SpiceJet representation image
ജിദ്ദ: ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കു പറന്നുയര്‍ന്ന സ്‌പൈസ്‌ജെറ്റ് വിമാനം ഒരു മണിക്കൂറിനുശേഷം തിരിച്ചിറക്കി. ജിദ്ദയില്‍നിന്നും രാവിലെ 9.45 ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ്‌ജെറ്റിന്റെ 036 വിമാനമാണ് അസാധാരണമായി തിരിച്ചിറക്കിയത്. പതിവിന് വിപരീതമായി ഇന്ന് ഒരു മണിക്കൂറോളം വൈകി 10.40 ന് പുറപ്പെട്ട വിമാനം, പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുശേഷം ജിദ്ദയില്‍തന്നെ തിരിച്ചിറക്കുകയായിരുന്നു. എഞ്ചിന്‍ തകരാറാണ് വിമാനം തിരിച്ചിറക്കാൻ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്തില്‍ നിന്നും അസാധാരണ ശബ്ദം കേട്ടുവെന്നും ഇടതുഭാഗത്തെ ചിറകിനടിയില്‍നിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടുവെന്നും യാത്രക്കാര്‍ പറയുന്നു. വിമാനം പറന്നുയരുന്ന സമയത്ത് എ.സി തകരാറിലായിരുന്നതായും യാത്രക്കാര്‍ പറഞ്ഞു. പൈലറ്റ് ഏറെ സാഹസികമായാണ് വിമാനം തിരിച്ചിറക്കിയതെങ്കിലും പെട്ടെന്ന് തിരിച്ചിറങ്ങുന്ന സമയത്ത് വിമാനത്തിന്റെ ടയറിനും തകരാര്‍ സംഭവിച്ചു.
ഒന്നര മണിക്കൂറിനുള്ളില്‍ തകരാര്‍ ശരിയാക്കുവാന്‍ സാധിച്ചാല്‍ യാത്രക്കാരെ ഇതേവിമാനത്തില്‍ തന്നെ കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. യാത്രമുടങ്ങിയവരെ പിന്നീട് ജിദ്ദയിലെ ഒരു ഹോട്ടലിലേക്ക് മാറ്റി. നാളെ രാവിലെ യാത്രക്കാരെ കൊണ്ടുപോകുമെന്നാണ് ഇപ്പോൾ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.