20 ലോക്സഭാ മണ്ഡലങ്ങൾ, ഒമ്പത് വനിതാ സ്ഥാനാര്‍ഥികൾ. ഒരാൾ പോലും ലോകസഭയിലെത്തിയില്ല. മത്സരിച്ചവരെല്ലാം പരാജയം രുചിച്ചു.. .
സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂർ എംഎൽഎയുമായ കെ.കെ. ശൈലജയുടെ തോൽവിയായിരുന്നു ഇതിൽ ഏറ്റവും കനത്തത്.
കോൺഗ്രസിന്റെ ഷാഫി പറമ്പിൽ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വടകരയിൽ ശൈലജയെ തോൽപിച്ചത് എന്നുള്ളത് വരും ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടും
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച ഇടതുപക്ഷ സ്ഥാനാർത്ഥി ആനി രാജയാണ് മറ്റൊരു പ്രശസ്തമുഖം. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനായിരുന്നു ആനി രാജയുടെ മറ്റൊരു എതിരാളി. സുരേന്ദ്രനെ മൂന്നാം സ്ഥാനത്താക്കി ആനി രാജക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ആലത്തൂരിലെ കോൺഗ്രസിന്റെ സിറ്റിങ് എം.പി.രമ്യ ഹരിദാസാണ് പരാജയം രുചിച്ച മറ്റൊരു സ്റ്റാർ സ്ഥാനാർഥി. നിയമസഭ അംഗവും ദേവസ്വം മന്ത്രിയുമായ കെ. രാധാകൃഷ്ണനാണ് ഇവിടെവിജയിച്ചത്. ഇടതുപക്ഷത്തൻ്റെ കേരളത്തിൽ വിജയിച്ച ഏക ലോകസഭാ സീറ്റും ആലത്തൂരിലേതാണ്.
ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥിയും ഒരു വനിതയായിരുന്നു, ടി.എൻ. സരസു. രമ്യയും സരസുവും യഥാക്രമം രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമായി.
ആലപ്പുഴയിൽ ജനവിധി തേടിയ ബിജെപിയുടെ കേരളത്തിലെ പ്രമുഖ വനിതാ മുഖം ശോഭാ സുരേന്ദ്രനും ശോഭിക്കാൻ കഴിഞ്ഞില്ല. എൻഡിഎ കേരളത്തിൽനിന്നും വിജയമുറപ്പിച്ചിരുന്ന സീറ്റുകളിൽ ഒന്നായിരുന്നു ശോഭാ സുരേന്ദ്രന്റേതെങ്കിലും മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റപ്പെട്ടു.. കോൺഗ്രസിന്റെ കെ.സി. വേണുഗോപാലാണ് ആലപ്പുഴയിൽ വിജയിച്ചത്.
എറണാകുളത്ത് കോൺഗ്രസ്സിൻ്റെ ഐബിഈഡന് എതിരെ ഇടതുപക്ഷം അവതരിപ്പിച്ച കെജെ ഷൈനും പരാജയം ഏറ്റുവാങ്ങി. വലിയ ഭൂരിപക്ഷത്തിലാണ് ഇത്തവണ ഇവിടെ ഐബിയുടെ വിജയം എന്നതും ഇടത് ക്യാമ്പിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കും.
ബിജെപി സ്ഥാനാർഥികളായ നിവേദിത സുബ്രഹ്മണ്യൻ (പൊന്നാനി), എം.എൽ. അശ്വിനി (കാസർകോട്), ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാർഥി സംഗീത വിശ്വനാഥൻ എന്നിവരാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടാതെ പോയ മറ്റ് വനിതാ സ്ഥാനാർഥികൾ