എക്സ്ട്രീമാണ് കോംപ്രമൈസിന്റെ ഗോഡസാണ്.  അങ്ങനെയൊരാളെവെച്ച് ഇവിടത്തെ സ്ത്രീസമൂഹത്തിന് മുന്നോട്ടുപോകാനാകില്ല.  സ്ത്രീകൾക്ക് മുന്നോട്ടു പോകാൻ ആദ്യം ചെയ്യേണ്ടത് തന്റെയുള്ളിലെ ഷഹ്റാസാദിനെ കൊല്ലുകയാണ് ചെയ്യേണ്ടത്.  പുരുഷനോട് സന്ധി ചെയ്തോ, പുരുഷനെ കഥ പറഞ്ഞ് പറ്റിച്ച് നിങ്ങൾ മുന്നോട്ട് പോകരുത്.  നിങ്ങൾ മുഖാമുഖം നിന്ന് സംസാരിക്കാൻ ശേഷിയുള്ളവരാണെന്ന്  വിചാരിക്കുന്നുണ്ടെങ്കിൽ, ആദ്യം നിങ്ങളുടെ ഉള്ളിലെ ഷെഹ്റാസദിനെ കൊല്ലണം എന്ന് പറഞ്ഞ് ജുമാന ഹദാദ് ലോകത്തെ ഫെമിനിസ്റ്റ് ലിറ്ററേച്ചറിന്റെ ഏറ്റവും വേറിട്ട നടത്തമാണ്.

അങ്ങനെ,  ഒന്ന് ജുമാന ഹദാദായിരുന്നു.  രണ്ട്, ഞാൻ സംസാരിക്കാൻ താല്പര്യപ്പെട്ടുപോയൊരാൾ രേഷ്മ ഖുറേഷി എന്ന് പറയുന്ന ഒരു പെൺകുട്ടിയാണ്. ‘Being Reshma’ എന്ന പേരിൽ രേഷ്മയുടെ ആത്മകഥ പുറത്തുവന്നിരുന്നു.

രേഷ്മ ആസിഡ് അറ്റാക്കിന്റെ ഇരയാണ്. പതിനാറാമത്തെ വയസ്സിൽ, ഏകദേശം പത്താം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണ് രേഷ്മയുടെ മുഖത്തേക്ക് ആസിഡ് വീഴുന്നത്.  ഒരുപാട് പെൺകുട്ടികൾ ആസിഡ് ആക്രമണത്തിന്റെ ഇരകളായി ഇന്ന് ഇന്ത്യയിലുണ്ട്.  പക്ഷെ, രേഷ്മ അതിന് ശേഷം അവസാനിക്കുകയല്ല ചെയ്തത്. രണ്ട് വർഷത്തിന് ശേഷം, രേഷ്മയെ ഞാൻ കാണുന്നത് ന്യൂയോർക്ക് ഫാഷൻ വീക്കിലെ റാമ്പിനകത്ത് രേഷ്മ ഒരു മോഡലായി വരുന്ന കാഴ്ചയാണ്.  മുഴുവൻ ആസിഡ് കൊണ്ട് പൊള്ളിയ മുഖവുമായി, അർച്ചന കോച്ചാർ എന്ന് പറയുന്ന ഇന്ത്യൻ ഫാഷൻ മാതൃകയുടെയൊക്കെ ഏറ്റവും എക്സ്ട്രീമായ  ഗൗണൊക്കെ ഇട്ടിട്ട് ന്യൂയോർക്ക് ഫാഷൻ വീക്കിലെ റാമ്പിലേക്ക് രേഷ്മ ഖുറേഷി കയറി വരുന്ന സമയത്ത്, രേഷ്മ ഒരു വലിയ സമരത്തിന്റെ തുടക്കമാണ് നമുക്ക് മുൻപിൽ വെച്ചത്. അകത്തേയ്ക്ക് ഒതുങ്ങിപ്പോയ മുഖമാണ് ഞാനെന്നു കരുതി പിൻവാങ്ങിപ്പോയ ഒരുപാടേറെ പെൺകുട്ടികൾക്ക് പ്രതീക്ഷയായിരുന്നു.  മാത്രമല്ല, രേഷ്മ ഇന്ന് ഇന്ത്യയിലെ ഏറെ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന വീഡിയോ വ്ലോഗറാണ്.    ലിപ്സ്റ്റിക് പോലെയുള്ള സൗന്ദര്യ വർധക വസ്തുക്കൾ നിർമ്മിക്കുന്നു.  അതിനായി വീഡിയോ വ്ലോഗ് ചെയ്യുന്നു.  സൗന്ദര്യം എന്ന് പറയുന്നത് മുഖവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു ലോക ക്രമത്തെയാണ് സമ്പൂർണമായി അതേ സൗന്ദര്യ മാധ്യമം ഉപയോഗിച്ച് രേഷ്മ അമ്പരിപ്പിക്കുന്നത്.  അതുകൊണ്ട്, ജുമാന ഹദാദിനെപ്പോലെ, രേഷ്മ ഖുറേഷിയെ പോലെയുള്ള മനുഷ്യരെ നമ്മൾ പരിചയപ്പെടേണ്ടതുണ്ട്.    ചുരുങ്ങിയത് അവരെ കൊണ്ടുവന്ന് കേരളത്തിലെ മനുഷ്യരോട് അവരുടെ സംഭാഷണങ്ങൾ കേൾപ്പിച്ചെങ്കിലും അവരെ പരിചയപ്പെടുന്നതിലൂടെ അടുത്ത സ്റ്റേറ്റിലോട്ട് നാം നടക്കുമെന്ന ഒരു തോന്നലാണ്.  പലസ്തീൻ – ഇസ്രായേൽ പ്രശ്നം നടക്കുമ്പോൾ ഞാനൊരിക്കലും ഒരു പലസ്തീനിയൻ എഴുത്തുകാരിയെയോ മാധ്യമപ്രവർത്തകയെയോ ഇന്റർവ്യൂ ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടില്ല.  നേരെമറിച്ച്, ഇസ്രായേലിന് എന്ത് പറയാനുണ്ട് എന്നാണ് അഭിമുഖത്തിൽ പറയാൻ വേണ്ടി ശ്രമിച്ചത്.  ലോക സിനിമയുടെ ഈറ്റില്ലമായ ഇറാൻ സിനിമയിലെ, മക്ബൽ ബഫിന്റെ സിനിമയിലൊക്കെ അഭിനയിച്ചിരുന്ന ഇറാനിലെ അന്ന ഫാത്തിമ മൊത്തമത്  എന്ന നടി.  നമ്മൾ ആലോചിക്കേണ്ടത് ഇറാൻ സിനിമകൾക്ക് വിലക്കുള്ള ദേശമാണ്.  ജാഫർ പനാഹിയെ പോലെയുള്ള സംവിധായകർ ഇന്നും ഇറാനിലെ ജയിലിൽ വീട്ടുതടങ്കലിലാണ്.  കാൻ ഫിലിം ഫെസ്റ്റിവലിൽ ജാഫർ പനാഹിയുടെ സിനിമ കാണിക്കുന്നത് കേക്കിനകത്തൊക്കെ പെൻഡ്രൈവ് ഒളിപ്പിച്ച് കടത്തിയൊക്കെയാണ്.  അവിടെനിന്നാണ് ഒരു മുസ്ലിം സ്ത്രീ സിനിമയിൽ അഭിനയിക്കാൻ പോകുന്നത്.  ഇറാനിൽ ആ ഒരൊറ്റ നടി മാത്രമാണ് അക്കാലത്തുള്ളത്.  ബാക്കിയെല്ലാവരും വിലക്കുകളെ പേടിച്ച്, സോസൈറ്റി തന്റെ കുടുംബത്തെ എങ്ങനെ കാണുമെന്ന് പേടിച്ചിരിക്കുന്ന സമയത്താണ് ഫാത്തിമ മൊത്തമത് ആര്യ എന്ന സ്ത്രീ സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഇറാനിൽ നിന്ന് പുറപ്പെടുന്നത്.  അതൊരു വലിയ സമരമാണ്.  ഇങ്ങനെ ലോകത്തെ അമ്പരപ്പിച്ച കുറേ മനുഷ്യരെ പരിചയപ്പെടണം, സംസാരിക്കണം, അവരുടെ സംസാരം മലയാളി വായിക്കണമെന്നൊക്കെയുള്ള ആഗ്രഹത്തിൽ മാത്രം ചെയ്ത സംഭാഷണങ്ങൾ മാത്രമാണ് ആ ഇന്റർവ്യൂകളെല്ലാം.  അത്, തികച്ചും വ്യക്തിപരമായി എന്നെ ആനന്ദിപ്പിച്ച ഇന്റർവ്യൂകൾ മാത്രമായിരുന്നു.

പോപ്പുലറായ ചിലതില്ലേ എന്ന് ചോദിക്കുമ്പോൾ ചേതൻ ഭാഗത്തിനെ പോലെയുള്ള ആളുകളുടെ ചില ഇന്റർവ്യൂകളും അതിലുണ്ട്.  ചേതനോട് ചോദിച്ച ചോദ്യങ്ങൾ മുഴുവനും ഇങ്ങനെ ആഘോഷിക്കപ്പെടുന്നതിൽ ആണോ ആനന്ദം കണ്ടെത്തുന്നത്. ലിറ്ററേച്ചറിന് ചേതൻ എന്ത് ചെയ്തു എന്നാണ് വിചാരിക്കുന്നത്.  ഒരു പോപ്പുലർ ഫിക്ഷന്റെ ഭാഗമായി നിൽക്കുന്ന ചേതൻ ഭാഗത്തിനെയാണോ അതോ ക്വാളിറ്റി ലിറ്ററേച്ചറിൽ ചേതൻ ഭഗത്തിന്റെ പേര് പതിക്കപ്പെടുന്ന ദിവസമാണോ താങ്കളിലെ എഴുത്തുകാരൻ സന്തോഷിക്കുക, തുടങ്ങി നമ്മളുടെ ഉള്ളിൽ തന്നെയുള്ള നിരവധിയായ സംശയങ്ങളെ ലോകത്ത് ഇത്രമാത്രം സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ഒരാൾ എങ്ങനെയാണ് ആ സെലിബ്രേഷനെ നോക്കിക്കാണുന്നത് എന്നത് വെച്ച്, കുറച്ച് ആത്മപരിശോധന നടത്തണമെന്നൊക്കെയുള്ള തോന്നലാണ് ചേതൻ ഭാഗത്തിനോട് സംസാരിക്കാൻ പ്രേരിപ്പിച്ചത്.  പക്ഷെ, ചേതനെന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയാണുണ്ടായത്.  ചേതൻ എന്നോട് പറഞ്ഞത് ലോകത്തെല്ലായിടത്തുമുള്ള റെസ്റ്റോറന്റുകളിൽ നിങ്ങൾ പോയാൽ അവിടെയെല്ലാ മേശപ്പുറത്തും കുരുമുളക് പൊടിയും ഉപ്പും വെച്ചിരിക്കുന്നത് നിങ്ങൾ കാണും.  ഞാൻ അതുപോലെ എല്ലാ മേശപ്പുറത്തും ഉണ്ട്.   എന്നെ നിങ്ങളൊരു സാൾട്ട് & പെപ്പറായി കണ്ടാൽ മതി.  ഞാനല്ല നിങ്ങളുടെ ബെസ്റ്റ് ഓതർ, എനിക്കറിയാം.  പക്ഷെ, ഞാനാണ് എക്കാലത്തും നിങ്ങളുടെ ബെസ്റ്റ് സെല്ലിങ് ഓതർ എന്ന ബോധ്യമാണ് എന്നെ ജീവിപ്പിക്കുന്നത്.  അതുകൊണ്ട് ഞാനും കൂടി വേണം.  ഈ ഉപ്പും കുരുമുളകും കൂടി വേണം ഏറ്റവും രുചികരമായി നിങ്ങളുടെ മുൻപിലെത്തുന്ന ഭക്ഷണത്തെ സന്തുഷ്ടമാക്കാൻ.  അതുകൊണ്ട് ഞാൻ ജീവിച്ച കാലത്തെ ഞാൻ അങ്ങനെ അടയാളപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്.  ഞാനാൽ സന്തുഷ്ടമാക്കപ്പെട്ട വിപണിയിൽ നിങ്ങൾ ഉണ്ടായിരുന്നു എന്ന ബോധ്യമാണ് എന്നെ നയിക്കുന്നത് എന്നാണ് ചേതൻ പറഞ്ഞത്.

