(Photo Courtesy : X)
നീപെഡോ : മ്യാൻമാറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പങ്ങളിൽ 20 മരണം. 43 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. 7.7, 6.4 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടർച്ചയായ ഭൂകമ്പങ്ങളാണ് ഉണ്ടായത്. ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകർന്നതായും റിപ്പോർട്ടുണ്ട്. ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മണ്ഡലേയിലെ ഒരു പള്ളി തകർന്ന് വീണാണ് കൂടുതൽ മരണം സംഭവിച്ചത്. പ്രാർത്ഥന നടക്കുന്നതിനിടെയാണു പള്ളി തകർന്നു വീണത്. അവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടാൻ സാദ്ധ്യതയുണ്ടെന്ന് പറയുന്നു. മണ്ഡലേയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണതായും വാർത്തയുണ്ട്.
നിർമ്മാണത്തിലിരിക്കുന്ന 30 നില കെട്ടിടം തകർന്നു വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. കെട്ടിടത്തിനുള്ളിൽ 43 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടം തകർന്നു വീഴുന്നതിന് പിന്നാലെ കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ഒട്ടേറെപ്പേർ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കാണാം. നീപെഡോവിലെ 1000 കിടക്കകളുള്ള ഒരു ആശുപത്രിയിലും ഭൂചലനം നാശം വിതച്ചെന്ന് റിപ്പോർട്ടുകളുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വെയുടെ കണക്ക് പ്രകാരം മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പട്ടാള ഭരണമുള്ള മ്യാൻമറിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്. അതേസമയം മ്യാൻമറിലെ ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങൾ നൽകാനും ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര യോദി എക്സിൽ അറിയിച്ചു.
തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ ആഘാതം 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിനെ പിടിച്ചുകുലുക്കി. ബാങ്കോക്കിലെ നിരവധി ബഹുനില കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു. ഭൂകമ്പത്തിൽ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ നിർബ്ബന്ധിതരായി. ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിരവധി കെട്ടിടങ്ങൾ ആടിയുലഞ്ഞതിനാൽ ആളുകളെ ഒഴിപ്പിച്ചു. എന്നിരുന്നാലും, തായ് തലസ്ഥാനത്ത് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
..
.