വീട്ടാനുള്ള ഒരു കണക്കും വെച്ചിരുന്ന് ശീലമില്ല; അഡ്‌ലെയ്ഡിലെ തോൽവിക്ക് പ്രൊവിഡൻസിൽ മറുപടി : ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ് രോഹിതും സംഘവും ഫൈനലിൽ

Date:

ഗയാന: അഡ്ലെയ്ഡ് ഓവലിലെ ആ കണക്ക് പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ തീർത്തു കൊടുത്ത് ഇന്ത്യ. അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനോടേറ്റ 10 വിക്കറ്റിന്റെ തോല്‍വിക്ക് പകരം, പ്രൊവിഡൻസിൽ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ട്വൻ്റി20 ലോകകപ്പ് ഫൈനൽ പ്രവേശനം ഗംഭീരമാക്കിയത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ നേരിടുക. ടൂര്‍ണ്ണമെന്റില്‍ എല്ലാ മത്സരവും ജയിച്ചാണ് ഇന്ത്യ ഫൈനല്‍ കളിക്കാൻ എത്തുന്നത്.

2022 ൽ ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഓവലിൽ നടന്ന ട്വൻ്റി20 ലോകകപ്പ് സെമി ഫൈനലിൽ പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 169 റൺസ് 16 ഓവറിൽ മറികടന്നു. ഓപ്പണർമാരായ ജോസ് ബട്ലറും അലക്സ് ഹെയ്ൽസുമാണ് അന്ന് ഇന്ത്യയുടെ കിരീട മോഹത്തെ പൊലിച്ചത്.

2024 ആകട്ടെ, പകരത്തിന് പകരമുള്ള വേദിയാക്കി രോഹിത്തും കൂട്ടരും. അഡ്ലെയ്ഡിൽ പത്തുവിക്കറ്റിന് ജയിച്ച ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റും പ്രൊവിഡൻസിൽ തകർത്തെറിഞ്ഞു ഇന്ത്യ. അന്ന് 16 ഓവറിൽ കളി ജയിച്ച ഇംഗ്ലണ്ടിനെ 16.4 ഓവറിൽ പുറത്താക്കി കണക്കും ബാക്കി വെച്ചില്ല. അഡ്ലെയ്ഡിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നേടിയിരുന്നത് 169 റൺസായിരുന്നു. ഇവിടെ രണ്ട് റൺസ് കൂട്ടി 171 ആക്കി ഇംഗ്ലണ്ടിനെതിരെ 68 റൺസിൻ്റെ വമ്പൻ വിജയം നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്‌സ് മികവില്‍ ഏഴിന് 171 റണ്‍സെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് എറിഞ്ഞിട്ടാണ് ഫൈനലില്‍ പ്രവേശിച്ചത്.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ബുംറ രണ്ടു വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിൽ 172 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ 15 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 23 റണ്‍സോടെ കുതിപ്പിന് ശ്രമം നടത്തിയതാണ്. എന്നാല്‍ നാലാം ഓവറില്‍ അക്ഷര്‍ പട്ടേലിനെ ബൗളിങ്ങിന് വിളിച്ച രോഹിത് ശര്‍മയുടെ നീക്കം ഫലം കണ്ടു. അക്ഷറിന്റെ ആദ്യ പന്തില്‍ തന്നെ ബട്ട്‌ലര്‍ ഔട്ട്! പിന്നീട്ട് ഇംഗ്ലണ്ട് വിക്കറ്റുകൾ ഇന്ത്യൻ ബൗളന്മാർ ഒന്നൊന്നായി പിഴുതെറിയുകയായിരുന്നു. ഫില്‍ സാള്‍ട്ട് (5), ജോണി ബെയര്‍സ്‌റ്റോ (0), മോയിന്‍ അലി (8), സാം കറന്‍ (2) എന്നിവർ എന്നിവര്‍ പവർ പ്ലേ തീരും മുൻപെ കൂടാരം കയറി.

ഹാരി ബ്രൂക്കും പിടിച്ചു തൂങ്ങാൻ നോക്കിയെങ്കിലും, ശ്രമം കുല്‍ദീപ് പൊളിച്ചു. 19 പന്തില്‍ 25 റണ്‍സെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ലിയാം ലിവിങ്സ്റ്റൺ (11) റണ്ണൗട്ട്, ജോഫ്ര ആര്‍ച്ചര്‍ (21) ക്രിസ് ജോര്‍ദന്‍ (1), ആദില്‍ റഷീദ് (2) എന്നിങ്ങനെ പത്ത് വിക്കറ്റും 16.4 ഓവറിൽ പിഴുതെടുത്തു.

ഇന്ത്യയുടെ മൂന്നാമത്തെ ടി20 ലോകകപ്പ് ഫൈനലാണിത്. 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ധോണിയും കൂട്ടരും ഇന്ത്യക്ക് കിരീടം സമ്മാനിച്ചു. അഞ്ച് റൺസിനായിരുന്നു ഇന്ത്യൻ വിജയം. 2014 ൽ ബംഗ്ലാദേശിൽ നടന്ന ലോകകപ്പിൽ ഇന്ത്യ വീണ്ടും ഫൈനലിലെത്തി. അന്ന് പക്ഷേ, ശ്രീലങ്കയോട് ആറ് വിക്കറ്റിന് പരാജയം രുചിച്ചു. പത്ത് വർഷത്തിന് ശേഷം ഇന്ത്യ വീണ്ടുമൊരു ഫൈനൽ കളിക്കാനൊരുങ്ങുന്നു.

ലോകകപ്പ് ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ഇത്തവണത്തെ എതിരാളി.
ഹിറ്റ്മാൻ്റെ ആവനാഴിയിൽ ഇനിയും പുറത്തിടുക്കാതിരിക്കുന്ന പുതിയ തന്ത്രങ്ങൾ എന്തെല്ലാമായിരിക്കും – ഫൈനൽ പോരാട്ടത്തിനായി ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുകയാണ്.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...