നമ്മളുടെ ഉള്ളിൽ നമ്മളാരാണെന്നൊരു നോട്ടമുണ്ടാവുക എന്നത് വളരെ പ്രധാനമാണ്.  കാരണം അവരും കൂടി ചേർന്നതാണ് ലോകം എന്ന് നമ്മൾ വിചാരിക്കുന്നു.  ആ അർത്ഥത്തിലുള്ള ചില അഭിമുഖങ്ങൾ മാത്രമായിരുന്നു. അല്ലാതെ ഒരു അഭിമുഖകാരനാകാൻ ആഗ്രഹിച്ചിട്ടൊന്നുമില്ല.   മലയാളത്തിൽ ധാരാളം നല്ല ഇന്റർവ്യൂകൾ ഇരുന്ന് വായിക്കുന്ന ഒരാളാണ് ഞാൻ.  പക്ഷെ, അവരുടെയൊന്നും ഒരു ജോണറിലേക്ക്  എന്റെ പേര് എഴുതിച്ചേർക്കണമെന്ന് ആഗ്രഹിച്ച് ചെയ്തൊരു പണിയല്ല ഇതൊന്നും.  അതിനാൽ, മലയാളത്തിലുള്ള ആളുകളുമായി നടത്തിയ ഇന്റർവ്യൂകൾ  വളരെ കുറവുമാണ്.  എനിക്ക് തോന്നുന്നു എം മുകുന്ദനുമായി നടത്തിയ മാത്രമായിരിക്കും മലയാളത്തിൽ ആകെയുള്ളത്.  അതൊക്കെ സ്റ്റേജിൽ ചെയ്തിട്ടുണ്ടെങ്കിൽ പോലും പ്രിന്റ് മാധ്യമത്തിലേക്ക് വരുമ്പോൾ  എം മുകുന്ദനുമായി വർഷങ്ങൾക്ക് മുൻപ് മാധ്യമം വാരികയിൽ നടത്തിയ ഇന്റർവ്യൂവാണ്.  ഇപ്പോൾ അവസാനമായി എത്തി നിൽക്കുന്നതും ദേശാഭിമാനി വാരികയിൽ എം മുകുന്ദനിൽ തന്നെയാണ്.  അതിനിടയിലുള്ള കാലത്തൊന്നും ഒരു മലയാളിയോടും പ്രിന്റ് മാധ്യമത്തിന് വേണ്ടി സംസാരിച്ചിട്ടില്ല.  മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി ഒരു കവർ സ്റ്റോറി ചെയ്തത് പോലും ‘അസ്സൽ ബംഗാളി ‘ എന്ന പേരിൽ രണ്ട് ബംഗാളികളുമായി സംസാരിച്ച അഭിമുഖമാണ്.

 ജീവിതത്തിൽ ലഹരി പിടിപ്പിച്ച മനുഷ്യരെ കുറിച്ചാണ് ‘ കഞ്ചാവ് ‘ എഴുതിയത്.  മോഹൻലാൽ മുതൽ മഹുവാ മൊയ്ത്ര വരെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 25_ പേരാണ് പുസ്തകത്തിലുള്ളത് .എങ്ങനെയായിരുന്നു ഈ തിരഞ്ഞെടുപ്പ് ?

അഭിമുഖത്തെ കുറിച്ച് പറഞ്ഞതുപോലെ , നമ്മളെ ഏറെ രസം പിടിപ്പിച്ച മനുഷ്യർ ; ഇങ്ങനെയൊന്നും ജീവിക്കാൻ നമുക്ക് കഴിഞ്ഞില്ലല്ലോ എന്ന് തോന്നുന്ന ഒരുപാട് മനുഷ്യരുണ്ട്.   ലോകം ഒരുപാടേറെ മുന്നോട്ട് പോയ ഒരു കാലത്താണ് നാം സംസാരിക്കുന്നത്.  പൊളിറ്റിക്കലി ഒരുപാട് നവീകരിക്കപ്പെട്ടൊരു സമൂഹമാണ്.    ഇങ്ങനെയൊന്നും നവീകരിക്കപ്പെടാത്ത ഒരു കാലത്ത്, വലിയ പൊളിറ്റിക്സ് ജീവിതത്തിൽ പാലിച്ചു പോയ മനുഷ്യർ സത്യത്തിൽ അത്ഭുതമാണ്.  കഞ്ചാവിനകത്ത് രണ്ടാമത്തെ ലേഖനം ജവാഹാർലാൽ നെഹ്‌റുവിനെ കുറിച്ചാണ്.

ബന്ധങ്ങളെയൊക്കെ പുനർനിർവചിച്ചുകൊണ്ടിരിക്കുന്ന ലോകക്രമം ഇന്നുണ്ട്.  1940 -കളിലോ 50 കളിലോ അതില്ല.  അക്കാലത്താണ് നെഹ്‌റുവും ലേഡി മൗണ്ട് ബാറ്റണും തമ്മിലുള്ള ബന്ധം ഇന്ത്യ ഒട്ടാകെ ചർച്ചയായി തീരുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോഴും ലേഡി മൗണ്ട് ബാറ്റണ് മുടങ്ങാതെ കാത്തുകളയച്ചിരുന്ന നെഹ്‌റു എന്നെ അമ്പരപ്പിച്ചിരുന്നു.  അങ്ങനെ ജീവിക്കാൻ അന്നത്തെ കാലത്ത് ഒരുപാട് മനുഷ്യർക്ക് കഴിഞ്ഞിട്ടുണ്ടാകില്ല.  ഇന്ന് അതൊന്നും ഒരു സംഭവമല്ല.  അതിനേക്കാൾ ഒരുപാട് ദൂരം നാം നടന്നുകഴിഞ്ഞു.  പക്ഷെ, ലോകം മുഴുവൻ വിമർശിക്കപ്പെടുന്ന ഒരു കാലത്ത് എന്റെ ശരികളിൽ ഞാൻ ജീവിക്കുമെന്ന് പറയാൻ ധൈര്യം കാണിച്ച മനുഷ്യരെ അമ്പരപ്പോടെ ഞാനെപ്പോഴും നോക്കിയിട്ടുണ്ട്.  മൗണ്ട് ബാറ്റന്റെ മകൾ എഴുതിയ ഒരു പുസ്തകമുണ്ട്.  ആ പുസ്തകത്തിൽ ഇന്ത്യയെ കുറിച്ച് പറയുന്ന ഒരു ഭാഗമുണ്ട്.  അതിൽ അവർ പറയുന്നു ‘അപ്പ ഇന്ത്യയുടെ വൈസ് റോയിയായിരുന്നു. പരമാധികാരമുണ്ടായിരുന്ന ലോർഡ് മൗണ്ട് ബാറ്റൺ.  പക്ഷേ,  അമ്മയ്ക്ക് വേണ്ടിയിരുന്നത് അച്ഛന്റെ പരമാധികാരമായിരുന്നില്ല, പ്രേമം ആയിരുന്നു.

 അത് കിട്ടാത്ത അമ്മ എപ്പോഴും എന്റെ ഓർമ്മകളിലുണ്ട്. മധ്യവയസ് പിന്നിട്ട ശേഷം സ്ത്രീകൾ ജീവിക്കുന്ന ഒരു ജീവിതമുണ്ട്.  ആ ജീവിതം ഞാൻ അമ്മയിൽ കണ്ടിട്ടുണ്ട്. അൻപതുകൾ കഴിഞ്ഞ, മരണം കാത്തിരിക്കുന്ന പെണ്ണുങ്ങളുടെ മുറിയിൽ, വല്ലപ്പോഴും മാത്രം പ്രവർത്തിക്കുന്ന ചില സംഗീത ഉപകരണങ്ങളുടെ ശബ്ദം പോലെയായിരുന്നു ഇന്ത്യയിൽ നിന്ന് നെഹ്‌റുവിന്റെ കത്തുകൾ വന്നിരുന്ന ദിവസങ്ങളെല്ലാം. അതുകൊണ്ട് ഇന്ത്യ എനിക്കൊരു പ്രേമരാജ്യമാണ്.’ എന്നെഴുതിയത് മൗണ്ട് ബാറ്റന്റെ മകളാണ്.   രാജ്യം പ്രേമ രാജ്യമാകുന്നത് ജവഹർ ലാൽ നെഹ്‌റു വിലൂടെയാണ്. ആ വളർച്ച പുതിയ കാലത്ത് പോലും നാം വളർന്നിട്ടില്ല.

ഞാൻ റിലേഷൻഷിപ്പുകളെ കുറിച്ചല്ല പറയുന്നത്. ഒരു മനുഷ്യൻ അയാൾ ജീവിക്കാൻ വേണ്ടി തീരുമാനിച്ച സ്വയം ബോധ്യത്തെയും തിരിച്ചറിവിനെയും കുറിച്ചാണ് ഞാൻ പറയുന്നത്. അങ്ങനെ തിരിച്ചറിവുള്ള മനുഷ്യർ എപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.   നാം ഇപ്പോഴും ആ ജീവിതം ജീവിക്കാനാവാതെ പരാജയപ്പെട്ടു പോകുന്ന മനുഷ്യരാണ്.   അതിനാൽ,  അസൂയയോടെയോ ആവേശത്തോടെയോ നാം നോക്കുന്ന ചില മനുഷ്യരെയാണ് കഞ്ചാവിനകത്ത് ആവിഷ്കരിക്കാൻ വേണ്ടി ശ്രമിച്ചിട്ടുള്ളത്.

