ഹരാരെ: സ്പിന്നർ രവി ബിഷ്ണോയിയുടെ മികവിൽ സിംബാബ്‌വെയുടെ ഇന്നിങ്സ് 115 റൺസിൽ അവസാനിപ്പിച്ചതാണ് ഇന്ത്യ. മറുപടി ബൗളിങ്ങിൽ അതേ സ്പീഡിൽ ഇന്ത്യയേയും എറിഞ്ഞിട്ടു സിംബാവെ. ഇന്ത്യ 19.5 ഓവറിൽ 102 ന് പുറത്ത്!
115 റൺസിൽ സിംബാവെയെ പുറത്താക്കിയപ്പോൾ ‘ഈസി വാക്കോ വ’റിൽ ജയിച്ചു കയറാവുന്നതേയുണ്ടായിരുന്നുള്ളൂ ഇന്ത്യക്ക്. ഇന്ത്യൻ ബാറ്റർമാർ കരുതിയതും അതായിരിക്കണം. എന്നാൽ തങ്ങളെ എറിഞ്ഞിട്ട അതേ നാണയത്തിൽ സിംബാവയും തിരിച്ചടിച്ചപ്പോൾ ഇന്ത്യൻ യുവരത്നങ്ങൾ ഒന്നൊന്നായി കൂടാരം കയറി. 116 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യൻ യുവനിര 102 റൺസിന് പുറത്തായി. 29 പന്തിൽ 31 റൺസ് നേടിയ നായകൻ ശുഭ്മൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്.
ലോകകപ്പ് നേടിയ ടീമിലെ ആരുമില്ലാതെ, യുവനിരയുമായാണ് ഇന്ത്യ സിംബാബ്‌വെയിലെത്തിയത്. താരതമ്യേന ദുർബലരായ സിംബാബ്‌വെയെ നിസാരന്മാരായി കണ്ട ഇന്ത്യൻ താരങ്ങൾക്ക് പാടെ പിഴച്ചു. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ സിംബാബ്‌വെ ബോളർമാർ മത്സരത്തിൽ പിടിമുറുക്കുന്ന കാഴ്ചയാണ് ഹരാരെയിൽ കണ്ടത്. സിക്കന്ദർ റാസക്ക് പുറമെ ടെൻഡായ് ചതാരയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
അരങ്ങേറ്റ മത്സരത്തിനെത്തിയ ഓപ്പണർ അഭിഷേക് ശർമ, റിങ്കു സിങ്, മുകേഷ് കുമാർ എന്നിവർ സംപൂജ്യരായാണ് കൂടാരം കയറിയത്. ഋതുരാജ് ഗെയ്ക്വാദ് (7), റിയാൻ പരാഗ് (2), ധ്രുവ് ജുറേൽ (6), രവി ബിഷ്ണോയ് (9) എന്നിവർ നിരാശപ്പെടുത്തി. മധ്യനിരയിൽ പിടിച്ചുനിന്ന വാഷിങ്ടൻ സുന്ദർ (27) ഇടക്ക് ജയപ്രതീക്ഷ ഉയർത്തിയെങ്കിലും മത്സരം ഫിനിഷ് ചെയ്യാനായില്ല. വാലറ്റത്ത് ആവേശ് ഖാൻ (16) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
സിംബാബ്‌വെയുടെ ഇന്നിങ്സ് 115 റൺസിൽ അവസാനിച്ചത്. നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ബിഷ്ണോയ് പിഴുതത്. വാഷിങ്ടൺ സുന്ദർ രണ്ടും മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 29 റൺസെടുത്ത ക്ലൈവ് മദാൻഡെയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ. ടോസ് നേടിയ ഇന്ത്യ ബോളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു