ഇരുപതൊന്ന് വയസ്സ്. മൂന്ന് ഗ്രാൻഡ് സ്ലാം കിരീടം. അദ്ഭുത നേട്ടത്തിന്റെ നിറവിലാണ് സ്പാനിഷ് താരം കാർലോസ് അൽകാരസ്. ആദ്യ റൗണ്ടിൽ സാക്ഷാൽ റാഫേൽ നദാലും സെമി ഫൈനൽ കളിക്കും മുമ്പ് നൊവാക് ദ്യോകോവിച്ചും മടങ്ങിയ കോർട്ടിൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവിനെ അഞ്ചു സെറ്റ് നീണ്ട ക്ലാസിക് പോരാട്ടത്തിലൂടെയാണ് അൽകാരസ് മറികടന്നത്.
2022 ൽ യു.എസ് ഓപ്പണിൽ ഇടിമിന്നലായി ഗ്രാൻഡ്സ്ലാം യാത്ര തുടങ്ങിയ അൽകാരസ് കഴിഞ്ഞ വർഷം വിംബ്ൾഡണിലും കിരീടം ചൂടി. ഇതിനിടെ പരിക്കും മോശം ഫോമും കാരണം ചെറിയ ഇടവേള തീർത്തെങ്കിലും ഒട്ടും കൂസാതെ തിരിച്ചെത്തിയാണ് റൊളാങ് ഗാരോയിലെ സ്വപ്നക്കുതിപ്പ് തുടങിയത്. മൂന്നു തരം ഗ്രാൻഡ് സ്ലാം കോർട്ടുകളിൽ ഒരുപോലെ ജയിച്ച ഏഴാമത്തെ താരമായി അൽകാരസ്
14 ഗ്രാൻഡ് സ്ലാമുകളുടെ തമ്പുരാനായ പീറ്റ് സാംപ്രാസ് പോലും റൊളാങ് ഗാരോയിൽ കപ്പുയർത്തിയിട്ടില്ല. എന്നാൽ, സ്പാനിഷ് താരം 21ലെത്തുമ്പോൾ തന്നെ ഫൈനൽ കളിച്ച മൂന്ന് ഗ്രാൻഡ്സ്ലാമുകളിലും കപ്പിൽ മുത്തമിട്ടു. റോജർ ഫെഡററും നൊവാക് ദ്യോകോവിച്ചും ഇത് പൂർത്തിയാക്കാൻ പിന്നെയും വർഷങ്ങളെടുത്തിടത്താണ് അൽകാരസിൻ്റെ അസാമാന്യ മാജിക്.
‘‘കുഞ്ഞായിരിക്കെ സ്കൂളിൽനിന്ന് ഈ ടൂർണമെന്റ് കാണാൻ ഓടിയെത്തുമായിരുന്നു. ഇന്നിപ്പോൾ നിങ്ങളെല്ലാവർക്കും മുന്നിൽ ആ കിരീടം ഞാൻ തന്നെ ഉയർത്തുകയാണ്’’- മത്സര ശേഷം അൽകാരസിന്റെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകൾ.