ട്വൻ്റി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 50 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. 6 പോയൻ്റോടെ ഇന്ത്യ സെമി ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനായി ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസും തന്‍സിദ് ഹൊസൈനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ മാത്രമെ ഒന്ന് പൊരുതി നോക്കിയുള്ളൂ. തന്‍സിദ് ഹസന്‍ 29ഉം റിഷാദ് ഹൊസൈൻ 24ഉം റണ്‍സെടുത്തു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം തോല്‍വിയോടെ ബംഗ്ലാദേശിന്‍റെ സെമി പ്രതീക്ഷകള്‍ മങ്ങി.
നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റണ്‍സെടുത്തു. 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും പറത്തി 50 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മാൻ ഓഫ് ദി മാച്ച്. വിരാട് കോലി(37), റിഷഭ് പന്ത്(36), ശിവം ദുബെ(34), രോഹിത് ശര്‍മ(23) എന്നിവരും മോശമാക്കിയില്ല. ബംഗ്ലാദേശിനായി റിഷാദ് ഹൊസൈനും തന്‍സിം ഹസന്‍ ഷാക്കിബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.