ഹൂസ്റ്റൺ (യു.എസ്): ലോക ചാമ്പ്യന്മാരെന്ന പകിട്ട് പഴങ്കഥയാക്കിയ അർജന്റീന, കോപ അമേരിക്ക ക്വാർട്ടർ താണ്ടിയത് അതിസാഹസത്തിലൂടെ.
പതിവുപോലെ എമിലിയാനോ മാർട്ടിനെസിൻ്റെ തോളിൽ കയറിയാണ് ഇത്തവണയും ലോകഫുട്ബാൾ ജേതാക്കൾ ക്വാർട്ടർ കടമ്പ ചാടിക്കടന്നത്. കോപ അമേരിക്ക ക്വാർട്ടർ ഫൈനലിൽ പൊരുതിക്കളിച്ച എക്വഡോറിന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. 2 – 4 എന്ന സ്കോറിലാണ് ലയണൽ മെസ്സിയും കൂട്ടരും സെമിയിൽ കയറിക്കൂടിയത്. ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് കളി ടൈബ്രേക്കറിലെത്തിയത്. എതിരാളികളുടെ ആദ്യ രണ്ടു കിക്കുകൾ തടഞ്ഞിട്ട മാർട്ടിനെസ് ആണ് കളിയുടെ താരം.
കളിയുടെ 62-ാം മിനിറ്റിൽ ക്യാപ്റ്റൻ എന്നർ വലൻസിയ പാഴാക്കിയ പെനാൽറ്റിക്ക് എക്വഡോർ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിപ്പോയി.
ഷൂട്ടൗട്ടിൽ ആദ്യ കിക്ക് തന്നെ അർജന്റീനക്ക് പിഴച്ചു. ലോകതാരം മെസ്സി തൊടുത്ത കിക്ക് ക്രോസ്ബാറിനിടിച്ച് പുറത്തേക്ക് പറന്നു. എക്വഡോറിന്റെ ആദ്യകിക്ക് എയ്ഞ്ചൽ മെന എടുത്തത് തട്ടിയകറ്റി എമിലിയാനോ മാർട്ടിനെസ് മുൻതൂക്കം തടഞ്ഞു. അടുത്ത കിക്കിൽ ഹൂലിയൻ ആൽവാരസ് എക്വഡോറിന്റെ വല തുളച്ചു. എക്വഡോറിന്റെ അലൻ മിൻഡ എടുത്ത രണ്ടാം കിക്കും തട്ടിയകറ്റി മാർട്ടിനെസ് അർജന്റീനക്ക് മുൻതൂക്കം നൽകി. അലക്സിസ് മക്അലിസ്റ്ററുടെ കിക്കും എക്വഡോർ വല ഭേദിച്ചു. ജോൺ യെബോയ എക്വഡോറിനുവേണ്ടി എടുത്ത മൂന്നാം കിക്ക് അർജന്റീനൻ ഗോൾവല കടന്നു. ഗോൺസാലോ മോണ്ടിയലിന്റെ ശ്രമവും ലക്ഷ്യം കണ്ടത് അർജന്റീനക്ക് ആശ്വാസമായി. എക്വഡോറിൻ്റെ ജോർഡി കസീഡോയും അർജന്റീനൻ വല കുലുക്കി. അവസാന കിക്ക് തൊടുത്ത നിക്കോളാസ് ഒടാമെൻഡി ഗോളി അലക്സാണ്ടർ ഡൊമിൻഗ്വസിന് കബളിപ്പിച്ച് വല നിറച്ചതോടെ അർജന്റീന സെമിയിലേക്കുള്ള വഴി തുറന്നു.
35-ാം മിനിറ്റിൽ മെസ്സി തൊടുത്ത കോർണർ കിക്കിൽ നിന്ന് വന്ന പന്തിനെ അലക്സിസ് മക് അലിസ്റ്റർ ഹെഡറിലൂടെ മറിച്ചുനൽകിയപ്പോൾ ഗോൾപോസ്റ്റിനരികെ നിന്ന ലിസാൻഡ്രോ മാർട്ടിനസിനും ഒന്ന് തലവെച്ചു കൊടുക്കുകയേ വേണ്ടിയിരുന്നുള്ളൂ – 1- 0. അർജ്ജൻ്റീന വിജയം ഉറപ്പിച്ചുനിൽക്കെ, ഇഞ്ചുറി ടൈമിലാണ് അർജ്ജൻ്റീനയെ ഞെട്ടിച്ചു കൊണ്ട് കെവിൻ റോഡ്രിഗ്വസിൻ്റെ വക മറുഗോൾ. ശേഷം കളി ഷൂട്ടൗട്ടിൽ.
കളിയുടെ ആദ്യാവസാനം മികച്ച പ്രകടനം നടത്തിയത് എക്വഡോർ തന്നെയാണെന്നത് എടുത്തു പറയണം. അസാമാന്യമായ ആക്രമണങ്ങൾ അഴിച്ചു വിട്ടും പ്രതിരോധം കൊണ്ട് വഴി തടഞ്ഞും അർജൻ്റീനയുടെ കേമൻമാരെ എക്വഡോർ നിഷ്പ്രഭമാക്കുന്നതായിരുന്നു മൈതാനക്കാഴ്ച. പ്രതിരോധം തീർത്ത് അർജന്റീനൻ മുന്നേറ്റങ്ങളുടെ മുനയൊടിക്കാൻ ശ്രമിക്കുമ്പോഴും അവരുടെ ഗോൾമുഖത്ത് വിനാശത്തിൻ്റെ വിത്ത് വിതയ്ക്കാൻ എക്വഡോർ കാണിച്ച പാടവം അതിശയിപ്പിക്കുന്നതായിരുന്നു.
കളി തുടങ്ങി 14-ാം മിനിറ്റിൽ തന്നെ എക്വഡോർ നയം വ്യക്തമാക്കിയിരുന്നു. ജെറമി സാമിയെന്റോയുടെ വെടിയുണ്ട കണക്കേ ഗോൾമുഖം ലക്ഷ്യം വെച്ച് വന്ന പന്ത് ഗോളി എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തിയത് ശ്രമകരമായാണ്. ആദ്യ 20 മിനിറ്റിനിടെ മൂന്നുതവണയാണ് എക്വഡോർ അർജന്റീന വലയിലേക്ക് പന്തുപായിച്ചത്. ഈ വേളയിൽ ഒരു മുന്നേറ്റങ്ങളുടെ ഒരു മിന്നലാട്ടം പോലും അർജന്റീനയുടെ ഭാഗത്ത് നിന്നുണ്ടായില്ടവേളക്കുശേഷവും എക്വഡോർ അറച്ചു നിന്നില്ല. ഗോൾ മടക്കാനുള്ള ആവേശം അവരുടെ കാലുകൾക്ക് കൂടുതൽ ശക്തി പകർന്ന് നൽകിയിട്ടുണ്ടാവണം. അതേ സമയം അർജന്റീന ഒരു ഗോളിന്റെ ലീഡിൽ കടിച്ചു തൂങ്ങാനുള്ള ഞൊട്ടുന്യായത്തിലായിരുന്നു
ഇതിനിടെ എക്വഡോറിന് ലഭിച്ച പെനാൽറ്റി പാഴായിപ്പോയത് വലിയൊരു തിരിച്ചടിയായി അവർക്ക്. പ്രതിരോധ ശ്രമത്തിനിടയിൽ റോഡ്രിഗോ ഡി പോളിന്റെ കൈയിൽ തട്ടിയ പന്തിലാണ് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത വലൻസിയയുടെ നിലംപറ്റെയുള്ള കിക്ക് തടയാൻ ശ്രമിച്ച മാർട്ടിനെസ് ഡൈവ് ചെയ്തത് എതിർദിശയിലേക്കായിട്ടും എക്വഡോറിനത് നിർഭാഗ്യമായി. പന്ത് മറുഭാഗത്ത് പോസ്റ്റിലിടിച്ച് വഴിമാറിയത് അർജന്റീനക്ക് ഭാഗ്യവും.
പ്രതിരോധമൊരുക്കി ഒരു ഗോളിൽ സെമിയിലേക്ക് മുന്നേറാനുള്ള അർജന്റീനയുടെ നീക്കങ്ങൾ അധികം നീണ്ടുനിന്നില്ല. ഇഞ്ചുറി ടൈമിൽ വലതു വിങ്ങിൽനിന്നു പറന്നു വന്ന പന്തിനെ കെവിൻ റോഡ്രിഗ്വസ് വലയുടെ ഇടതുമൂലയിലേക്ക് പായിച്ചപ്പോൾ മാർട്ടിനെസ് നിസ്സഹനായി.