 ‘കഞ്ചാവ് ‘ മോഹൻലാലിനെ കുറിച്ചുള്ള ലേഖനത്തിൽ നിന്നാണ് ആരംഭിക്കുന്നത്.  മമ്മൂട്ടിയെ കുറിച്ച് ‘കഞ്ചാവി’ൽ എഴുതിയിട്ടില്ല.   പകരം മമ്മൂട്ടിക്ക് വേണ്ടി പ്രത്യേകം ‘മമ്മൂട്ടി, കണ്ടു കണ്ടു പെരുകുന്ന കടൽ’ എന്ന പുസ്തകം തന്നെ എഴുതി.  സൈലത്തിന്റെ പരസ്യത്തിലും മമ്മൂട്ടിയെയാണ് മലയാളി കണ്ടത്. ?

സൈലം തുടങ്ങുന്ന സമയത്ത് മുൻപിലുണ്ടായിരുന്ന ഏക വെല്ലുവിളി കുട്ടികളോട് സംസാരിക്കുന്ന ഭാഷ നമ്മൾ അറിയണം.   കാരണം നമ്മൾ എപ്പോഴും സംസാരിക്കുന്നത് കുട്ടികളോടാണ്. കുട്ടികൾക്ക് പ്രത്യേകിച്ച് അജണ്ടകളില്ല.  അവർ എപ്പോഴും ഓർഗാനിക്കാണ്.  പിക്കാസോയുടെ രസമുള്ള ഒരു കഥയുണ്ട്.  പിക്കാസോവിന്റെ  സ്റ്റുഡിയോയിലേക്ക് ഒരാൾ  പിക്കാസോ വിന്റെ  ഒരു ചിത്രവുമായി ഒപ്പിടാൻ വേണ്ടി വരുന്ന സമയത്ത്, പിക്കാസോ ഒരു ചിത്രം വരച്ചു കൊണ്ടിരിക്കുകയായിരുന്നു.  വര നിർത്തി,  ചിത്രം നോക്കിയിട്ട് പിക്കാസോ പറഞ്ഞു : ‘ഇതൊരു വ്യാജ ചിത്രമാണ്.  എന്റെ ചിത്രമല്ല’ എന്ന്.  അങ്ങനെ വന്നയാൾ നിരാശനായി തിരിച്ചുപോയി.  അയാൾ ഒരാഴ്ച കഴിഞ്ഞ് വീണ്ടും വന്നപ്പോഴും ആ വരച്ചുകൊണ്ടിരുന്ന ചിത്രം പിക്കാസോ പൂർത്തീകരിച്ചിട്ടില്ല.   അന്നും കൊണ്ടുവന്ന ചിത്രം നോക്കി പിക്കാസോ പറഞ്ഞു ‘ഇതും വ്യാജ ചിത്രമാണ്’.   അയാൾ വീണ്ടും തിരിച്ചു പോയി.

മൂന്നോ നാലോ തവണ ഇത് തന്നെ ആവർത്തിച്ച്, അഞ്ചാമത്തെ വട്ടം, മറ്റൊരു പുതിയ ചിത്രവുമായി വന്നപ്പോൾ, പിക്കാസോ അന്നും പറഞ്ഞു : ‘ഇതും വ്യാജ ചിത്രമാണ്’. അപ്പോൾ വന്നയാൾ അയാൾ പറഞ്ഞു :’ ഇത് വ്യാജമാണെന്ന് നിങ്ങൾ പറയരുത്.  കാരണം ഞാൻ ആദ്യം ഇവിടെ വന്നപ്പോൾ നിങ്ങൾ ഈ ചിത്രം ഇവിടെ വരച്ചുകൊണ്ടിരിക്കുകയായിരുന്നു.  ഇത് വിപണിയിലേക്ക് പോയ ഉടൻ ഞാൻ വാങ്ങി വന്നതാണ്. ‘  അപ്പോൾ പിക്കാസോവിന്റെ മറുപടി ഇങ്ങനെയായിരുന്നു :’ ഞാൻ ഇടയ്ക്ക് വ്യാജ ചിത്രങ്ങളും വരയ്ക്കാറുണ്ട് ‘.

മുതിർന്നവർ പലപ്പോഴും വ്യാജ ചിത്രങ്ങളും കൂടി വരയ്ക്കുന്നവരാണ്.  കുട്ടികൾക്കുള്ള ഏറ്റവും വലിയ ക്വാളിറ്റി അവർ വ്യാജ ചിത്രങ്ങൾ വരയ്ക്കുന്നവരല്ല എന്നതാണ്.  അവർ ആത്മാർത്ഥമായി ഈ ലോകത്തെ കാണുന്നവരും, സത്യസന്ധമായി ഒരാൾ സംസാരിക്കുന്നത് ഹൃദയത്തിലേക്ക് എടുക്കുന്നവരുമാണ്.    സൈലം കുഞ്ഞുങ്ങളോടാണ് സംസാരിക്കാൻ ശ്രമിക്കുന്നത്.  അതിന് ഞങ്ങൾ മതി.  ആ ഭാഷ ഞങ്ങൾക്കറിയാം.

