സെന്റ് ലൂസിയ: ട്വൻ്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ആദ്യമായി സെമി കണ്ടു. ലോകകപ്പ് ടൂർണ്ണമെൻ്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യം പ്രവചിച്ച ഒരാളുണ്ട് – വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. ലാറയുടെ പ്രവചനത്തെ സംബന്ധിച്ച് അഫ്ഗാനിസ്ഥാൻ നായകൻ റാഷിദ് ഖാനും പ്രതികരിച്ചു.
മത്സരശേഷം ലാറയുടെ പ്രവചനം ഓർത്തെടുത്ത അഫ്ഗാൻ നായകൻ അദ്ദേഹത്തിന്റെ പ്രവചനം ശരിയാണെന്ന് തങ്ങൾ തെളിയിച്ചെന്നും കൂട്ടിച്ചേർത്തു.
ഞങ്ങൾ സെമിയിലെത്തുമെന്ന് പ്രവചിച്ച ഒരേയൊരാൾ ബ്രയാൻ ലാറയാണ്. ഞങ്ങൾ അത് ശരിയാണെന്ന് തെളിയിച്ചു. അദ്ദേഹത്തെ ഒരു പാർട്ടിയിൽ വെച്ച് കണ്ടപ്പോൾ താങ്കളെ നിരാശപ്പെടുത്തില്ലെന്ന് ഞാൻ പറഞ്ഞിരുന്നു.- റാഷിദ് ഖാൻ പ്രതികരിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിനേയും സൂപ്പർ 8 ൽ ഓസ്ട്രേലിയയേയും ബംഗ്ലാദേശിനേയും കീഴടക്കിയാണ് അഫ്ഗാനിസ്ഥാൻ ലാറയുടെ പ്രവചനത്തെ സാർത്ഥകമാക്കിയത്.
നിർണ്ണായകമായ സൂപ്പർ എട്ട് മത്സരത്തിൽ ബംഗ്ലാദേശിന് മേൽ എട്ട് റൺസ് വിജയം ഉറപ്പിച്ചാണ് അഫ്ഗാനിസ്ഥാൻ ലോകകപ്പ് സെമിയിലേക്ക് ആദ്യമായി കാലെടുത്തു വെച്ചത്. ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലേക്ക് തങ്ങളുടേതായ ഒരേട് അഫ്ഗാൻ എഴുതിച്ചേർത്തു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു.116 റൺസെന്ന ലക്ഷ്യം 12.1 ഓവറിൽ മറികടന്നാൽ ബംഗ്ലാദേശിന് സെമിയിലെത്താമായിരുന്നു. എന്നാൽ അഫ്ഗാൻ അതിന് അവസരം കൊടുത്തില്ല. മഴ മൂലം വിജയലക്ഷ്യം 19 ഓവറിൽ 114 റൺസാക്കിയിരുന്നു. റൺസ് എത്തിപ്പിടിക്കും മുൻപെ, ബംഗ്ലാദേശിനെ 105 റൺസിന് പുറത്താക്കി അഫ്ഗാനിസ്ഥാൻ സെമി ബർത്ത് ഉറപ്പിച്ചു.