ഗെൽസെൻകിർചെൻ: സമയത്തിൽ വിശ്വസിക്കുന്നുവെങ്കിൽ ഇംഗ്ലണ്ടിന് ഇത് ‘ബെസ്റ്റ് ടൈം’! തോൽവിയുടെ വക്കിൽ നിന്ന് അവിശ്വസനീയമാം വിധം ഇംഗ്ലണ്ട് ജയിച്ചുകയറിയത് സമയത്തിൻ്റെ ഗുണം കൊണ്ടു മാത്രം. ഇഞ്ചുറി ടൈമില്‍ സമനിലയും എക്സ്ട്രാ ടൈമിൽ നേടിയ വിജയഗോളുമായി ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് സ്ലൊവാക്യയെ കീഴടക്കി ഇംഗ്ലീഷ് പട യൂറോകപ്പ് ക്വാർട്ടറിലേക്ക് കാലെടുത്തുവെച്ചു.
ഇഞ്ചുറി ടൈമിൽ ജൂഡ് ബെല്ലിംഗ്ഹാം അധികസമയത്ത് ഹാരി കെയ്നുമാണ് ഇംഗ്ലണ്ടിൻ്റെ രക്ഷകരായത്. കളിയവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേയാണ് ഇംഗ്ലണ്ട് മടക്കിയത്. അതുവരെ ഒരു ഗോളിന് പിന്നിട്ടുനിന്ന അവർ തോൽവി ഉറപ്പിച്ചു നിന്ന സമയത്താണ് 95-ാം മിനുട്ടിൽ
ജൂഡ് ബെല്ലിംഗ്ഹാമിൻ്റെ അസാമാന്യ ഗോൾ പിറക്കുന്നത്. അത്യുഗ്രൻ ബൈസിക്കിൾ കിക്ക്. സൗത്ത് ഗേറ്റിനും സംഘത്തിനും ജീവൻ തിരിച്ചു കിട്ടിയ സമയം. മത്സരം 1-1 സമനിലയിൽ. പിന്നീട് അധികസമയത്ത് ഹാരി കെയ്ൻ്റെ ഊഴം. 2 -1. ഇംഗ്ലണ്ടിൻ്റെ വിജയസമയം തെളിഞ്ഞ നിമിഷം.
കളി തുടങ്ങി 25-ാം മിനിറ്റിൽ തന്നെ സ്ലൊവാക്യ ഇംഗ്ലണ്ട് ഗോൾ വല ചലിപ്പിച്ചിരുന്നു. ഇംഗ്ലീഷ് പടയുടെ മോശം സമയമായിരിക്കണം അപ്പോൾ! ഇവാൻ ഷ്രാൻസാണ് സ്ലൊവാക്യക്ക് വേണ്ടി ഗോൾ നേടിയത്. തുടക്കത്തിൽ തന്നെ ആക്രമണകളി പുറത്തെടുത്ത ടീമുകൾ നിരവധി ഗോളവസരങ്ങളിലൂടെയാണ് കടന്നുപോയത്. സ്ലൊവാക്യയുടെ പല കടന്നുകയറ്റങ്ങളും തടയാൻ ഇംഗ്ലീഷ് പ്രതിരോധം നന്നായി ബുദ്ധിമുട്ടി. ഫലം,
ആദ്യമെ 3 മഞ്ഞ കാർഡുകൾ കണ്ടു ഇംഗ്ലണ്ട്. മറുഭാഗത്തും സ്ലൊവാക്യൻ ബോക്സിൽ ഇംഗ്ലീഷ് പട ആക്രമണ ഭീതിയുയർത്തിയെങ്കിലും ഗോൾ അകന്നു നിന്നു. സ്ലൊവാക്യയും 2 മഞ്ഞ കാർഡുകൾ കണ്ടു. 15 മിനുട്ടിൽ 5 മഞ്ഞ കാർഡ് പുറത്തിറക്കേണ്ടി വന്നതും റെക്കാർഡാണ്. റഫറിയുടേയും കാർഡിൻ്റേയും സമയം!
ഇതിനിടയിലാണ് 25-ാം മിനിറ്റിൽ സ്ലൊവാക്യയുടെ ഗോൾ പിറക്കുന്നത്.
ഗോൾ വീണതിന് ശേഷം സൗത്ത്ഗേറ്റും സംഘവും ഉണർന്നു കളിച്ചെങ്കിലും സമയം തെളിഞ്ഞില്ലെന്നു വേണം പറയാൻ. ഗോൾ അവസരങ്ങൾ പലകുറി സൃഷ്ടിക്കപ്പെട്ടുവെങ്കിലും സ്ലൊവാക്യൻ പ്രതിരോധം ഭേദിക്കാനയില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടിനായി ഫോഡൻ സ്ലൊവാക്യൻ ഗോൾവല കുലുക്കിയതാണ്. മോശം സമയമായിരുന്നു, വാർ പരിശോധനയിൽ ഓഫ്സൈഡ്! ഗോൾ നിഷേധിച്ചു.
77-ാം മിനുട്ടിൽ ഇംഗ്ലണ്ടിന് ഒരു മികച്ച അവസരമാണ് ലഭിച്ചത്. ഇടതുവിങ്ങിൽ നിന്ന് വന്ന ഫ്രീകിക്കിൽ ഹാരി കെയ്ൻ തലവെച്ചെങ്കിലും, തലവര തെളിഞ്ഞില്ല – പന്ത് ഗോൾ പോസ്റ്റിന് പുറത്തേക്ക്. 80-ാം മിനുട്ടിൽ ഡെക്ലൻ റൈസ് തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. കളിസമയം കഴിഞ്ഞ് ലഭിച്ച ഇഞ്ചുറി ടൈമിലാണ് ഇംഗ്ലീഷ്പടയുടെയും സമയം തെളിഞ്ഞത്. ജൂഡ് ബെല്ലിംഗ്ഹാമിൻ്റെ ബൈസിക്കിൾ കിക്ക് കാണികളുടെ കണ്ണിന് കുളിർമ്മയുള്ള ഒരു അനുഭവമായിരുന്നു. സ്കോർ 1-1 എന്ന നിലയിലായതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.
എക്സ്ട്രാ സമയത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് രണ്ടാം ഗോളും നേടി. എസെ ഉതിർത്ത ഷോട്ടിൽ തലവെച്ച ഇവാൻ ടോണി ഹെഡറിലൂടെ പന്ത് ഹാരി കെയ്ന് കൈമാറി. പന്ത് നിലം തൊടുന്നതിന് മുൻപ് തന്നെ മറ്റൊരു ഹെഡറിലൂടെ കെയ്ൻ വലയിലുമിട്ടു. സൗത്ത് ഗേറ്റിൻ്റെയും സംഘത്തിൻ്റെയും വിജയസമയം!