 പക്ഷേ, പാരന്റൽ ഓഡിയൻസ് ഒരു ഡിസൈഡിങ് ഫാക്ടറായി ഈ കോച്ചിംഗ് മേഖലയിൽ നിൽക്കുന്നുണ്ട്.  രക്ഷകർത്താക്കളോട് സംസാരിക്കാൻ ആരാണ് ഉത്തമം എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു സത്യത്തിൽ മമ്മൂട്ടി.   മലയാളിക്ക് മമ്മൂട്ടിയോട് ഒരു വിശ്വാസമുണ്ട്.   മോഹൻലാൽ അവതരിപ്പിക്കുന്ന പലതും, മമ്മൂട്ടി അവതരിപ്പിച്ചാൽ മനസ്സിലാകാത്തവരാണ് മലയാളികൾ എന്ന് ഞാൻ വിചാരിക്കുന്നുണ്ട്.  ടെലിവിഷൻ റിയാലിറ്റി ഷോ അവതരിപ്പിക്കുന്ന മമ്മൂട്ടിയെ മലയാളിക്ക് സങ്കൽപ്പിക്കാൻ  കഴിയില്ല.  മമ്മൂട്ടിക്ക് അറിയാം മമ്മൂട്ടിയിൽ നിന്ന് കേരളത്തിന്റെ പൊതുബോധം പ്രതീക്ഷിക്കുന്നത് എന്താണെന്ന്.  ‘വൈകിട്ടെന്താ പരിപാടി’ എന്ന പരസ്യം മോഹൻലാലിന് മാത്രമേ അവതരിപ്പിക്കാൻ കഴിയൂ, മമ്മൂട്ടിക്ക് കഴിയില്ല.  ഈയൊരു വ്യത്യാസം മമ്മൂട്ടിയും മോഹൻലാലും തമ്മിലുണ്ട്.  മലയാളത്തിന്റെ രക്ഷാകർതൃ  ബോധത്തിന് എളുപ്പം മനസ്സിലാകുന്നത് മമ്മൂട്ടിയെയാണ് എന്ന തോന്നലിൽ  നിന്നാണ് സൈലത്തിലേക്ക് മമ്മൂട്ടിയെ കൊണ്ടുവരുന്നത്.ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരവും അതുതന്നെയാണ്.  ‘മമ്മൂട്ടി, കണ്ടു കണ്ടു പെരുകുന്ന കടൽ’ എന്ന പുസ്തകത്തിൽ ഞാൻ എഴുതിയിട്ടുണ്ട്.

മമ്മൂട്ടി, മധ്യവർഗ മലയാളി ജീവിതത്തിന്റെ യഥാർത്ഥ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ്.   മമ്മൂട്ടിയുടെ മീറ്ററിലാണ് ഇവിടത്തെ ജീവിതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.   മലയാളി മധ്യവർഗ പുരുഷൻ ചെയ്യുന്ന നൃത്തം, മമ്മൂട്ടിയുടെ നൃത്തമാണ്.  മമ്മൂട്ടിയെ വിമർശിക്കുമെങ്കിലും, നാം ജീവിതത്തിൽ ചെയ്യുന്ന നൃത്തമാണ് മമ്മൂട്ടി സ്ക്രീനിൽ ആവിഷ്കരിക്കാൻ വേണ്ടി ശ്രമിച്ചിട്ടുള്ളത്.   നമ്മൾ പറഞ്ഞു പരാജയപ്പെടുന്ന തമാശകളാണ് മമ്മൂട്ടിത്തമാശകൾ എന്ന് പറയുന്നത്. മലയാളി പ്രേമം പറയുന്നതുപോലും മമ്മൂട്ടിയുടെ മീറ്ററിലാണ്.  ഐ ലവ് യു എന്നുവിളിച്ച് മോഹൻലാൽ ഓടുന്ന ഓട്ടം ജീവിതത്തിൽ ഒരിക്കലും ആരും ഓടിയിട്ടില്ല.  അതുകൊണ്ട് മോഹൻലാൽ ഒരു സ്വപ്ന ജീവിതവും മമ്മൂട്ടി മലയാളിക്ക് റിയാലിറ്റിയുമാണ് എന്ന് ഞാൻ കരുതുന്നു.  ‘കഞ്ചാവ്’ സ്വപ്ന ജീവിതത്തിന്റെ പുസ്തകമാണ്.   ‘കഞ്ചാവ്’ എന്ന ടൈറ്റിൽ പോലും മോഹൻലാലിനെ കുറിച്ച് എഴുതിയ ലേഖനത്തിന്റെ ടൈറ്റിലാണ്.   ‘ എന്റെ ടെറസിന് മുകളിൽ ഞാൻ രഹസ്യ കാമനകളുടെ ഒരു കഞ്ചാവ് ചെടി വളർത്തിയിരുന്നു.  ആ കഞ്ചാവ് ചെടിയുടെ പേരാണ് മോഹൻലാൽ’ എന്നത് സത്യത്തിൽ ലാലിനു കൊടുത്ത ടൈറ്റിൽ ആയിരുന്നു.  സ്നേഹിക്കുന്നതോടൊപ്പം തന്നെ ഒരുപാട് വിമർശനങ്ങളും മോഹൻലാലിനെ നേരെ ഉണ്ടായിട്ടുണ്ട്.   എല്ലാ പരിമിതികളെയും അംഗീകരിച്ച ലാൽ ആരാധകനാണ് കഞ്ചാവിനകത്തുള്ളത്.   ‘വൈകിട്ടെന്താ പരിപാടി എന്ന് ചോദിക്കുന്ന മോഹൻലാലിനെ തന്നെയാണ് എനിക്കിഷ്ടം’  എന്ന് ഞാൻ കഞ്ചാവിനകത്ത് എഴുതുന്നുണ്ട്.     ലാലേട്ടൻ നമ്മൾ ഉദ്ദേശിച്ച ആളല്ല എന്ന് ആളുകൾ പരാതി പറഞ്ഞതിനെ കുറിച്ച് പറയുമ്പോഴും,  എനിക്ക് പരാതിയില്ല.  ലാലേട്ടൻ ഞാൻ ഉദ്ദേശിച്ച ആളാണ് എന്ന് ഞാൻ എഴുതുന്നു.  

