ട്വൻ്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ ജയത്തോടെ തുടങ്ങി ഇന്ത്യ. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 47 റൺസിനാണ് പരാജയപ്പെടുത്തിയത്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 134 റൺസെടുക്കുന്നതിനിടെ പുറത്തായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ സ്കോർ 11-ൽ നിൽക്കേ ക്യാപ്റ്റൻ പുറത്തായി (13 പന്തിൽ 8). ഫസൽഹഖ് ഫാറൂഖിയുടെ പന്തിൽ റാഷിദ് ഖാന് ക്യാച്ച്. പിന്നാലെയെത്തിയ ഋഷഭ് പന്ത് സ്കോറിന് വേഗം കൂട്ടി. കോലിയും പന്തും ചേർന്ന് രണ്ടാംവിക്കറ്റിൽ കെട്ടിയുയർത്തിയത് 43 റൺസ്. പന്തിനെ ഏഴാം ഓവറിൽ റാഷിദ് ഖാൻ പുറത്താക്കി (11 പന്തിൽ 20). 24 പന്തിൽ 24 റൺസ് എടുത്ത കോലിയേയും റാഷിദ് ഖാൻ തന്നെ പുറത്താക്കി. പത്തോവറിൽ 79 റൺസിന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യൻ സ്കോർ. 28 പന്തിൽ മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയും ഉൾപ്പെടെ 53 റൺസ് അടിച്ചെടുത്ത സൂര്യകുമാറാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിൽ എത്തിച്ചത്. ഒൻപതാം ഓവറിൽ ക്രീസിലെത്തിയ സൂര്യ 17-ാം ഓവറിൽ മടങ്ങുമ്പോൾ സ്കോർ 150 ൽ എത്തിയിരുന്നു. ശിവം ദുബെ (7 പന്തിൽ 10) പതിവ് രീതിയിൽ വന്ന് പോയപ്പോൾ ഹാർദിക് പാണ്ഡ്യയാണ് സൂര്യകുമാറിന് മതിയായ പിന്തുണ നൽകിയത്. 24 പന്തിൽ രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും അടക്കം 32 റൺസ് ഹാർദിക്ക് സ്കോർ ചെയ്തു. ഇരുവരും ചേർന്ന് 31 പന്തിൽ 60 റൺസ് കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഖാനും ഫസൽഹഖും മൂന്ന് വീതം വിക്കറ്റെടുത്തു. മുഹമ്മദ് നബിക്ക് ഒരു വിക്കറ്റ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ സ്ഥിതി ദയനീയമായിരുന്നു. 11 ഓവർ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിലേക്ക് പതിച്ചു. അസ്മത്തുള്ള ഒമർസായ് (20 പന്തിൽ 26) ആണ് അഫ്ഗാൻ നിരയിലെ ടോപ് സ്കോറർ. ഇബ്രാഹിം സദ്രാൻ (11 പന്തിൽ 8), ഗുലാബ്ദിൻ നാഇബ് (21 പന്തിൽ 17), നജീബുള്ള സദ്രാൻ (17 പന്തിൽ 19), മുഹമ്മദ് നബി (14), റാഷിദ് ഖാൻ (6 പന്തിൽ 2), നൂർ അഹ്മദ് (12), നവീനുൽ ഹഖ് (പൂജ്യം), ഫസൽഹഖ് ഫാറൂഖി (4*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സമ്പാദ്യം. ഇന്ത്യ നൽകിയ എക്സ്ട്രാ റൺസ് (19) ആണ് അഫ്ഗാനിസ്ഥാൻ്റെ രണ്ടാം ടോപ് സ്കോർ.
ഇന്ത്യക്കുവേണ്ടി നാലോവറിൽ ഒരു മെയ്ഡൻ അടക്കം ഏഴ് റൺസ് മാത്രം വിട്ടുകൊടുത്താണ് ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്. അർഷ്ദീപ് സിങ് നാലോവറിൽ 36 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. കുൽദീപ് യാദവ് രണ്ടും രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.