ബാർബഡോസ് : ട്വന്റി20 ലോകകപ്പിലെ കിരീട നേട്ടം ടീം ഇന്ത്യ പൂർണ്ണമായും അർഹിച്ചിരുന്നതാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസൺ. ‘‘ഒരു ലോകകപ്പ് അത്രയെളുപ്പത്തിൽ സംഭവിക്കുന്ന ഒന്നല്ല. ഈ അനുഭൂതി വീണ്ടും അനുഭവിക്കാൻ ഞങ്ങൾക്ക് 13 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. എന്തൊരു ഫൈനലായിരുന്നു അത്. ഞങ്ങൾ ഈ വിജയം അർഹിച്ചിരുന്നു. ഇത് ആഘോഷിക്കാനുള്ള സമയമാണ്.” സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ട്വന്റി20 ലോകകപ്പ് ട്രോഫി കയ്യിലെടുത്ത് രോഹിത് ശർമ്മക്കൊപ്പമുള്ള ചിത്രവും സഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
1983 ക്രിക്കറ്റ് ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
സുനിൽ വൽസനും എസ്. ശ്രീശാന്തിനും ശേഷം ലോകകപ്പ് വിജയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ മൂന്നാമത്തെ മലയാളി താരമാണു സഞ്ജു സാംസൺ.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സഞ്ജുവിന് ട്വൻ്റി20 ലോകകപ്പ് ടീമിൽ ഇടം നൽകിയത്. പക്ഷെ, ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ സഞ്ജുവിനു സാധിച്ചില്ല. ഇനി
സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിക്കാനിറങ്ങും. ജൂലൈ ആറിനാണ് അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര തുടങ്ങുന്നത്.