ന്യൂഡൽഹി ∙ നുവാർക്കിൽനിന്ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം, ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനായി ചാർട്ടർ ചെയ്ത സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യയോട് വിശദീകരണം തേടി. ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി ചാർട്ടർ ചെയ്തതോടെ ഈ വിമാനത്തിൽ യാത്ര ചെയ്യാൻ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് അസൗകര്യം ഉണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എന്നാൽ ജൂലൈ രണ്ടിന് ഈ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാരിൽ ഭൂരിഭാഗം പേരേയും യാത്രാമാറ്റം അറിയിച്ചിരുന്നതായി വിമാനക്കമ്പനി പറയുന്നു.. യാത്ര റദ്ദാക്കിയ വിവരം അറിയാതെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർക്ക് ഡൽഹിയിലേക്ക് പോകാൻ ന്യുയോർക്കിൽനിന്ന് മറ്റൊരു വിമാനം ഏർപ്പാടാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു. നുവാർക്കിൽനിന്ന് ഇവരെ റോഡ് മാർഗം ന്യൂയോർക്കിൽ എത്തിച്ചാണ് ബദൽ യാത്രാ സംവിധാനം ഒരുക്കിയതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
മോശം കാലാവസ്ഥയെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം വ്യാഴാഴ്ച പുലർച്ചെ നാട്ടിലെത്തുമെന്നാണ് വിവരം. ഡൽഹിയിലായിരിക്കും ഇന്ത്യൻ താരങ്ങൾ വിമാനമിറങ്ങുക. ലോകകപ്പ് വിജയത്തിനു പിന്നാലെ ജൂൺ 30 നാണ് ഇന്ത്യൻ ടീം ന്യൂയോർക്ക് വഴി ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്നത്. ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കാരണം വിമാന സർവീസുകൾ റദ്ദാക്കിയതോടെ ടീം ബാർബഡോസിൽ കുടുങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ടീമിനെ തിരിച്ചെത്തിക്കാൻ ബിസിസിഐ ചാർട്ടേഡ് വിമാനം ക്രമീകരിച്ചത്.