ബെംഗളൂരു: കർണ്ണാടക ഉപമുഖ്യമന്ത്രിയും കനകപുര മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎയുമായ ഡികെ ശിവകുമാര്‍ വീണ്ടും തെരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങുന്നു. ചന്നപട്‌ന മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലാണ് മല്‍സരിക്കുന്നതെന്നറിയുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
വൊക്കലിഗ സമുദായത്തിന് വലിയ സ്വാധീനമുള്ള ജില്ലയായ രാമനഗര ഉൾപ്പെടുന്നതാണ് ചന്നപട്‌ന നിയമസഭാ മണ്ഡലം. ഈ ജില്ലയിലെ രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളത് എച്ച്ഡി കുമാരസ്വാമിക്കും കുടുംബത്തിനുമാണ്. വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള പ്രധാന നേതാവാണ് കുമാരസ്വാമി. ചന്നപട്‌ന നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ആയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കുമാരസ്വാമി മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച് ജയിച്ച് കേന്ദ്രമന്ത്രിയായി. ഇതേ തുടര്‍ന്നാണ് ചന്നപട്‌ന നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
അതേ സമുദായ അംഗമാണ് ഡികെ ശിവകുമാറും. ചന്നപട്‌ന മണ്ഡലത്തിലെ ക്ഷേത്രങ്ങളില്‍ ഇപ്പോൾ നിത്യ സന്ദര്‍ശകനാണ് ഡി കെ. കോണ്‍ഗ്രസ് ഈ മണ്ഡലം പിടിക്കാനുള്ള പദ്ധതിയിടുന്നതിന്റെ ഭാഗമാണ് ഡികെയുടെ വരവ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ റൂറല്‍ മണ്ഡലത്തില്‍ ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷ് മല്‍സരിച്ചിരുന്നെങ്കിലും ബിജെപിയുടെ സിഎന്‍ മഞ്ജുനാഥിനോട് തോറ്റു. അതുകൊണ്ടുതന്നെ, ചന്നപട്‌നയിലെ ഉപതിരഞ്ഞെടുപ്പില്‍ ഡികെ സുരേഷ് മല്‍സരിക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍.
ഡികെ സുരേഷിൻ്റെ പരാജയത്തിന് വഴിവെച്ചത് കുമാരസ്വാമിയുടെ തന്ത്രങ്ങളാണെന്ന് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മണ്ഡലം എന്തുവില കൊടുത്തും പിടിക്കണമെന്നുള്ള വാശിയും ഡികെ ശിവകുമാറിനുണ്ട്. ഇതാണ് മറ്റ് നേതാക്കളെ കളത്തിലിറക്കുന്നതിന് പകരം ഡികെ ശിവകുമാര്‍ നേരിട്ട് പൊരുതാനിറങ്ങാൻ കാരണമെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപിയും ജെഡിഎസും നിലവില്‍ സഖ്യകക്ഷികളാണ്. വരും തെരഞ്ഞെടുപ്പുകളിലും സഖ്യം തുടരുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ചന്നപട്‌നയില്‍ സഖ്യ സ്ഥാനാര്‍ത്ഥിയായി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി, എംഎല്‍സി സിപി യോഗേശ്വര എന്നിവരുടെ പേരുകളാണ് പൊന്തിവരുന്നത്.
കുമാരസ്വാമിയുടെ പ്രതിനിധിയെ പരാജയപ്പെടുത്തി രാമനഗര ജില്ലയിലെ സ്വാധീനം ശക്തിപ്പെടുത്തണമെന്നാണ് ഡികെ സഹോദരന്മാരുടെ തീരുമാനം. 2018 ലും 2023 ലും ചന്നപട്‌നയില്‍ നിന്ന് ജയിച്ചത് കുമാരസ്വാമിയാണ്. അതിന് മുമ്പ് യോഗേശ്വരയും. ചന്നപട്‌നയില്‍ ഡികെ ശിവകുമാര്‍ ജയിച്ചാല്‍ കനകപുരയില്‍ ഡികെ സുരേഷിനെ മല്‍സരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.