അക്ബർ കക്കട്ടിൽ എഴുതിയ ‘ഉമ്മുക്കുലുസു’ എന്ന കഥയുണ്ട്. അക്ബർ കക്കട്ടിൽ എന്ന കഥാകൃത്ത് തന്നെയാണ് കഥയിലെ നായകനും.  അതിൽ ഉമ്മുക്കുലുസു എന്ന പെൺകുട്ടി അക്ബർ കക്കട്ടിലിന് കത്തെഴുതുന്നുണ്ട്.   ‘മാഷേ.., ഞാൻ മാഷിന്റെ കഥകളൊക്കെ വായിച്ചു. എനിക്ക് മാഷിനെ ഇഷ്ടമാണ്.  എനിക്ക് മാഷിനെ ഒന്ന് കാണണം’ എന്ന്.  ഉമ്മുക്കുലുസുവിന് അക്ബർ കക്കട്ടിൽ മറുപടി നൽകുന്നത് : ‘ മോള് കഥകളിൽ വായിച്ച, മോള് ഇഷ്ടപ്പെട്ട അക്ബർ മാഷിനെ മോള് കണ്ടുകഴിഞ്ഞു…. മോള് തൊട്ടു കഴിഞ്ഞു… അയാൾ കഥകളിൽ മാത്രമാണുള്ളത്.  ഇപ്പോൾ മോള് കാണണം എന്ന് ആവശ്യപ്പെടുന്ന ഈ അക്ബർ കക്കട്ടിൽ ഒരിക്കലും മോള് കാണാൻ പാടില്ലാത്ത ഒരാളാണ്.  അയാൾ മോള് മനസ്സിൽ സങ്കൽപ്പിച്ച അക്ബർ കക്കട്ടിലുമായി ഒരു ബന്ധവുമില്ലാത്ത ആളാണ്.  അയാളെ കാണണ്ട’  എന്നാണ്.  

 താരാരാധന അങ്ങനെ കൂടിയാണ് എന്ന് ഞാൻ വിചാരിക്കുന്നു.  പുസ്തകങ്ങളിൽ വായിച്ച, സിനിമകളിൽ കണ്ട മനുഷ്യരായിരിക്കില്ല യഥാർത്ഥ മനുഷ്യർ.  ഇത് രണ്ടും രണ്ടാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം താരാരാധകനായ ഒരു മനുഷ്യൻ സൂക്ഷിക്കുന്നതാണ് അപകടമില്ലാത്ത  ജീവിതത്തിന് ഗുണകരം.  ധാരാളം വിവാദങ്ങളൊക്കെ നിലനിൽക്കുന്ന ഒരു പശ്ചാത്തലത്തിലാണ് നമ്മൾ സംസാരിക്കുന്നത്.  

 വൈരമുത്തു  മനോഹരമായ പാട്ടുകൾ നമുക്ക് തന്നിട്ടുണ്ട്.  വൈരമുത്തുവിനെ എന്തു ചെയ്യുമെന്നുള്ള ചോദ്യം നമ്മുടെ മുന്നിലുണ്ട്.  വൈര മുത്തുവിന്റെ പാട്ട് മാത്രം നമ്മൾ കേട്ടാൽ മതി. വൈര മുത്തുവിനെ കാണാൻ ഇറങ്ങിത്തിരിക്കുന്ന ഒരാൾ,  വൈരമുത്തു യിലെ അപകടകാരിയെ കൂടി മുഖാമുഖം കാണേണ്ട  അവസ്ഥ ജീവിതത്തിൽ ഉണ്ടായേക്കാം.  

അയ്യപ്പൻ വലിയ കവിയാണ്.  പക്ഷേ ആ കവിത്വം അയ്യപ്പനിലെ മനുഷ്യനുണ്ടാകും എന്ന്  കരുതാനാകില്ല.

