ഡോ. മുഹമ്മദ് അഷ്റഫ്
30 സെക്കന്റ് കൊണ്ടവൻ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രമായി.
തുർക്കി-പോർട്ടുഗൽ യുറോ കപ്പ് മത്സരത്തിന്റെ അറുപത്തി എട്ടാം മിനിറ്റിൽ ഡോർട്ട്‌മുണ്ട് സ്റ്റേഡിയത്തിന്റെ മദ്ധ്യ ഭാഗത്തു നിന്ന് വെടിച്ചില്ല് കണക്കെ ഒരു ചെറിയ ചെക്കൻ കളിക്കളത്തിലേക്ക് ഒരൊറ്റ ഓട്ടം. കൈയിൽ വീഡിയോ മോഡ് ഓൺ ചെയ്തു വച്ച അവന്റെ മൊബൈൽ ഫോണും. ഓട്ടം അവസാനിച്ചത് അവന്റെ പ്രിയപ്പെട്ട ക്രിസ്റ്റിയാനോ റൊണാൾഡോക്കു മുന്നിൽ. പിന്നിൽ അവനെ പിടി കൂടാൻ പിൻതുടർന്ന ഒരു പറ്റം സുരക്ഷാ ജീവനക്കാരും. അതിശയമെന്നേ പറയേണ്ടൂ, അവരെ ഒക്കെ അമ്പരപ്പിച്ചു കൊണ്ട് ക്രിസ്റ്റിയാനോ ആ പത്തു വയസുകാരനെ ആശ്ളേഷിച്ചു ചേർത്തു പിടിച്ചു. ചിരിയോടെ അവനൊപ്പം സെൽഫിക്കു പോസ് ചെയ്തു. അവനു ആവശ്യമുള്ളത്രയും ചിത്രങ്ങൾ ഒപ്പിയെടുക്കാൻ കൂട്ട് നിന്നു! ശേഷം പയ്യൻ വന്നത് പോലൊരു പാച്ചിലായിരുന്നു തിരിച്ചും. സെക്യുരിറ്റിക്കാർ മുൻപത്തെപ്പോലെ പുറകെയും.
സ്റ്റേഡിയത്തിനുള്ളിൽ കളിക്കാരുടെ വേഗം അളക്കുന്ന സംവിധാനം അപ്പോഴേക്കും അവന്റെ വേഗം കണ്ടെത്തിയിരുന്നു, മണിക്കൂറിൽ 24 കിലോമീറ്റർ ! 8.34 ദശ ലക്ഷം പേർ ഇതിനകം അവന്റെ സാഹസികത ലൈവായി കണ്ടു.
പയ്യൻ്റെ ‘ഹിസ്റ്ററി’യും തത്സമയം പുറത്തുവന്നു – അൽബാനിയയിൽ നിന്ന് ജർമ്മനിയിലേക്ക് കുടിയേറിയെത്തിയവൻ. കുടുംബത്തോടൊപ്പം ഹെസ്സെ സംസ്ഥാനത്തിലെ കാസൽ നഗരത്തിലാണ് താമസം.അവിടുത്തെ U 11 KSV ഫുട്ബോൾ ടീമിലെ കളിക്കാരൻ.
സെക്യുരിറ്റിക്കാരെ മാത്രമായിരുന്നില്ല അവൻ പറ്റിച്ചത്. അവന്റെ ആവശ്യം അനുസരിച്ചു പിതാവ് ഏറ്റവും മുൻ നിരയിലെ 400 യുറോ വീതം വിലയുള്ള 4 ടിക്കറ്റുകൾ വാങ്ങിയിരുന്നു.
തക്ക സമയം എത്തിയപ്പോൾ അവൻ പിതാവിനോട് പറഞ്ഞു അവനു അത്യാവശ്യമായി ടോയിലറ്റിൽ പോകണമെന്ന്. ചെറിയ വേലിക്കെട്ട് ചാടിക്കടക്കാനും ലക്ഷ്യം പിന്തുടർന്ന് ഓടാനും അധികസമയമെടുത്തില്ലവൻ. പിന്നെ നടന്നത് ഒരു കൊച്ചു ഫുട്ബോൾ ” മുത്തശ്ശിക്കഥ.”
എന്തായാലും ബേറാന്റെ പേരിൽ ബോറൻ നടപടികളൊന്നുമുണ്ടായില്ല. അവനിപ്പോൾ നാട്ടിലെ പ്രധാന ഹീറോയാണ്. സ്‌കൂളിലും നാട്ടിലും ഒക്കെ അവനു ആയിരക്കണക്കിന് ആരാധകർ.
അവന്റെ മുറി മുഴുവൻ പ്രിയപ്പെട്ട ക്രിസ്റ്റിയാനോയുടെ ചിത്രങ്ങളും ജെർസികളും. ബേറാൻ്റെ സാഹസികതയെക്കൊപ്പം തന്നെ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അവനോടുള്ള സമീപനവും ഫുട്ബോൾ ലോകത്ത് ഏറെ പ്രശംസിക്കപ്പെടുകയാണ്.