അവസാന ഓവർ മെയ്ഡൻ, 5 പന്തില്‍ 4 വിക്കറ്റും ഹാട്രിക്കും! എന്താല്ലേ ,ജോര്‍ദാന്‍ ജോറാക്കിയപ്പോൾ യു എസ് കട്ടപ്പൊക!! ഇംഗ്ലണ്ടിന് 10 വിക്കറ്റ് ജയം

Date:

ട്വൻ്റി20 ക്രിക്കറ്റ് ലോകകപ്പിലെ ഞായറാഴ്ച നടന്ന സൂപ്പർ 8 മത്സരം ഇംഗ്ലണ്ടിന് പുതിയ ചരിത്രങ്ങൾ എഴുതിച്ചേർക്കാനുള്ള ദിനമായിരുന്നു.ട്വൻ്റി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ചും ഇന്ത്യയെവരെ വിറപ്പിച്ചും കന്നി ലോകകപ്പിൽ തന്നെ സൂപ്പർ എട്ട് കണ്ട ടീം യു.എസ്.എ. ആയിരുന്നു എതിരാളികൾ.എന്നാൽ, ഇംഗ്ലണ്ടിന് മുന്നിൽ അവരുടെ കാര്യം അതിദയനീയമായിരുന്നു.

ഇംഗ്ലണ്ടിന് എതിരെയുള്ള യു എസ് എ യുടെ സൂപ്പർ 8 മത്സരം ഇംഗ്ലണ്ടിന് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ മാനങ്ങൾ കൈവരിക്കാനുള്ള ഒരു വേദി മാത്രമായിരുന്നു. ബാർബഡോസിലെ പിച്ച് മോശമായിരുന്നില്ല, ദിവസവും. തരക്കേടില്ലാത്ത തുടക്കമായിരുന്നു യു എസ് എ യുടേത്.
പവർപ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 48. പതുക്കെ റൺസ് പടുത്തുയർത്തി. അങ്ങനേയെ സാദ്ധ്യമായുള്ളൂ. കാരണം, ഇംഗ്ലണ്ട് ബൗളർമാർ പിടിമുറുക്കി തുടങ്ങിയിരുന്നു. 17-ാം ഓവർ എത്തുമ്പോഴേക്കും മൂന്ന് വിക്കറ്റ് കൂടി കളഞ്ഞ് 115 – ൽ 5. പിന്നീട്, കണ്ണൊന്ന് ചിമ്മി തുറക്കുമ്പോഴേക്കും സംഭവിച്ചത് ആകെയൊരു കൂട്ടപ്പൊരിച്ചിൽ – 115 ൽ ‘ഓൾ ഔട്ട്!’ ഒരു റൺപോലും എടുക്കാനാവതെ വിക്കറ്റെല്ലാം അറിയറവെച്ചു യു എസ് എ.

18-ാം ഓവറിലെ സാം കറൻ്റെ അവസാന പന്തിൽ ഹർമീത് സിങ്ങ് വീണതോടെ എല്ലാം ശടപടേന്ന് ആയിരുന്നു – 115 – ൽ 6. പിന്നീട് 7, 8, 9, 10. എട്ടാമനായി ഇറങ്ങി റണ്ണൊന്നും എടുക്കാതെ മറുഭാഗത്ത് നിന്ന വാൻ ഷാൽക്വിക്ക് പോലും മനസ്സിലായിട്ടുണ്ടാവില്ല, എന്താണ് സംഭവിക്കുന്നതെന്ന്. പിന്നല്ലേ, നമുക്ക് !

19-ാം ഓവർ എറിയാനെത്തിയത് ക്രിസ് ജോർദാൻ. ആദ്യ പന്തിൽ കോറി ആൻഡേഴ്സൻ പുറത്ത്. അടുത്ത പന്തിൽ ‘നോ റൺ’. മൂന്നാം പന്തിൽ അലി ഖാൻ ക്ലീൻ ബൗൾഡ്. നാലാം പന്തിൽ നൊഷ്തുഷ് കെൻജിഗെ, അഞ്ചാം പന്തിൽ നേത്രവാൽക്കർ. തീർന്നു.

19-ാം ഓവറിൽ ക്രിസ് ജോർദാൻ പന്തെറിഞ്ഞത് ചരിത്രത്തിലേക്കായിരുന്നു. മെയ്ഡൻ ഓവറിലെ അഞ്ച് പന്ത്, നാലിലും വിക്കറ്റ്. ഒപ്പം ഹാട്രിക്കും. ട്വൻ്റി20
ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന എട്ടാമത്തെയും ഇംഗ്ലണ്ടിന്റെ ആദ്യത്തെയും ബൗളറായി ജോർദാൻ. 2024 ട്വൻ്റി20 ലോകകപ്പിൽ ഓസ്ത്രേലിയയുടെ പാറ്റ് കമിൻസ് (രണ്ടുവട്ടം), ജോർദാൻ എന്നിവർ മാത്രമേ ഹാട്രിക് ഉടമകളായിട്ടുള്ളൂ. ഈ കളിയിലൂടെ ട്വൻ്റി20 ലോകകപ്പിൽ ഒരോവറിൽ നാല് വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ കളിക്കാരനുമായി ജോർദാൻ. 2021- ൽ നെതർലൻഡ്സിനെതിരേ ദക്ഷിണാഫ്രിക്കയുടെ കുർത്തിസ് കാംപ്ഹറാണ് ഈ നേട്ടം കൈവരിച്ചത്.

അന്താരാഷ്ട്ര ട്വിൻ്റി20 ക്രിക്കറ്റ് ഇതിന് മുൻപ് രണ്ടേ രണ്ട് തവണയാണ് ഒരേ സ്കോറിൽ നിൽക്കേ അഞ്ച് വിക്കറ്റുകൾ കൊഴിഞ്ഞു പോകുന്നതിന് സാക്ഷ്യമായത്. 2010 – ൽ ആണ് ആദ്യത്തേത്. പാക്കിസ്ഥാനു മുന്നിൽ ഓസ്ത്രേലിയ. 191- ൽ അഞ്ച് എന്ന നിലയിലായിരുന്ന ഓസ്ത്രേലിയയുടെ അഞ്ച് വിക്കറ്റുകളും അതേ സ്കോറിലാണ് പാക്കിസ്ഥാൻ പിഴുതെടുത്തത്. മറ്റൊന്ന് കെനിയ – മാലി മത്സരം. മൂന്നാമതായി ഇപ്പോൾ ഇംഗ്ലണ്ട് – യു എസ് എ മത്സരവും ഇത്തരത്തിൽ ചരിത്രത്തിൽ ഇടം പിടിച്ചു.

ഇതിനിടയിലും ഇംഗ്ലണ്ട് പേസർ ആദിൽ റാഷിദിൻ്റെ മികവ് കാണാതിരിക്കരുത്. 4 ഓവറിൽ 13 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ ആദിലാണ് മാൻ ഓഫ് ദി മാച്ച്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 9.4 ഓവറിൽ 10 വിക്കറ്റിൻ്റെ വിജയം. ജോസ് ബട്ട്ലർ 38 പന്തിലെടുത്ത 83 റൺസ് ജയത്തിന് ആക്കം കൂട്ടി. സൾട്ട് 21 പന്തിൽ 25 റൺസ് നേടി.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....