 മോഹൻലാലിനെ എനിക്കിഷ്ടമാണ് എന്നതിൽ, മോഹൻലാലിനെ മനുഷ്യനെ  ഇഷ്ടപ്പെടുമ്പോൾ, ഞാൻ അതിന്റെ അപകടങ്ങളെ കൂടി ഉൾക്കൊള്ളാൻ സജ്ജമാണ് എന്ന തിരിച്ചറിവാണ് ആ പറച്ചിലിന് പിന്നിൽ.  സച്ചിൻ ടെണ്ടുൽക്കറിന്റെ ക്രിക്കറ്റാണ് എനിക്കിഷ്ടം.  സച്ചിനിലെ മനുഷ്യനെ ഞാൻ ഇഷ്ടപ്പെടേണ്ടതുണ്ടോ എന്നത് എന്റെ മാത്രം ചോയ്സാണ്.  അങ്ങനെ കാണാൻ കഴിയാത്തതിന്റെ പരിമിതിയാണ് ഇത്തരം മനുഷ്യരുമായി ബന്ധപ്പെട്ട് നാം ഉന്നയിക്കുന്ന പരാതികൾ.  സച്ചിൻ അതു പറഞ്ഞു,  മോഹൻലാൽ ഇതു പറഞ്ഞു,  നമുക്ക് വലിയ രാഷ്ട്രീയ മാതൃകകളായി അവതരിപ്പിക്കേണ്ട ആളുകളാണോ ഇവരൊക്കെ എന്നൊരു പ്രശ്നം കൂടിയുണ്ട്. സിനിമാതാരത്തിൽ നിന്നും ക്രിക്കറ്റ് താരത്തിൽ നിന്നുമൊക്കെ എന്തിനാണ് ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പ്രതീക്ഷിക്കുന്നത്.  കെ എസ് ചിത്രയുടെ അഭിപ്രായത്തെ അയോധ്യയുമായി ബന്ധപ്പെട്ട് പറയുമ്പോൾ, പൊളിറ്റിക്കൽ ഉൽപ്പന്നമായി അവരുടെ പോപ്പുലാരിറ്റി ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന തർക്കം നിലനിൽക്കുമ്പോഴും, ചിത്രയെ പോലൊരു പാട്ടുകാരിയിൽ നിന്ന് അതിനപ്പുറത്തേക്കുള്ള ഒന്ന് നമ്മൾ എന്തിനാണ് പ്രതീക്ഷിക്കുന്നത് എന്നൊരു പ്രശ്നമുണ്ട്.   ഞാൻ ആരംഭത്തിൽ പറഞ്ഞ തലമുറയുടെ പ്രശ്നം അവിടെയാണ് കിടക്കുന്നത്.  ഓരോന്നിനെയും ഓരോന്നായി തന്നെ വേർതിരിച്ച് കണ്ട് മനസ്സിലാക്കാനുള്ള തിരിച്ചറിവ് കൂടി  ശീലിക്കേണ്ടിയിരിക്കുന്നു.  അങ്ങനെയാണെങ്കിൽ ഒരു പരിധി വരെ തർക്കങ്ങൾ അവസാനിപ്പിക്കാൻ കഴിയും.

 രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിലൊക്കെ കൃത്യമായ നിലപാടുകൾ താങ്കൾ പലയിടങ്ങളിലും പറയാറുണ്ട്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ,  ഒരു ബിസിനസ് സ്ഥാപനത്തിന്റെ കൂടി ഭാഗം എന്ന നിലയിൽ  നിലനിൽപ്പിനെ കുറിച്ച് ചിലപ്പോഴെങ്കിലും ഭയം തോന്നാറുണ്ടോ ?_ 

 ഞാൻ വ്യക്തിപരമായി പൊളിറ്റിക്കലായ ഒരാൾ കൂടിയാണ്.  ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നോവലാണ് എന്റെ ആദ്യത്തെ പുസ്തകങ്ങളിൽ ഒന്ന്.  ഇന്ത്യയിൽ സംഭവിക്കുന്ന വർഗീയ വൽക്കരണത്തെയും , അനുദിനം മോശമായി കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെയും ഭയക്കുന്ന ഒരാൾ കൂടിയാണ്.  സി എ എ യിലും എൻ ആർ സി യിലും ചർച്ചകൾ വന്നു നിൽക്കുന്ന സമയത്ത് ഈ രാജ്യം ഇങ്ങനെയൊന്നും ആകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.  കഴിഞ്ഞ ദിവസം, വിവാഹവുമായി ബന്ധപ്പെട്ട ഒരു സംവാദത്തെ കുറിച്ച് സംസാരിച്ച സമയത്ത്, ഞാൻ പറഞ്ഞു,  മനുഷ്യന് ധാരാളം ചോയിസുകളുണ്ട്. വിവാഹം കഴിക്കാം, കഴിക്കാതിരിക്കാം . അത്തരം ചോയിസുകളെയൊക്കെ ധൈര്യപൂർവ്വം ഏറ്റെടുക്കണം.  ഇതൊന്നും അനിവാര്യതയല്ല.  എന്നാൽ വിവാഹിതരെ പരിഹസിക്കേണ്ടതുണ്ടോ എന്നൊരു പ്രശ്നമുണ്ട്.

പുരോഗമനത്തിന്റെ ഭാഗമായിട്ടൊക്കെ ചിലരെങ്കിലും പരിഹസിക്കപ്പെടുന്നുണ്ട്.  സംവാദങ്ങളിലൊക്കെ വിശ്വാസി പരിഹസിക്കപ്പെടുന്ന ഒരാളാണ്.  സമൂഹം പുരോഗമിക്കുന്നതിനനുസരിച്ച് വിശ്വാസങ്ങളിൽ പ്രശ്നമുണ്ട്.  നാം വിശ്വസിക്കേണ്ടത് ഉണ്ടോ എന്നുള്ളത് വേറെ കാര്യമാണ്.  വിശ്വാസിക്ക് അതേ നിലയിൽ തുടരാൻ കഴിയുന്ന, വിവാഹിതന് വിവാഹിതനായി തുടരാൻ കഴിയുന്ന ഒരിടം ഇവിടെയുണ്ട്. ജവഹർലാൽ നെഹ്റുവിനെയാണ് അവിവാഹിതരായ പ്രധാനമന്ത്രിമാരേക്കാൾ എനിക്കിഷ്ടം എന്ന് ഞാൻ പറഞ്ഞിരുന്നു.  അപകടകാരി എന്നു പറയുന്നത് വ്യക്തിപരമായി അയാൾ ആർജ്ജിച്ച പല മൂല്യങ്ങളുടെയും മറുവശമായിരിക്കുമെന്ന്.  ഇന്ത്യ ജീവിക്കാൻ കൊള്ളാത്ത ഒരു നാടായി അനുദിനം  മാറിക്കൊണ്ടിരിക്കുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവും ഒരുകാലത്തും ഇല്ല.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....