ട്വന്റി20 ലോകകപ്പില്‍ സൂപ്പർ 8 റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. യുഎസിനെതിരെ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റു നഷ്ടത്തിൽ 176 റൺസെടുക്കാനേ യുഎസിനു സാധിച്ചുള്ളു. 18 റൺസ് വിജയം നേടിയ ദക്ഷിണാഫ്രിക്കയ്ക്കായി
ഓപ്പണർ ക്വിന്റൻ ഡി കോക്ക് അർദ്ധസെഞ്ചറി (40 പന്തിൽ 74) നേടി.
സ്കോർ ബോർഡിൽ 16 റൺസ് എഴുതിച്ചേർക്കുന്നതിനിടെ തന്നെ ഓപ്പണർ റീസ ഹെൻറിക്സിനെ നഷ്ടമായ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ എയ്‍ഡന്‍ മാർക്രത്തിൻ്റെയും ഡിക്കോക്കിൻ്റെയും മികവിൽ 61 റൺസ് പവർപ്ലേയിൽ അടിച്ചെടുത്തു. സ്കോർ 126 ൽ നിൽക്കെ ഡികോക്കിനെ ഹർമീത് സിങ് പുറത്താക്കിയ ശേഷം വന്ന ഡേവിഡ് മില്ലർ ആദ്യ പന്തിൽ തന്നെ തിരിച്ചുകയറി. 32 പന്തിൽ 46 റൺസെടുത്ത മാർക്രവും ഹെൻറിച് ക്ലാസനും (36), ട്രിസ്റ്റൻ സ്റ്റബ്സും (20) റോൾ മോശമാക്കിയില്ല. യുഎസ് നായി സൗരഭ് നേത്രവൽക്കറും ഹർമീത് സിങ്ങും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയെ സമ്മർദത്തിലാക്കിയ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു
യുഎസ് ഓപ്പണർ ആന്ദ്രീസ് ഗൗസിൻ്റേത്. ഒരു ഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും ഗൗസ് തകർത്തു കളിച്ചു. 47 പന്തിൽ 80 റൺസ് നേടിയാണ് ഗൗസ് പുറത്തായത്. ദക്ഷിണാഫ്രിക്കക്ക് ശ്വാസം തിരിച്ചു കിട്ടിയ നിമിഷമായിരുന്നു അത്. അഞ്ചു വീതം സിക്സും ഫോറും ഗൗസിൻ്റെ ബാറ്റിൽ നിന്ന് പിറന്നു. ഗൗസിനു പുറമേ ഹർമീത് സിങ് ( 22 പന്തിൽ 38), സ്റ്റീവ് ടെയ്‍ലർ (14 പന്തിൽ 24), കോറി ആൻഡേഴ്സൻ (12 പന്തിൽ 12) എന്നിവരും യുഎസ് നിരയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. കേശവ് മഹാരാജ്, ആന്‍റിച് നോർട്യ, ടബരെയ്സ് ഷംസി എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.